Image

ന്യൂയോർക് സിറ്റിയിൽ കോവിഡ് വാക്സിനേഷനിൽ റെക്കോർഡ്

മീട്ടു Published on 28 February, 2021
ന്യൂയോർക് സിറ്റിയിൽ കോവിഡ് വാക്സിനേഷനിൽ  റെക്കോർഡ്
ഏഷ്യൻ അമേരിക്കക്കാർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റാലി 
വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് റിപ്പോർട്ടർമാർക്ക് കോവിഡ് പരിശോധനയ്ക്ക് ഫീസ് ചുമത്തും 

ന്യൂയോർക് നഗരത്തിൽ  കോവിഡ് -19 വാക്സിനേഷൻ റെക്കോർഡ് ഉയരത്തിലെത്തിയതായി മേയർ ഡി ബ്ലാസിയോ പറഞ്ഞു.
വെള്ളിയാഴ്ച 76,024 ഡോസുകൾ നൽകി. ഒരു ദിവസം കൊണ്ട് ഇത്രയും വിതരണം ചെയ്യാൻ സാധിച്ചെങ്കിൽ,  ആഴ്ചയിൽ അര മില്യണോ അതിൽ കൂടുതലോ വിതരണം ചെയ്യാൻ കഴിയുമെന്നുള്ള വിശ്വാസം ഡി ബ്ലാസിയോ പങ്കുവച്ചു.

സ്റ്റേറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 157,046 ഡോസുകൾ നൽകിയതായി ഗവർണർ കോമോ ശനിയാഴ്ച ഉച്ചയോടെ പറഞ്ഞു. ലഭിച്ച 4,996,800 ഡോസുകളിൽ 4,327,468 ഡോസുകൾ സംസ്ഥാനത്ത് വിതരണം ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ന്യൂയോർക്കുകാരുടെ എണ്ണം ഡിസംബർ 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
സംസ്ഥാനത്തിന്റെ ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് നവംബർ 26 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 3.18 ശതമാനത്തിൽ എത്തി..
ന്യൂയോർക്ക് നഗരത്തിലെ ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 4.08 ശതമാനമായിരുന്നു.

കൊറോണ വൈറസിൽ മൂലം  വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ 85 പേർ മരണപ്പെട്ടു.

വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് റിപ്പോർട്ടർമാർക്ക് കോവിഡ് പരിശോധനയ്ക്ക് ഫീസ് ചുമത്തും 

വാഷിംഗ്ടൺ :  വെസ്റ്റ് വിംഗിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന റിപ്പോർട്ടർമാരിൽ നിന്ന് കോവിഡ് -19 ടെസ്റ്റിംഗ് ഫീസ് എന്ന നിലയിൽ 170 ഡോളർ ഇനി മുതൽ ഏർപ്പെടുത്തും. മാധ്യമരംഗത്തു നിന്നുള്ളവരുടെ പ്രവേശനം പരിമിതപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

വൈറ്റ് ഹൗസിലെ വാർത്തകൾ പുറത്തറിയാതിരിക്കാനുള്ള പ്രസിഡന്റ് ബൈഡന്റെ ഏറ്റവും പുതിയ അടവാണിതെന്ന് വിമർശകർ പറയുന്നു.

മുൻകൂട്ടി അംഗീകാരം ലഭിച്ച  80  പത്രപ്രവർത്തകർക്ക് മാത്രമേ ബൈഡൻ ഭരണകൂടം ഒരു ദിവസത്തിൽ വൈറ്റ് ഹൗസിൽ  പ്രവേശിക്കാൻ അനുവാദം നല്കിയിരുന്നുള്ളു.ഓരോരുത്തരും 1 മണിക്കൂർ  മുമ്പ് കോവിഡ്  റാപിഡ് ടെസ്റ്റിന് വിധേയരാകണമെന്ന കടുത്ത നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നടപടി.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയത്ത് , 'ഹാർഡ് പാസ്' കൈവശമുള്ള  ഏതൊരു റിപ്പോർട്ടർക്കും എപ്പോൾ വേണമെങ്കിലും കൊറോണ വൈറസ് പരിശോധന നടത്താതെ തന്നെ വൈറ്റ് ഹൗസിൽ കടക്കാമായിരുന്നു. എന്നാൽ ചിലരിത് ദുരുപയോഗം ചെയ്തു. അതുകൊണ്ടാണ് ഇപ്പോൾ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

 സർക്കാരിന്റെ  ബജറ്റ് പരിമിതികൾ മൂലമാണ് റിപ്പോർട്ടർമാരിൽ നിന്ന് പരിശോധനാ ഫീസ് ഈടാക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യൻ അമേരിക്കക്കാർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റാലി 

ഏഷ്യൻ അമേരിക്കക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ ശനിയാഴ്ച ന്യു യോർക്ക് സിറ്റിയിലെ ലോവർ മാൻഹട്ടനിൽ അണിനിരന്നു.
വ്യാഴാഴ്ച ആക്രമം നടന്ന ഫോളി സ്‌ക്വയറിന്  സമീപമായിരുന്നു റാലി. ആക്രമണത്തിൽ, 36 വയസ്സുള്ള ഏഷ്യക്കാരന് കുത്തേറ്റിരുന്നു. സംഭവത്തെത്തുടർന്ന് കൊലപാതകശ്രമത്തിന് സൽമാൻ മുഫ്‌ലിഹിയെ (23) പോലീസ് അറസ്റ്റ് ചെയ്തു.
' ഏഷ്യക്കാരോടുള്ള വിദ്വേഷം അവസാനിപ്പിക്കുക' എന്നതായിരുന്നു അവർ പങ്കുവച്ച സന്ദേശം. ന്യൂയോർക്കിൽ മാത്രമല്ല രാജ്യത്തോട് മുഴുവനും ഇതാണ് പറയാനുള്ളതെന്നു മേയർ ഡി ബ്ലാസിയോ ജനക്കൂട്ടത്തോട് പറഞ്ഞു.
'ഏഷ്യക്കാരിൽ നല്ലൊരു ഭാഗം ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ആളുകൾ വീട് വിട്ടിറങ്ങാൻ  അക്ഷരാർത്ഥത്തിൽ ഭയപ്പെടുന്നു'  ക്വീൻസിൽ നിന്നുള്ള  കോൺഗ്രസ് അംഗവും തായ്‌വാൻ വംശജയുമായ ഗ്രേസ് മെംഗ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാതെ ഇരിക്കരുതെന്നും പറയാനുള്ളത് പറയുക തന്നെ വേണമെന്നും തങ്ങളും അമേരിക്കക്കാർ തന്നെയാണെന്നും മെംഗ് ഓർമ്മപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക