ആക്ഷന്‍ രംഗങ്ങളും ഇടിവെട്ട് ഡയലോഗുകളും മാറ്റിവെച്ച് ടി.വി അവതാരകനായി പുതിയ പരിവേഷം സൃഷ്ടിച്ച സുരേഷ് ഗോപി സൂപ്പര്‍ സംവിധായകന് ഷങ്കറിന്റെ പുതിയ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തില്‍ നായകന്റെ സന്തതസഹചാരിയുടെ വേഷത്തിലാകും മലയാളത്തിന്റെ ഈ ആക്ഷന്‍ ഹീറോ അഭിനയിക്കുക. ശിവാജി ഗണേശന്റെ മൂത്തമകനായ ജി രാംകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ഐ' എന്നാകും ചിത്രത്തിന് പേരെന്ന് ഷങ്കര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ 'തേര്‍തല്‍' എന്ന പേരാണ് പേര് പറഞ്ഞുകേട്ടിരുന്നത്
നര്‍മ്മമുഹൂര്‍ത്തങ്ങള്‍ വിതറാന്‍ വിക്രംസുരേഷ് ഗോപി ടീമിനൊപ്പം സന്താനവും ഉണ്ടാകും. അന്യന് കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. ഇടയ്ക്ക് നന്‍പനില്‍ ഹാരിസ് ജയരാജിനെ പരീക്ഷിച്ചെങ്കിലും ഷങ്കര്‍ തന്റെ പുതിയ ചിത്രത്തിലെ ഈണങ്ങള്‍ക്കായി എ.ആര്.റഹ്മാനിലേക്ക് തന്നെ മടങ്ങുകയാണ്.
ഒട്ടേറെ തമിഴ്, ബോളിവുഡ് സിനിമകള്‍ക്ക് ദൃശ്യചാരുത പകര്‍ന്ന പി.സി ശ്രീറാമായിരിക്കും ഛായാഗ്രഹണം നിര്‍വഹിക്കുക. 'മെന്‍ ഇന്‍ ബ്ലാക്ക്' ഉള്‍പ്പടെയുള്ള സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ച മേരി വോട്, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ അനില്‍ അരശിനൊപ്പം ചൈനയില്‍ നിന്ന് പീറ്റര്‍ മിങ്ങ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ജൂലായ് 15ന് ചിത്രീകരണം തുടങ്ങുന്ന ഈ മെഗാബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഓസ്കര് രവിചന്ദ്രനാണ്. ശുഭ ടീമിന്റേതാണ് തിരക്കഥ.
ഷാജികൈലാസ്രഞ്ജി പണിക്കര്‍ ടീമിന്റെ മാഫിയ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ സഹോദരനായി നായകന് തുണയായി വിക്രം അഭിനയിച്ചിരുന്നു. അതിന് ശേഷം രജപുത്രനിലും ഇരുവരും വേഷമിട്ടെങ്കിലും തമിഴില്‍ ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.