കൊല്ലം: വൃദ്ധയായ ഭര്‍തൃമാതാവിനെ മരുമകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് ഇടപെട്ടു.
പൊലീസുകാര്‍ നേരിട്ടെത്തി സംസാരിച്ചിട്ടും മരുമകള്‍ വീടിന്റെ താക്കോല്‍ കൊടുക്കാന്‍ തയാറായിട്ടില്ല. വീട് തുറന്നു നല്‍കാതെ പിന്മാറില്ലെന്ന നിലപാടുമായി സുലോചനയമ്മ ഗേറ്റിന് മുന്നില്‍ കുത്തിയിരുപ്പ് തുടരുകയാണ്.
അസുഖം മൂലം സഹോദരിയുടെ വീട്ടില്‍ രണ്ടു ദിവസം താമസിക്കാന്‍ പോയി തിരികെ എത്തിയപ്പോഴാണ് സുലോചനയമ്മ പത്തുവര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് പൂട്ടിയ നിലയില്‍ കണ്ടത്.
മരുമകളോട് താക്കോല്‍ തിരികെ ചോദിച്ചിട്ടും നല്കാന് തയാറായില്ല. പൊലീസുകാര്‍ താക്കോല്‍ തിരികെ വാങ്ങാനായി മരുമകളുടെ വീട്ടിലെത്തിയെങ്കിലും നല്‍കിയില്ല. ഇതിനു പിന്നാലെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വീടിനുള്ളില്‍ പ്രവേശിക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സുലോചനയമ്മ . കമ്മീഷനംഗം ഷാഹിദാ കമാല്‍ ഇന്നുതന്നെ സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.