Image

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ തീവ്രവാദബന്ധത്തിന് തെളിവുണ്ടെന്ന് പോലീസ്‌

Published on 20 January, 2020
കളിയിക്കാവിള കൊലപാതകം: പ്രതികളുടെ തീവ്രവാദബന്ധത്തിന് തെളിവുണ്ടെന്ന് പോലീസ്‌
തിരുവനന്തപുരം:  കളിയിക്കാവിളയില്‍ എസ്എസ്‌ഐയെ വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് പോലീസ്‌ കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികള്‍ കൊല്ലപ്പെട്ടേക്കുമെന്ന് പ്രതിഭാഗം വാദിച്ചു. ഇതോടെ കസ്റ്റഡി അപേക്ഷയിലെ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

കനത്ത സുരക്ഷയിലാണ് മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും നാഗര്‍കോവില്‍ ജില്ലാകോടതിയിലെത്തിച്ചത്. തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനുമായി 28 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൊലപാതക കുറ്റം സമ്മതിച്ചതിനൊപ്പം രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുമായി ഇരുവര്‍ക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ക്കായെത്തുന്ന അഭിഭാഷകരെ തടയുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും മധുരയില്‍ നിന്ന് അഭിഭാഷകര്‍ ഹാജരായി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ ജീവന് ഭീഷണിയുണ്ടന്നും യുഎപിഎ ചുമത്താന്‍ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതൊടെയാണ് ചൊവ്വാഴ്ച വൈകിട്ട് 3ന് വിധി പറയാന്‍ കോടതി തീരുമാനിച്ചത്. പ്രതികളെ തിരുനെല്‍വേലി ജയിലിലേക്കു മാറ്റി. പ്രതിയായ തൗഫീഖിന്റെ അമ്മ കോടതിയിലെത്തിയിരുന്നു. മകനെ പൊലീസ് വെടിവച്ച് കൊല്ലുമോയെന്ന് ഭയപ്പെടുന്നതായും അമ്മ പറഞ്ഞു. പ്രതികള്‍ക്കായി ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും സമര്‍പ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക