Image

69 ലക്ഷം തൊഴിലവസരങ്ങള്‍, ചെയ്യേണ്ടത് ട്രംപിനെ സ്വീകരിക്കല്‍; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

Published on 22 February, 2020
69 ലക്ഷം തൊഴിലവസരങ്ങള്‍, ചെയ്യേണ്ടത് ട്രംപിനെ സ്വീകരിക്കല്‍; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. തിങ്കളാഴ്ചയാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. വിമാനത്താവളത്തില്‍നിന്ന് റോഡ് ഷോ ആയാണ് ട്രംപിനെ മോട്ടേര സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ, വിമാനത്താവളത്തില്‍നിന്ന് പരിപാടി നടക്കുന്നിടം വരെ എഴുപതുലക്ഷം ആളുകള്‍ തന്നെ സ്വീകരിക്കാന്‍ എത്തിച്ചേരുമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

മോദിജി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങളില്‍ 69 ലക്ഷം അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ...വേഗം എന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇതോടൊപ്പം ഒരു പോസ്റ്ററും നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതി ജോലിക്ക് ആളുകളെ തേടുന്നു എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. 

ജോലിയെ കുറിച്ചുള്ള വിവരണത്തില്‍ നല്‍കിയിരിക്കുന്നത്- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോക്കി കൈവീശുക എന്നതാണ്. ഒഴിവുകള്‍-69ലക്ഷമെന്നും പ്രതിഫലമായി അച്ഛാദിന്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു. 24 ഫെബ്രുവരി 2020, ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍. 24 ഫെബ്രുവരി 2020, ഉച്ചയ്ക്കു 12 മണി മുതല്‍ മോട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ റോഡ് ഷോ എന്നാണ് തിയതി,സമയം,വേദി എന്നിവയ്ക്കു നേരെ നല്‍കിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക