Image

അഞ്ചു ദിവസം ബെഡ്‌റൂമില്‍ തന്നെ ഷൂട്ടിങ്ങ്‌, ഒടുവില്‍ ആ സിനിമ വേണ്ടെന്നു വച്ചു; പ്രിയാമണി

Published on 15 May, 2020
അഞ്ചു ദിവസം ബെഡ്‌റൂമില്‍ തന്നെ ഷൂട്ടിങ്ങ്‌,  ഒടുവില്‍ ആ സിനിമ വേണ്ടെന്നു വച്ചു; പ്രിയാമണി

മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ്‌ പ്രിയാമണി. മലയാളത്തിലെന്ന പോലെ തമിഴിലും തെലുങ്കിലും താരത്തിന്‌ ഏറെ ആരാധകരുണ്ട്‌. 

ബിസിനസ്‌കാരനായ മുസ്‌തഫയെ പ്രണയിച്ചു വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു പ്രിയാമണി. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും തിരികെയെത്തിയിരുന്നു.

മുമ്പ്‌ ഒരു സ്വകാര്യ ചാനലിന്‌ താരം നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്‌. ഏതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ അതു നേരത്തെ പറഞ്ഞതു പോലെ അല്ലാത്തതിനാല്‍ നിര്‍ത്തി പോകേണ്ടി വന്നിട്ടുണ്ടോഎന്നു ചോദിച്ചപ്പോഴാണ്‌ താരം അതേ കുറിച്ച്‌ തുറന്നു പറഞ്ഞത്‌. ഒന്നല്ല, രണ്ടു സിനിമകളില്‍ അങ്ങനെ ഇടയ്‌ക്കു വച്ചു നിര്‍ത്തി പോരേണ്ടി വന്നിട്ടുണ്ടെന്ന്‌ താരം പറഞ്ഞു. 

ആദ്യത്തെ സിനിമയില്‍ എനിക്കൊപ്പം വിമലയും ഉണ്ടായിരുന്നു. അവര്‍ പറയുന്നതൊന്ന്‌, ഷൂട്ട്‌ ചെയ്യുന്നത്‌ വേറൊന്ന്‌. ഞങ്ങള്‍ക്ക്‌ ഒന്നും മനസിലായില്ല. എന്തൊക്കെയോ ചെയ്യുന്നു. ആരുടേയും കഥാപാത്രങ്ങള്‍ സ്റ്റേബിളല്ല. ഞാന്‍ ഇനി ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന്‌ മാനേജരോടു പറഞ്ഞു. അപ്പോള്‍ ഡയറക്‌ടറെ മാറ്റി വീണ്ടും ഷൂട്ട്‌ ചെയ്യാം എന്ന്‌ മാനേജര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

ഏതായാലും പിന്നീട്‌ ആ സിനിമ ഷൂട്ട്‌ ചെയ്‌തില്ല. പിന്നെ ഞങ്ങള്‍ വേറൊരു സിനിമ ചെയ്‌തു. അഞ്ചു ദിവസവും ബെഡ്‌റൂമില്‍ തന്നെ ഷൂട്ട്‌. ഞാനും നായകനും കുട്ടിയും ബെഡ്‌റൂമില്‍ തന്നെ അഞ്ചു ദിവസവും ഷൂട്ടിങ്ങ്‌.
 അതിനു ശേഷം എന്തു വേണമെന്ന്‌ സംവിധായകന്‌ അറിയില്ല. 

അതൊരു ഹൊറര്‍ ചിത്രമായിരുന്നു. അതിനു ശേഷമുള്ള സീനുകള്‍ ഷൂട്ട്‌ ചെയ്യുന്ന കാര്യത്തില്‍ സംവിധായകന്‌ ഒരു ഉറപ്പില്ലായിരുന്നു. അതുകൊണ്ട്‌ ആ സിനിമയും ഞാന്‍ നിര്‍ത്തിയെന്ന്‌ പ്രിയാമണി പറഞ്ഞു.

മലയാളത്തിന്റെ യൂത്ത്‌ ഐക്കണ്‍ പൃഥ്വിരാജ്‌ നായകനായി വിനയന്‍ സംവിധാനം ചെയ്‌ത സത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ്‌ പ്രിയാമണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്‌. പിന്നീടിങ്ങോട്ട്‌ മലയാളത്തില്‍ പ്രിയാമണി അഭിനയിച്ച സിനിമകളിലേറെയും ഹിറ്റായിരുന്നു.

 തമിഴില്‍ 2006ല്‍ കാര്‍ത്തിക്കൊപ്പം അഭിനയിച്ച പ്രിയാമണിയെ തേടി ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും എത്തി. അഭിനയത്തിനു പുറമേ, നൃത്തം, മോഡലിങ്ങ്‌ എന്നിവയിലും പ്രിയാമണി തിളങ്ങിയിട്ടുണ്ട്‌.
അച്ഛന്‍ തമിഴനും അമ്മ മലയാളിയുമായ പ്രിയാമണി പ്രശസ്‌ത ബോളിവുഡ്‌ താരം വിദ്യാബാലന്റെ ബന്ധു കൂടിയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക