തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്.