"The Twilight Zone' എന്ന പേരില്‍ ഒരു പഴയ ടെലിവിഷന്‍ ഷോയുണ്ട്. അല്പം അന്ധവിശ്വാസവും, സയന്‍സും, കോമഡിയുമെല്ലാംകൂടി കലര്‍ന്ന, ഭീതി ജനിപ്പിക്കുന്ന കഥകള്‍- പെട്ടെന്നൊരു ദിവസം, അപരിചിതമായ ഒരു ലോകത്തിലേക്ക് ഒരു മനുഷ്യന് വലിച്ചെറിയപ്പെടുന്നു- അവിടെ സംഭവിക്കുന്നതൊന്നും അയാള്‍ക്ക് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒന്നുകില്‍ അനേക വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലം- അല്ലെങ്കില്‍ വിദൂര ഭാവിയിലുള്ള ഒരു ലോകം. ഒരു "സര്പ്പറയിസോടു'കൂടിയാണ് കഥകള്‍ അവസാനിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പുള്ള ലോകം എത്ര പെട്ടെന്നാണ് കീഴ്മേല്‍ മറിഞ്ഞത്. 'കൊറോണ' എന്ന മഹാവ്യാഥിയുടെ നീരാളിപ്പിടുത്തം, ഒന്നോ രണ്ടോ വ്യക്തികളേയോ, രാജ്യങ്ങളേയോ മാത്രമല്ല, ഈ ഭൂലോകത്തെ മൊത്തം മാറ്റിമറിച്ചുകളഞ്ഞു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാമെല്ലാം എങ്ങോ പോയി മറഞ്ഞു.
എവിടെത്തിരിഞ്ഞാലും മുഖമില്ലാത്ത മനുഷ്യര്‍- ഭയാനകത തളംകെട്ടി നില്ക്കുന്ന അന്തരീക്ഷം- ആകപ്പാടെ ഒരു മരവിപ്പ്, ഒരു ബോറടി-
അല്ലെങ്കില്‍ എന്തെല്ലാം പരിപാടികളാണ് ഓരോ സമ്മറിലും അമേരിക്കന്‍ മലയാളികളെ തേടിവരുന്നത്. "സ്റ്റാര്‍ നൈറ്റ്' എന്ന പേരില്‍ അറുബോറന്‍ പ്രോഗ്രാമുകളുമായി, കേരളത്തില്‍ നിന്നും സംഘം സംഘമായി എത്തിച്ചേരുന്ന താരങ്ങളുടെ നീണ്ടനിര- ഈ പരിപാടികള്‍ ഏറ്റു നടത്തുന്ന സംഘടനകളുടെ വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന പിരിവുകള്‍. ഈ പിരിവുകാരുടെ മണിയടി (ഡോര്‍ബെല്‍) കേള്‍ക്കുന്നത് എത്ര കര്‍ണ്ണാനന്ദകരമായിരുന്നു.
ആപ്പിള്‍ പിക്കിംഗ്, പിക്നിക്ക്, അറ്റ്ലാന്റിക് സിറ്റി, സിഡിനി വേള്‍ഡ്. ചൈനാ ടൂര്‍, ഇസ്രയേല്‍ യാത്ര, ബാക്ക് യാര്‍ഡ് ബാര്‍ബിക്യു പാര്‍ട്ടികള്‍- എന്നാലും ഇതൊരു വല്ലാത്ത എടപാടായിപ്പോയി.
എന്നാല്‍ "കൊറോണ'യല്ല, കൊറോണയുടെ തന്ത വന്നാലും ഒരു കാരണവശാലും മാറ്റിവെയ്ക്കാത്ത ചില പരിപാടികളുണ്ട്- അതാണ് ഫൊക്കാന- ഫോമ ഇലക്ഷനും, കണ്‍വന്‍ഷനും. ഈ തിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ തന്നെ നടത്തിയില്ലെങ്കില്‍ അമേരിക്കന്‍ മലയാളികളുടെ കാര്യം വളരെ കഷ്ടത്തിലാകും.
ഈ "കൊറോണ' കാലത്ത് എത്രയെത്ര ജനോപകാരപ്രദമായ കാര്യങ്ങളാണ് അവര്‍ നടത്തിയത്. ടെലി കോണ്‍ഫറന്‍സ്, വെബിനാര്‍, സൂം -കോണ്‍ഫറന്‍സ്- ഇതില്‍ നാട്ടില്‍ തേരാപാരാ നടക്കുന്ന സകല രാഷ്ട്രീയ നേതാക്കന്മാരേയും ഉള്‍പ്പെടുത്തി ഫൊക്കാനയുടേയും ഫോമയുടേയും നേതാക്കന്മാരുടെ നിരന്തര പരിശ്രമങ്ങള്‍കൊണ്ടും, സമ്മര്‍ദ്ദങ്ങളും കൊണ്ട് എത്രയെത്ര ഫ്ളൈറ്റുകളാണ് ദിനംപ്രതി ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും പറന്നുയരുന്നത്. വിമാനത്തിന്റെ ഇരമ്പലുകൊണ്ട് പലരുടേയും ചെവിയുടെ ഫിലമെന്റ് അടിച്ചുപോയെന്നാണ് കേള്‍ക്കുന്നത്.
അതുകൊണ്ട് എന്തു ത്യാഗം സഹിച്ചാണെങ്കിലും, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഫൊക്കാന- ഫോമ ഇലക്ഷനുകള്‍ നടത്തണം- അമേരിക്കന്‍ മലയാളികളെ നയിക്കണം- രക്ഷിക്കണം.
'ഫോമ' എന്ന സംഘടന പിറവിയെടുത്തിട്ട് അധികകാലം ആയിട്ടില്ലാത്തതിനാലായിരിക്കാം, അവര്‍ തത്കാലം സംഗതി ഒരു "മിനി' കണ്‍വന്‍ഷനില്‍ ഒതുക്കാമെന്നു കരുതിയത്. കണ്വന്ഷന് കപ്പലില്‍ നടത്താനാണ് ആദ്യം ഭാരവാഹികള്‍ തീരുമാനിച്ചത്. അന്നേ ചിലര്‍ കുത്തിത്തിരിപ്പ് തുടങ്ങിയതാണ്. വെള്ളിയാഴ്ച വൈകുന്നേരം ഒത്തുചേരല്‍ (ആ പരിപാടി കലക്കും), ശനിയാഴ്ച ജനറല്‍ബോഡിയും, തിരഞ്ഞെടുപ്പും, വൈകുന്നേരം ബാങ്ക്വറ്റ്, ഞായറാഴ്ച അടിച്ചുപിരിയല്‍.
കഴിഞ്ഞ "ഫൊക്കാന' തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തുടങ്ങിയതാണ് പാരവെയ്പ്. ഇപ്പോള്‍ ഇലക്ഷനും കണ്‍വന്‍ഷനും നടത്തുമെന്നു ഒരു കൂട്ടര്. എന്തു വിലകൊടുത്തും തടയുമെന്നു മറ്റേ കൂട്ടര്.
തുടക്കത്തില്‍ "ഫൊക്കാന' കണ്വന്ഷന് എന്നു പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു മാമാങ്കംതന്നെ ആയിരുന്നു. അയ്യായിരത്തിലേറെ മലയാളികള്‍ ഒരു കുടക്കീഴില്- ഇണക്കവും, പിണക്കവും, പരാതിയും, പരിഭവവും- രണ്ടു വര്‍ഷത്തിനുശേഷം 'വീണ്ടും കാണാം' എന്ന സ്നേഹവാക്കുകളോടെ യാത്രപറച്ചില്‍ !
സത്യത്തില്‍ രണ്ടുവര്‍ഷത്തെ ഓടിനടപ്പിനുശേഷം ഭാരവാഹികള്‍ക്ക്, പ്രത്യേകിച്ച് പ്രസിഡന്റിനു ഏറ്റവും അധികം ഷൈന്‍ ചെയ്യാന്‍ പറ്റിയൊരു വേദിയായിരുന്നു ബാങ്ക്വറ്റ് നൈറ്റും, സമാപന സമ്മേളനവും.
ഒരിക്കലും തങ്ങളുടെ സ്ഥാനം നഷ്ടപ്പെടരുത് എന്നു വാശിപിടിക്കുന്ന കുറെ നേതാക്കന്മാര് തന്നെയാണ് ഇത്തരം സംഘടനകളുടെ അന്തകരും - അതിന് അവര്‍ കണ്ടുപിടിച്ച വഴിക്ക് "അധികാര വികേന്ദ്രീകരണം' എന്നു വേണമെങ്കില്‍ പറായാം- അതിന്റെ നാള്‍വഴികള്‍ ഇങ്ങനെ:
ആദ്യം പ്രസിഡന്റും, കമ്മിറ്റി മെമ്പേഴ്സും മാത്രം-
പിന്നെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്
ബൈലോ കമ്മിറ്റി
അഡൈ്വസറി ബോര്‍ഡ്
ജുഡീഷ്യല്‍ കമ്മിറ്റി
കണ്വന്ഷന് കമ്മിറ്റി
ഇലക്ഷന് കമ്മീഷണര്‍മാര്‍-
അങ്ങനെ എത്രയെത്ര കമ്മിറ്റികള്‍, എത്രയെത്ര ചെയര്മാന്മാര്-
പോരെങ്കില്‍ പ്രത്യേക വനിതാ വിഭാഗവും, യൂത്ത് കമ്മിറ്റിയുമുണ്ട്.
'കൊറോണ' അവിടെക്കിടക്കട്ടെ;
കാര്യങ്ങള്‍ ഞെരിപ്പായി നടക്കട്ടെ-
ആര് ജയിച്ചാലും തോറ്റാലും നമുക്ക് കോടതികള്‍ ഉണ്ടല്ലോ അന്തിമ വിധി പറയാന്‍- കുറച്ചു കാശു പോയാലെന്താ? പാവംപിടിച്ച സ്പോണ്‍സര്‍മാരെ പറഞ്ഞു പറ്റിച്ചുണ്ടാക്കുന്ന പണമല്ലേ!
ഒടുവില്കിട്ടിയത്: പല സ്ഥാനാര്‍ത്ഥികളും സോഷ്യല്‍ മീഡിയ വഴി, പ്രത്യേകിച്ച് ഫേസ്ബുക്ക് വഴി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ചില സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍ പുഷ്പഹാരം കൊണ്ട് അലങ്കരിച്ചുട്ടുണ്ട്. ആദ്യമിതു കണ്ടപ്പോള്‍ ഞാനൊന്നു ഞെട്ടി- കര്‍ത്താവേ ! കൊറോണ മൂലം ഒരാള്‍കൂടി......