ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2020 'ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്.
സബ്ജൂണിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോംഗ്, ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോംഗ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നീ മത്സരങ്ങളാണ് ഇത്തവണ നടത്തപ്പെടുന്നത്. മത്സരയിനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപ്രകാരമുള്ള വീഡിയോകള്‍ അയച്ച് തരേണ്ടതാണ്. അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 മത്സരാര്‍ഥികള്‍ ഓണ്‍ലൈനിലൂടെ ലൈവ് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.
www.nrithanjali.com എന്ന നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷന് ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും മൂല്യനിര്‍ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷന് സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷന്റെ കാലാവധി നവംബര്‍ 15 വരെയാണ്.
4 ഇനങ്ങളിലോ അതില്‍ കൂടുതലോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രജിസ്ട്രേഷന് ഫീസില്‍ 10% ഡിസ്കൗണ്ട് ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് എലൈറ്റ് ഫുഡ്സ് അയര്‍ലന്‍ഡ് നല്കുന്ന പ്രത്യേക സമ്മാനവും ലഭിക്കും.
മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്ക് : King Kumar Vijayarajan - 0872365378, Silvia 0877739792
Sajesh Sudarsanan - 0833715000
റിപ്പോര്‍ട്ട് :ജെയ്സണ്‍ കിഴക്കയില്‍