റിയാദ്: സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാര്‍ച്ച് അവസാനം മുതല്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റിയാദ് കേളി കലാ സാംസ്കാരികവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു മാസമായി തുടര്‍ന്നുവരുന്ന സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും പ്രതിവാരം രണ്ടു വീതമായിരുന്നു. തെക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സര്‍വീസുകളാണ് മാര്‍ച്ച് 24 മുതല്‍ നിര്‍ത്തലാക്കാന്‍ സൗദി എയര്‍ലൈന്‍സ് തീരുമാനിച്ചിരിക്കുന്നത്. സര്‍വീസുകള്‍ തുടരണമെന്നാവശ്യപ്പെട്ടു സൗദി എയര്ലൈന്സിനുമേല് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. തിരുവനന്തപുരത്തിനു പകരം ഏതെങ്കിലും വടക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിനു സര്‍വീസ് അനുവദിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. സര്‍വീസ് നിര്‍ത്തലാക്കുന്നത് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഏറെ അസൗകര്യങ്ങളുണ്ടാക്കുമെന്നതില് സംശയമില്ല. കേരള സര്‍ക്കാരിനും നോര്‍ക്ക വകുപ്പിനും കേന്ദ്ര വ്യോമയാന വകുപ്പിനും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ക്കും ഇതു സംബന്ധിച്ചു നിവേദനം നല്‍കിയിട്ടുണ്ടെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂര്‍ പറഞ്ഞു.
എയര്‍ ഇന്ത്യയെ അപേക്ഷിച്ച് സമയക്ലിപ്തതയിലും മറ്റു സേവനങ്ങളിലും സൗദി എയര്‍ലൈന്‍സ് വളരെ മുന്നിലാണെന്നതുകൊണ്ടുതന്നെ കൂടുതല്‍ യാത്രക്കാരും സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിവരുന്നത്. റിയാദിലും ജിദ്ദയിലുമുള്ള പ്രവാസി മലയാളി സംഘടനകളും സര്‍വീസ് നിര്‍ത്തലാക്കുന്നതിനെതിരെ രംഗത്തുവന്നു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍