ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ടോം ജേക്കബ് (പ്രസിഡന്റ്), ബെന്നി കുടിലില്‍ (വൈസ് പ്രസിഡന്റ്), ഷാജി വര്‍ക്കി (ജനറല്‍ സെക്രട്ടറി), സജി മാത്യു (ജോയിന്റ് സെക്രട്ടറി), ജീവന് തോമസ് (ട്രഷറര്‍), തോംസണ്‍ വര്‍ഗീസ് (ജോയിന്റ് ട്രഷറര്‍), സന്തോഷ് ജേക്കബ് പുത്തേട്ട് , ജയ് ചെറിയാന് (ആര്‍ട്സ് സെക്രട്ടറിമാര്‍ ), ജോര്‍ജ് തോമസ് ( റെജി മണിയാലില്‍ ), ജോബിറ്റ് തോമസ് (സ്പോര്‍ട്സ് സെക്രട്ടറിമാര്‍ ) എന്നിവരേയും മനോജ് മാത്യു കുറുമ്പനാടം , റോണി ജെ മാണി ,സുനില്‍ തോമസ് , ബോബി സൈമണ്‍ ,സാംസണ് സാമുവേല്‍, പി.ഐ.ജോസഫ് ,ബിജു പപ്പാറില്‍,റെജി തോമസ് ,ജോസ് കാപ്പില്‍,രാജേഷ് നായര്‍ എന്നിവരടങ്ങുന്ന 23 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും മറ്റു അസോസിയേഷനുകളില്‍ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മിറ്റി.
തുടര്‍ന്നു ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം ചേര്‍ന്ന് 2019 വര്‍ഷത്തേക്കുള്ള ബ്രിസ്കയുടെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയാറാക്കി . ബ്രിസ്ക അംഗങ്ങള്‍ സൗകര്യാര്‍ഥം അവധിയും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിനായി പരിപാടികളുടെ നിശ്ചിത തീയതികളും തീരുമാനിച്ചു . ഇതനുസരിച്ചു ആദ്യത്തെ പ്രധാന പരിപാടിയായ “ സര്‍ഗോത്സവം “ ഏപ്രില്‍ 13 ന് (ശനി) സൗത്തമേഡ് കമ്യൂണിറ്റി സെന്ററില്‍ നടക്കും. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 18 നു ഈസ്റ്റേണ്‍ ലഷെര്‍ സെന്ററിലും ഫാമിലി ബാര്‍ബിക്യൂവും സ്പോര്‍ട്സ് ഡേ ജൂലൈ 13 നു സ്റ്റെപ്പില്‍ഹില്‍ പേജ് പാര്‍ക്കിലും നടക്കും. ഓണാഘോഷത്തിന്റെ തുടക്കമായുള്ള “ഓണം ഗെയിംസ് “ ഓഗസ്റ്റ് 31 നാണ്. അന്നേദിവസം സൗത്തമേട് കമ്മ്യൂണിറ്റി സെന്ററില്‍ നാടന്‍ കളികള്‍ ഉള്‍പ്പെടുന്ന വിവിധ തരം മത്സരങ്ങള്‍ അരങ്ങേറും . ഓണസദ്യയും കലാപരിപാടികളും സെപ്റ്റംബര്‍ 21 ന് (ശനി) ഗ്രീന്‍വേ സെന്ററില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 9 വരെ നടക്കും.
ഒരു പുതിയ തുടക്കമെന്ന നിലയില്‍ മുന്‍വര്‍ഷങ്ങളിലെ പരിപാടികള്‍ക്കുപരിയായി ഈ വര്‍ഷം ബ്രിസ്റ്റോളിലെ വിവിധ സ്ഥലങ്ങളില്‍ “ കുടുംബ വിനോദ സായാഹ്നങ്ങള്‍ “ സംഘടിപ്പിക്കും . വളരെ ലളിതവും എന്നാല്‍ പ്രയോജനപ്രദവുമായ പരിപാടിയുടെ ആരംഭം കുറിക്കുന്നത് ഫിഷ്പോണ്ടിലും സൗത്തമേഡ് ലുമാണ് . മാര്‍ച്ച് 9 നു ഫിഷ്പോന്‍ഡ്സ് സെന്റ് ജോസഫ്സ് ഹാളിലും മേയ് 4 നു സൗത്തമേട് കമ്യൂണിറ്റി സെന്ററിലുമാണ് കുടുംബവിനോദ സായാഹ്നങ്ങള്‍ അരങ്ങേറുക.