ഭോപ്പാല്‍: പശു സംരക്ഷകരെന്ന പേരിലെത്തിയ സംഘം മുസ്ലിം
യുവാക്കളെ വാഹനത്തില്‍ നിന്നിറക്കി മരത്തില്‍ കെട്ടിയിട്ട് അടിച്ചവശരാക്കി. രണ്ടു
യുവാക്കളെയും ഒരു യുവതിയെയും മര്‍ദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാന്‍
നിര്‍ബന്ധിച്ചുകൊണ്ടാണ് മര്‍ദ്ദിച്ചത്. മരത്തിലും വൈദ്യുതി തൂണിലും കെട്ടിയിട്ട്
ഏറെ നേരം മര്‍ദ്ദിച്ച അക്രമികള്‍ യുവതിയെയും കൈയ്യേറ്റം
ചെയ്തു.
മുസ്ലിം യുവാവിനെ കൊണ്ട് യുവതിയെ അടിക്കാന്‍ നിര്‍ബന്ധിച്ചു.
ഓട്ടോയില്‍ യാത്ര ചെയ്യവെയാണ് മൂന്നു പേരെയും ഒരു സംഘം തടഞ്ഞതും ഇറക്കി
മര്‍ദ്ദിച്ചതും. ഇവരുടെ കൈയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞതെന്ന്
ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം.
യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ പോലീസ്
കേസെടുത്തു. മൂന്നു പേര് അറസ്റ്റിലായി. വീഡിയോയില്‍ കാണുന്ന ഒരാള്‍ ഭോപ്പാലില്‍
ബിജെപി സ്ഥാനാര്‍ഥി പ്രഗ്യസിങ് താക്കൂറിനൊപ്പം നില്ക്കുന്ന ഫോട്ടോയും
പുറത്തുവന്നിട്ടുണ്ട്.
യുവാക്കളെയും യുവതിയെയും
മര്ദ്ദിക്കുമ്പോഴെല്ലാം ജനങ്ങള്‍ ചുറ്റും നോക്കി നില്‍ക്കുകയായിരുന്നു. മോദിക്ക്
വോട്ട് ചെയ്തവര്‍ മുസ്ലിംകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇതില്‍
നിന്ന് വ്യക്തമാകുന്നുണ്ടെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ശ്രീരാമ സേനാ പ്രവര്‍ത്തകരാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട്
ചെയ്തു.