അന്ന് എനിക്കിത്ര വയസ്സായിട്ടില്ലായിരുന്നുവെങ്കിലും ചിത്ര ചെറുപ്പമായിരുന്നു! സിന്ധുഭൈരവിയിലെ 'പാടറിയേന്‍ പഠിപ്പറിയേ'നും നഖക്ഷതങ്ങളിലെ 'മഞ്ഞള്‍പ്രസാദ'ത്തിനും ദേശീയപുരസ്കാരം 1986 ലും 87 ലും തുടര്‍ച്ചയായി നേടിയതിനുശേഷം 89 ല്‍ വീണ്ടും വൈശാലിയിലെ 'ഇന്ദുപുഷ്പ'ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ടു രണ്ടു വര്‍ത്തമാനം പറയാന്‍ ഇനിയും വൈകുന്നത് നീതികേടാണെന്ന് തോന്നി. ഒരു വിദേശ ഇംഗ്ലീഷ് മാദ്ധ്യമ ഗ്രൂപ്പ് ചിത്രയുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രീലാന്‍സര്‍മാര്‍ക്ക് നല്ല പ്രതിഫലം കൊടുക്കുന്ന, ധാരാളം ഫീച്ചറുകള്‍ പതിവായി അച്ചടിക്കുന്ന ഒരു ദിനപത്രം!
യേശുദാസ്, ജയചന്ദ്രന് മുതലായവരെയൊക്കെ കണ്ടു സംസാരിച്ചു വിദേശ മാദ്ധ്യമങ്ങളില്‍ എഴുതിയ ആളാണെന്നു അറിയിച്ചപ്പോള്‍, കൂടുതല്‍ ചോദ്യങ്ങളും തെളിവെടുപ്പുകളൊന്നും ഇല്ലാതെ ചിത്രയുടെ ഓഫീസ് മേനേജര്‍ എനിക്ക് സമയം അനുവദിച്ചു. ചിത്ര ഒരു സൗത്ത് ഇന്ത്യന്‍ സെന്സേഷന് ആയി കത്തിക്കയറി നില്ക്കുന്ന സമയമായിരുന്നു അത്. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളില്‍ തിരക്കോടു തിരക്ക്. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോര്‍ഡിങ്! അതിന്റെ ഇടവേളകളിലാണ് ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയില്‍ ചെല്ലാന്‍ എനിക്ക് അപ്പോയന്റ്മെന്റ് ലഭിച്ചത്.
സാലിഗ്രാമത്തില്‍ തന്നെയുള്ള പ്രസാദ് സ്റ്റുഡിയോയിലാണ് അന്ന് ഉച്ചയ്ക്കു ശേഷം റെക്കോര്‍ഡിങ്ങെന്നും ഊണിനു ശേഷം അങ്ങോട്ടു പോകുന്നതിനു മുമ്പുള്ള സമയമാണ് എന്റേതെന്നും മേനേജര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഞാന്‍ ചിത്രയുടെ വീട്ടില്‍ എത്തിയിരിക്കണം എന്നായിരുന്നു നിബന്ധന. നാഗത്തമ്മന്‍ കോവിലിനടുത്താണ് വീട്, അവിടെയെത്തിയാല്‍ ആരോടെങ്കിലും ചോദിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. താമസിച്ചിരുന്ന വടപളനിയിലെ ഹോട്ടലില്‍ നിന്നുതന്നെ നേരത്തെ ഊണു കഴിച്ച്, പന്ത്രണ്ടരക്ക് ഞങ്ങള്‍ സാലിഗ്രാമത്തിലെ നാഗത്തമ്മന്‍ ക്ഷേത്രത്തിനു മുന്നിലെത്തി. ആ കോവിലില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞു വരുന്ന ഒരു തമിഴന് ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു.
എന്റെ ചോദ്യം ആ ഭക്തന് 'സെരിയാ പുരിയാതെ' വന്നപ്പോള്‍, കൂടെയുണ്ടായിരുന്ന എന്റെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് തമിഴും ഇംഗ്ലീഷും മലയാളവും വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്ത വിധം കലര്‍ത്തിയ 'തങ്കയാളത്തില്' ഒരു കീച്ചുകീച്ചി!
ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ഭക്തനോട് ചോദിച്ചത്, 'സൗത്ത് ഇന്ത്യാവിന്‍ അരുമയാന വാനമ്പാടി, three-time best female playback singer national award winner, കേരളത്തിന്റെ അഭിമാനം മുതലായ സ്ഥാനങ്ങളൊക്കെ ഉണ്ടായിട്ടുകൂടി താങ്കള്‍ക്ക് ചിത്രയെ അറിയില്ലായെന്നാണോ' എന്നാണെന്ന് എനിക്കു മനസ്സിലായെങ്കിലും, ഭാഷകള്‍ മൂന്നും മിക്സിയില്‍ ഇട്ട് അടിച്ച് ചോദിച്ചതിനാല്‍, പാവം ഭക്തന് ഒന്നും 'പുരിയാതെ' അന്തംവിട്ട് നില്‍ക്കുകയായിരുന്നു!
ഫോട്ടോഗ്രാഫര്‍ സുഹൃത്തിന്റെ തങ്കയാളം കേട്ട ഷോക്കില്‍ നിന്ന് അല്‍പ്പം മുക്തനായപ്പോള്‍ എന്റെ ചങ്ങാതിയെ ചൂണ്ടി, ഏറെ ഭവ്യതയോടെ ഭക്തന് എന്നോടു പറഞ്ഞു, 'ഇന്ത സാറ് സൊന്നത് എനക്ക് കൊഞ്ചംകൂടി പുരിയിലൈ' എന്ന്! ഏതു കാലത്തും ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു ഭാഷാപ്രാവീണ്യം ഒന്നു വേറെത്തന്നെയാണ്! ശരി, ഞാന്‍ തന്നെ ഭക്തനോട് ഒരിക്കല്‍കൂടി 'വിളക്കമാ കേള്‍ക്കാന്‍' തീരുമാനിച്ചു.
'പാടകി ചിത്രാവെ തെരിയാതാ? അവര്‍ റൊമ്പം ഫൈമസ്,' ഞാന്‍ ഭക്തനോട് സൗമ്യമായി ചോദിച്ചു. ആദ്യം 'പാടകി' (പാട്ടുകാരി) എന്നു ചേര്ക്കാതെയല്ലേ ചിത്രയുടെ പേര് പറഞ്ഞത്! ഒരാഴ്ചയോളം ചിത്രയായിരുന്നല്ലൊ മനസ്സു നിറയേ, അപ്പോയന്റ്മെന്റ് എടുക്കലും, അവരുടെ പാട്ടുകളുടെ കണക്കെടുപ്പും, ചോദ്യങ്ങള്‍ ഉണ്ടാക്കലും മറ്റുമായിട്ട്! പാട്ടുകാരി എന്ന ടൈറ്റില്‍ ചേര്ത്തിട്ടല്ലല്ലൊ ചിത്രയെന്ന് ചിന്തിച്ചിരുന്നത്! പാടകി ചേര്‍ത്തു ചിത്രയെന്നു കേട്ടപ്പോള്‍ ഭക്തന്റെ ബതില് വന്നത് തൊടുത്തു വിട്ട ശരം പോലെയായിരുന്നു!
'ചിന്നക്കുയില്‍ ചിത്രാവാ...?' ഭക്തന് ത്രില്ലടിച്ചു എന്നോടു 'കേട്ടു'. 'അതെ, 'അന്ത ചിത്ര താന്‍' എന്നു ഞാന്‍ മറുപടിയും കൊടുത്തു.
ഉടനെ ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെയുള്ള ഒരു ജങ്ഷന് ഭക്തന് ചൂണ്ടിക്കാണിച്ചു.
'ഇന്ത സന്തില്‍ നിന്‍ട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താന് പാര്‍വൈയില്‍ മുടിച്ച അഴകാന കെട്ടിടം ഒണ്ട്രു പാക്ക മുടിയും. അതു താന്‍ അവര്‍ വസതി,' ഭക്തന്റെ വിവരണം സ്ഫടികം പോലെ വ്യക്തം! ഭക്തനോട് നന്ട്രി സൊല്ലി, കവലയിലേക്കു നീങ്ങി, മലയാളി സ്റ്റൈലില്‍ നിര്‍മ്മിച്ച വീടു തേടുന്നതിനിടയില്‍, ഫോട്ടോഗ്രാഫര്‍ ചോദിച്ചു, 'ഈ ചിന്നക്കുയില്‍ വിശേഷണം എന്തിനാ? തമിഴന്മാര് മ്മ്ടെ ചിത്രയെ എന്തിനാ ഇങ്ങിനെ കൊച്ചാക്കുന്നത്?' മണിനാദം മുഴക്കുന്ന അമ്മക്കുയിലുകള്‍ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യന്‍ പിന്നണി ആലാപനലോകത്തെ ചക്രവര്‍ത്തിനിമാരായി നമ്മളെ നാദബ്രഹ്മത്തില്‍ ആഴ്ത്തുമ്പോഴാണല്ലൊ,
തിരുവനന്തപുരത്തുനിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാല്‍ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ്നാട്ടില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്! ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീതസംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടുപിന്നാലെ ഇറങ്ങിയ 'നീ താനേ അന്തക്കുയില്‍' എന്ന തമിഴ്ചിത്രത്തില്‍ ചിത്ര പാടിയ 'ഇനിപ്പ്' നിറഞ്ഞു കവിഞ്ഞൊഴുകുന്ന 'പാടല്കള്' തമിഴ്നാട്ടില്‍ അവരെ ശരിക്കുമൊരു പാടുന്ന ഇളംകുയിലായി വിളംബരം ചെയ്തു!
ഞാനിത്രയും ചിന്നക്കുയില്‍ ചരിതം പറഞ്ഞു തീര്‍ത്തപ്പോഴേക്കും, ഞങ്ങള്‍ 'ശ്രുതി'യുടെ മുന്നിലെത്തി. നല്ല നന്പന്, നാഗത്തമ്മന്‍ ഭക്തന് സൂചിപ്പിച്ചതുപോലെ, കേരള ട്രഡീഷനല്‍ രീതിയില്‍ നിര്‍മ്മിച്ച സുന്ദരമായൊരു 'മലയാളത്താന്' ഭവനം! സ്വരമാധുര്യം രാഗരസത്തില്‍ അലിഞ്ഞുചേര്‍ന്ന സോപാനത്തില്‍ ചവിട്ടിക്കയറി ഞങ്ങള്‍ ശ്രുതിയില്‍ പ്രവേശിച്ചു! പല്ലവി അവിടെ സ്വതഃസിദ്ധമായ ചിരിയോടെ ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു. കൂടിവന്നാല്‍ അര മണിക്കൂര്‍ സമയം മാത്രമേ അഭിമുഖത്തിനു ലഭിക്കൂ എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നതിനാല്‍, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്നു. പൊതുവെ ചിരിച്ചും, ചോദ്യങ്ങള്‍ക്ക് കയ്പ്പേറുമ്പോള് മാത്രം അല്‍പ്പം ഗൗരവത്തിലും ചിത്ര പ്രതികരിച്ചുകൊണ്ടുമിരുന്നു. അവസാനത്തെ ചോദ്യവും അതിനിടക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോള്‍ അര മണിക്കുറിന് ഇനിയും അഞ്ചു മിനിട്ട് ബാക്കി.
ചിത്രയോടൊരു പാട്ടു പാടാന്‍ ആവശ്യപ്പെട്ടാലോ? എന്നാല്‍, അത് ഞാന്‍ അര്‍ഹിക്കാത്തൊരു ആഡംബരമാകുമോ എന്നൊരു ഉത്കണ്ഠയും! ഓരോ പാട്ടിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എന്റെ മുന്നിലിരിക്കുന്നയാള്‍, മൂന്നു തവണ മികച്ച ആലാപനത്തിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്കാരം സ്വീകരിച്ച ദേശീയ ഗായിക! അവസാനം, അതുവരെ സംസാരിച്ചതു കൊണ്ടുണ്ടായ സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ചോദിച്ചു. 'ഓ..., പാടാലോ. ഏതു പാട്ടാണ് വേണ്ടത്,' ചിത്ര ആരാഞ്ഞു. 'അടുത്ത കാലത്ത് ചിത്ര പാടിയ പാട്ടുകളെല്ലാം കേട്ടുകേട്ടു ദേശീയ ഗാനങ്ങളായി മാറിയിട്ടുണ്ട്! മൂന്നാലു വര്‍ഷം മുമ്പത്തെ ഒരു പാട്ടു പറയട്ടേ?' 'പറയൂ, ഓര്മയുള്ള വരികള്‍ പാടാം...' 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന പടത്തിലെ, ആ 'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍...' എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല...്' കണ്ഠം ഒന്നു ക്ലിയര്‍ ചെയ്ത്, ചിത്ര പാടാന്‍ തുടങ്ങി: 'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍... എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളീ... മഞ്ഞുവീണതറിഞ്ഞില്ലാ... വെയില് വന്നുപോയതറിഞ്ഞില്ലാ... പൈങ്കിളീ മലര് തേന്‍കിളീ... മഞ്ഞുവീണതറിഞ്ഞില്ലാ വെയില് വന്നുപോയതറിഞ്ഞില്ലാ... ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍ പൈങ്കിളീ മലര് തേന്‍കിളീ... വന്നു നീ വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ... തെന്നലുമ്മകളേകിയോ... കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ... ഉള്ളിലേ മാമയില് നീല പീലികള്‍ വീശിയോ... പൈങ്കിളീ മലര് തേന്‍കിളീ... എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ... എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ...'
ചിത്ര ഇന്ന് ചിന്നക്കുയിലല്ല. മകള്‍ നന്ദന നഷ്ടമായ വേവലാതി ഉള്ളിലൊതുക്കി, ഇപ്പോഴും നമുക്കുവേണ്ടി മധുരമായി പാടിക്കൊണ്ടിരിക്കുന്ന അമ്മക്കുയില്‍! ചിത്ര പാടിയ ഒരു പാട്ടെങ്കിലും ഉറങ്ങുന്നതിനു മുന്നെ കേള്‍ക്കണമെന്ന് പറയുന്ന ഒട്ടനവധി സഹൃദയരെ ഈ ലേഖകനു നേരിട്ടറിയാം! ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ആലപിച്ചു, മികച്ച ഗായികക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരം ഏറ്റവുമധികം തവണ(ആറ്) നേടിയ വാനമ്പാടി! നാലു സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് മികച്ച ഗായികക്കുള്ള അംഗീകാരം 33 തവണ നേടിയ പിന്നണി ഗായിക! ബ്രിട്ടീഷ് പാര്‍ലിമെന്റ് ബഹുമതി നല്കിയ ഇന്ത്യയിലെ പ്രഥമ വനിത! കേരളത്തില്‍നിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തില്‍തന്നെ, മുന്‍ നിരയിലെത്തിയ ഗായികയാണ് ചിത്ര. ആലാപനത്തിനപ്പുറത്ത്, ചിത്രയിന്ന് നമ്മുടെ സംസ്കൃതിയുടെതന്നെ ഒരു ഭാഗമായിരിക്കുന്നു!