പാവം അവൾ
പതുക്കെപ്പതുക്കെ
എന്നിലേക്കു തന്നെ
മരിച്ചു വീഴുകയായിരുന്നു,,,,
നടന്നു തീരാഞ്ഞിട്ടും
കുഴഞ്ഞു പോയ
അവളുടെ ഉടലകമാകെ
നൊന്തുപൊള്ളിയിരുന്നു ,,,,
ദീർഘമായൊരു വലിയിൽ
ജീവശ്വാസത്തെയവൾ
പതുക്കെ വലിച്ചെടുത്തിരുന്നു,,,
അപ്പൊഴും മനസ്
അവളെ വിട്ട്
തെരുതെരേ ഓടുന്നുണ്ടായിരുന്നു,,,
പാവം അവൾ
പതുക്കെപ്പതുക്കെ
എന്നിലേക്കു തന്നെ മരിച്ചു വീണു,,,
ഇന്നിപ്പോൾ
അവളുടെ കണ്ണുനീരിറ്റു വീണു
വീർത്തു പോയ
തണുത്തുറഞ്ഞ ജഡമാണെന്നിൽ
ഞാനായിങ്ങനെ
എഴുന്നേറ്റിരിക്കുന്നത്