Image

ഏറ്റുമാനൂരില്‍ അങ്കം കുറിക്കുന്ന 4 പേര്‍, വിജയം ആര്‍ക്ക്? (ശീതള്‍)

Published on 31 March, 2021
ഏറ്റുമാനൂരില്‍ അങ്കം കുറിക്കുന്ന 4 പേര്‍, വിജയം ആര്‍ക്ക്? (ശീതള്‍)
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂര്‍, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലം. കേരളാ കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം ഇടതുപക്ഷത്തേക്ക് ചായുന്നത് മണ്ഡല പുനരേകീകരണത്തിലൂടെയാണ്. ഇടത് ശക്തി കേന്ദ്രങ്ങളായ നാല് പഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതോടെ മണ്ഡലത്തില്‍ സിപിഎം ജയം നേടുകയായിരുന്നു. 2011ലും 2016ലും സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് ഇവിടെ നിന്ന് വിജയിച്ചത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജില്ലാ  സെകട്ടറി വി.എന്‍ വാസവനാണ് ഏറ്റുമാന്നൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി. അഭിഭാഷകന്‍ ആയ പ്രിന്‍സ് ലൂക്കോസ് യൂഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി എന്‍.ഹരികുമാര്‍. കൂടാതെ ഏറെ കോലാഹലങ്ങള്‍ക്കൊടുവില്‍ മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ്   ലതിക സുഭാഷ്  സ്വതന്ത്രയായി രംഗത്തുണ്ട് 

മൂന്ന്  മുന്നണി സ്ഥാനാര്ഥികളും വോട്ടിന്റെ കാര്യത്തില്‍ ഏറെക്കുറെ തുല്യരാണ്.  മൂന്ന് പേരുടെയും വോട്ട് മണ്ഡലത്തിന് പുറത്താണ്. വാസവന്റെ വോട്ട് പുതുപ്പള്ളി മണ്ഡലത്തില്‍. പ്രിന്‍സിനും ഹരികുമാറിനും വോട്ട് കോട്ടയത്തും.   

സീറ്റ് നിഷേധത്തെതുടര്‍ന്ന് തല മുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പ്രതിഷേധിച്ചതോടെ ഏറ്റുമാനൂര്‍ മണ്ഡലം സംസ്ഥാനത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. സ്വതന്ത്രയായി ലതിക സുഭാഷ് പ്രചാരണം നടത്തിവരികയാണ്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, മഹിളാ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് ലതിക. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കുമോയെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. പ്രചാരണത്തില്‍ സജീവമായി വോട്ടര്‍മാരെ നേരില്‍ കണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ലതിക  ജയിക്കാന്‍ തന്നെ ആണ് മത്സരം എന്ന് ആത്മവിശ്വാസത്തോടെ ജനങ്ങളോട് പറയുന്നു.

ജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. കേരളാ കോണ്‍ഗ്രസ് വോട്ടുള്ള മണ്ഡലത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകളും വാസവന് പ്രതീക്ഷയേകുന്നതാണ്. വളരെ നേരത്തെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആത്മവിശ്വാസം വാസവന്റെ ശരീരഭാഷയില്‍ കാണാം. പിണറായി വിജയന്റെ  നേതിര്ത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന മാതൃകകള്‍ ശ്രദ്ധിക്കപ്പെട്ടതും, മണ്ഡലത്തിനായി കഴിഞ്ഞ 10 വര്‍ഷകാലം സുരേഷ്  കുറുപ്പ് നടത്തിയ പദ്ധതികളും വാസവനു  കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രചാരണ സൗകര്യര്‍ത്ഥം അദ്ദേഹം പാര്‍ട്ടി ഓഫീസിനു സമീപം  വാടകവീട്ടില്‍ നിന്ന് ആണ്  ഇറങ്ങുന്നത്.

യുഡിഎഫിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥി  പ്രിന്‍സ് ലൂക്കോസ് സജീവം. കഴിഞ്ഞതവണ മാണി വിഭാഗം നേതാവ് മത്സരിച്ച് തോറ്റ സീറ്റാണെങ്കിലും മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ലതികാ സുഭാഷിന്‍റെ കടന്ന് വരവ്  യുഡിഎഫ് സ്വപ്നങ്ങളെ പ്രതികൂലമായി ബാധിക്കുമെനാണു കരുതുന്നത്. കന്നിയങ്കകാരന്റെ പരിഭ്രമങ്ങള്‍ ഇല്ലാതെ പ്രചാരണ ഗോദയില്‍ സജീവമാണ് ഈ പാറമ്പുഴക്കാരന്‍ . ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗത കുരുക്കും പടിഞ്ഞാറന്‍ മേഖലകളിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളും,കുമരകത്തെ ശുദ്ധജല പ്രശ്‌നവും  പരിഹരിക്കപ്പെടാത്തത് ജനങ്ങള്‍ക് ബുദ്ധിമുട്ട് ആണെന്ന് എതിരാളികളെ ഉന്നമിട്ട് പ്രിന്‍സ് ചൂണ്ടിക്കാട്ടുന്നു. വീടുകള്‍ കയറി വോട്ടുകള്‍ അഭ്യര്‍ഥിച്ചും, കല്യാണ വേദികളില്‍ എത്തിയും അദ്ദേഹം ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

എന്‍ഡിഎയ്ക്കായി ഇത്തവണ ബിജെപി മത്സരിക്കുന്നു. സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്കായി എന്‍ ഹരികുമാറും ബിഡിജെഎസിനായി ടിഎന്‍ ശ്രീനിവാസനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ബിഡിജെഎസ് പിന്മാറി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താളായ ജനങ്ങളിലാണ് ഹരികുമാറിന് വിശ്വാസം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയാക്കാതെ നഗരത്തില്‍ സജീവമാകുകയാണ് അദ്ദേഹം. കോട്ടയത്തതാണ്  താമസം എങ്കിലും ഏറ്റുമാനൂര്‍ ഉള്ള പ്രവര്‍ത്തകരും ജനങ്ങളുമായുള്ള അടുപ്പം വോട്ടാകും എന്നതാണ് ഹരികുമാറിന്റെ ഉറപ്പ്.

പ്രചാരണച്ചൂടില്‍ മണ്ഡലം ഉരുകുന്നു . വികസനവും,വികസനമുരടിപ്പും ചര്‍ച്ചകളാകുകയാണ്. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാം എന്ന് മുന്നണികള്‍ ഉറപ്പ് നല്‍കുന്നു.

ഏറ്റുമാനൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്- മുന്‍ ഫലങ്ങള്‍

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത സുരേഷ് കുറുപ്പിനെ തന്നെയാണ് 2016 ലും സിപിഎം മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിച്ചത്. യുഡിഎഫിനായി മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനും എന്‍ഡിഎയ്ക്കായി ബിഡിജെഎസിലെ എജി തങ്കപ്പനും മത്സരിച്ചു. 53,085 വോട്ടുകളുമായി സുരേഷ് കുറുപ്പ് ജയം ഉറപ്പാക്കിയപ്പോള്‍ ചാഴിക്കാടന്‍റെ പിന്തുണ 44,906 വോട്ടില്‍ ഒതുങ്ങി. 2011ല്‍ വെറും 3,385 വോട്ടുണ്ടായിരുന്ന ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ഥിയിലൂടെ പിടിച്ചത് 27,540 വോട്ടുകള്‍. സുരേഷ് കുറുപ്പ് 8,899 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സഭയിലെത്തി.

2016ലും സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ഥിയുണ്ടായിരുന്നു. തോമസ് ചാഴിക്കാടന് തന്നെ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മാണി വിഭാഗം നേതാവും ജനപ്രതിനിധിയുമായിരുന്ന ജോസ്മോന്‍ മുണ്ടയ്ക്കലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരെ മത്സരിച്ചത്. 3,774 വോട്ടുകളായിരുന്നു ജോസ്‌മോന്‍ നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക