Image

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

Published on 02 April, 2021
സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)
 ക്യൂബയുടെ നേതാവിനോടുള്ള അമിതമായ ആരാധനകൊണ്ടാണ് സഖാവ് ദിവാകരന്‍ മകന് കാസ്‌ട്രോ എന്ന് പേരിട്ടത്. ലോകകുത്തകമുതലാളിത്ത, ബൂര്‍ഷ്വാ രാഷ്ട്രമായ അമേരിക്കയോട് പടപൊരുതി കമ്മ്യൂണിസത്തിന്റെ കാവല്‍പടയാളി ആയിത്തീര്‍ന്ന മഹാനായ നേതാവിനെപ്പറ്റി ഓര്‍ക്കുമ്പോളൊക്കെ ദിവാകരന്റെ രക്തം തിളക്കാറുണ്ട്. തന്റെ പ്രീയപ്പെട്ട നേതാവിന്റെ നിറം മങ്ങിയതും മുഖത്തിന്റെ ഇടതുവശം വേട്ടാവളിയന്‍ കരണ്ടതുമായ പടം ഇപ്പോഴും വരാന്തയിലെ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നത് നോക്കി മുഷ്ഠിചുരുട്ടി "ലാല്‍ സലാം, സഖാവേ’ എന്ന് വിളിക്കാന്‍ തോന്നാറുണ്ടെങ്കിലും, വട്ടുപിടിച്ചോയെന്ന് ഭാര്യയും മക്കളും വയസുചെന്ന അമ്മയും സംശയിച്ചേക്കുമോ എന്നുകരുതി സ്വയം നിയന്ത്രിക്കുകയാണ് പതിവ്.    

മൂത്ത മക്കള്‍ക്ക് പേരിടേണ്ടി വന്നപ്പോളൊക്കെ ദിവാകരന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. പാര്‍ട്ടിയുടെ ലോക്കല്‍കമ്മറ്റി സെക്രട്ടറിയായ തനിക്ക് പാര്‍ട്ടിയോട് ചെയ്യാവുന്ന എളിയ ഉപഹാരമായിട്ടാണ് മക്കള്‍ക്ക് സോവ്യറ്റ് യൂണിയനിലേയും മറ്റ് കമ്മ്യൂണസ്റ്റ് രാജ്യങ്ങളിലേയും നേതാക്കന്‍മാരുടെ പേരുകളിട്ട് ആവേശംകൊണ്ടത്. അങ്ങനെയാണ് ഭാര്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെ മൂത്തമകന് സ്റ്റാലിനെന്നും രണ്ടാമന് ലെനിന്‍ എന്നും പേരിട്ടത്. മക്കള്‍ ജനിക്കുന്നതിന് മുന്‍പുതന്നെ മലയാളത്തിലെ മനോഹരങ്ങളായ പേരുകള്‍ ദമയന്തി മനസില്‍ കരുതിവെച്ചിരുന്നു, മൂത്തവന് അജിത് കുമാറെന്നും രണ്ടാമന് അനില്‍ കുമാറെന്നും. പവം ദമയന്തിക്ക് പറയാനല്ലാതെ എന്തുചെയ്യാന്‍ സാധിക്കും?

“ഇതെന്തൊരു പേരാടാ, ദിവാകരാ?” അമ്മ ഇടക്കിടെ ചോദിക്കുന്നതാണ്. “കുഞ്ഞുങ്ങള്‍ക്ക് വായില്‍കൊള്ളുന്ന പേരുവല്ലതും ഇട്ടൂടേ, നിനക്ക്?”

ലോകപരിജ്ഞാനം അശ്ശേഷമില്ലാത്ത,കമ്മ്യൂണിസത്തിന്റെ എബിസിഡി പോലും അറിയാത്ത ഭാര്യയോടും അമ്മയോടും തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്ന ദിവാകരന്‍ നിശബ്ദനാവുകയേയുള്ളു. മൂന്നാമത്തെ മകന്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടി ആയിരിക്കണമെന്ന്  ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഇനിയും സിസ്സേറിയന്‍ ചെയ്യുന്നത് ഭാര്യയുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ട്ടര്‍ പറഞ്ഞതിനാലാണ് പ്രസവം നിറുത്താനുള്ള ഓപ്പറേഷന്‍കൂടി ചെയ്യാന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്. അങ്ങനെ മൂന്ന് കമ്മ്യൂണിസ്റ്റ് ആണ്‍മക്കളുടെ തന്തയാകാനുള്ള സൗഭാഗ്യമാണ് ദൈവവിശ്വാസിയല്ലാത്ത ദിവാകരന് കൈവന്നത്.

ഇളയവന് പേരിടേണ്ടി വന്നപ്പോള്‍ അയാള്‍ രണ്ടാമതൊന്ന് ആലോചിച്ചു. മൂത്തവര്‍ക്ക് രണ്ടുപേര്‍ക്കും സോവ്യറ്റ് യൂണിയനിലെ നേതാക്കന്‍മാരുടെ പേരുകളാണ്. ഇനിയും ആ രാജ്യത്തിലെ പേരുകള്‍തന്നെ സ്വീകരിക്കുന്നത് മറ്റ് മഹത്തായ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളോട് ചെയ്യുന്ന അനീതിയല്ലേ? ചൈനയെന്ന മഹത്തായ രാഷ്ട്രം തൊട്ടടുത്ത് ചുവന്ന്പരന്ന് കിടക്കുമ്പോള്‍ പിന്നെന്തിന് കൂടുതല്‍ ആലോചിക്കേണ്ടി ഇരിക്കുന്നു. മഹാനായ മാവോയുടെ പേരാണ് സിനിമയുടെ ടൈറ്റിലില്‍ എന്നപോലെ ആദ്യം തെളിഞ്ഞുവന്നത്. അദ്ദേഹം തന്റെ ആരാധ്യപുരുഷനാണെങ്കിലും, വരാന്തയിലെ ഭിത്തിയില്‍ തൂങ്ങിക്കിടന്ന് പുഞ്ചിരിക്കുന്നുണ്ടെങ്കിലും, ആ പേരിന് ഒരു ഭംഗിയില്ലായ്മ പലപ്പോഴും തോന്നിയിട്ടുള്ളതാണ്. അയല്‍വീട്ടിലെ കണ്ടന്‍പൂച്ച ഇടക്കിടെ അദ്ദേഹത്തിന്‍െറ പേര് ഉച്ചരിക്കാറില്ലേ എന്ന് ദിവാകരന് പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ട് ആപേര് ലിസ്റ്റില്‍നിന്ന് ഒരു കൊലപാതകം ചെയ്യുന്ന ദുഖത്തോടെ വെട്ടിമാറ്റി.

ഇനിയെന്ത് എന്നിങ്ങനെ ആലോചിച്ച് ഭിത്തിയിലേക്ക് നോക്കിയരിക്കുമ്പോളാണ് ഭതാങ്കള്‍ എന്തിന് അധികം ചിന്തിക്കുന്നു, സഖാവേ, എന്റെ പേര് സ്വീകരിച്ചുകൂടേ?’ എന്ന് കാസ്‌ട്രോ ചോദിച്ചത്.

“കിട്ടിയെടി, ദമയന്തി,” ഇരുന്ന ഇരുപ്പില്‍നിന്ന് ഒറ്റച്ചാട്ടമായിരുന്നു.

പെറ്റുകിടക്കുന്ന ദമയന്തിക്ക് മനസിലായില്ല ഭര്‍ത്താവ് എന്തിനാണ് വിളിച്ചുകൂവുന്നതെന്ന്. എന്തോ കിട്ടിയെന്ന് മാത്രം ഊഹിച്ചു, ഓണം ബംമ്പറിന്റെ ഒരുകോടി രൂപയും നാല്‍പത് പവനുമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

“മോനിടാന്‍ പേരുകിട്ടിയെടി,” മുറിക്കകത്തേക്ക് കയറിവന്ന ഭര്‍ത്താവ് പറഞ്ഞു.

“അതുവല്ല കമ്മ്യൂണിസ്റ്റ്കാരുടേയും പേരായിരിക്കും. ഇവന് ഞാന്‍ പേരിട്ടോളാം, രാകേഷ്. എന്താ നല്ല പേരല്ലേ?”

“അതൊന്നും വേണ്ട. അവന്‍ സഖാവ് ദിവാകരന്റെ മോനാ. കാസ്‌ട്രോ എന്നായിരിക്കും അവന്റെ പേര്. മോനെ ഞാനൊരു ഉത്തമ കമ്മ്യൂണിസ്റ്റുകാരനായി വളര്‍ത്തും.”

“നീ എങ്ങെനെ വളത്തിയാലും വേണ്ടില്ല, അവന് നല്ല പേരുവല്ലതും ഇട്,” കേട്ടുകണ്ടിരുന്ന അമ്മ പറഞ്ഞു.

“വളത്തുന്നതിന്റെ ഗുണം അറിയാനുണ്ട്. മൂത്തവന്മാര് രണ്ടുംകൂടി ഇന്നലെ അങ്ങേ വീട്ടുകാരുടെ ജനലിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ക്രിക്കറ്റ് കളിച്ചതാ.”

ക്രിക്കറ്റ് ഒരു പിന്‍തിരിപ്പന്‍ ബൂര്‍ഷ്വാ കളിയാണെങ്കിലും എറിഞ്ഞുപഠിക്കുന്നത് ഭാവിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഗുണംചെയ്യും എന്ന വിശ്വാസംകൊണ്ട് അവരെ നിരുല്‍സാഹപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചു.

“ഇതൊക്കെ എന്തൊരു പേരുകളാ ദിവാകരാ; കുട്ടികള്‍ക്ക് നല്ല പേരുകള്‍ വല്ലതും ഇട്ടുകൂടേ?” ഇളയ മകനെ സ്കൂളില്‍ചേര്‍ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ ഹെഡ്മാസ്റ്റര്‍ ചോദിച്ചു. അയാളൊരു കോണ്‍ഗ്രസ്സുകാരനും, തനി ബൂര്‍ഷ്വയും ആണെന്ന് അറിയാമായിരുന്ന ദിവാകരന്‍ അല്‍പം ചൂടോടെയാണ് പ്രതികരിച്ചത്.

“സാറ്, സാറിന്റെ പണിചെയ്യ്. എന്റെ മോന് എനിക്കിഷ്ടമുള്ള പേര് ഞാനിട്ടോളാം.”

“ദേഷ്യപ്പെടാതെ, ദിവാകരാ. തന്റെ മോന് താനല്ലാതെ ഞാനാണോ പേരിടുന്നത്? അല്ല, ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ? അമേരിക്കന്‍ പ്രസിഡണ്ടിന്റെ പേരാണോ?” ഹെഡ്മാസ്റ്റര്‍ തന്റെ ലോകപരിജ്ഞാനം വിളമ്പി.

“അമേരിക്കന്‍ പ്രസിഡണ്ടിന്റെ പേരിടാന്‍ സഖാവ് ദിവാകരന്‍ ഇനിയൊരു ജന്മംകൂടി ജനിക്കണം. ഇത് മഹത്തായ ക്യൂബയിലെ മഹാനായ നേതാവിന്റെ പേരാണ്.”

ശരി തന്റെ മഹാനായ നേതാവിന്റെ പേരുതന്നെ ഇട്ടുകളയാം എന്നുപറഞ്ഞ് ഹെഡ്മാസ്റ്റര്‍ രജിസ്റ്ററില്‍ എഴുതി, "കാസ്‌ട്രോ ദിവാകരന്‍.’

“സഖാവ് എന്നുകൂടി ചേര്‍ക്കെട്ടോ?” ഹെഡ്മാസ്റ്ററുടെ ഫലിതംകേട്ട് കുട്ടികളെ ചേര്‍ക്കാന്‍ വന്നവര്‍ ചിരിച്ചപ്പോള്‍ ദേഷ്യപ്പെട്ട് മകനേംകൊണ്ട് ദിവാകരന്‍ വാക്ക്ഔട്ട് നടത്തി.


സാം നിലമ്പള്ളില്‍
samnilampallil@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക