Image

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

Published on 02 April, 2021
 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ബെര്‍ലിന്‍: കൊറോണയ്‌ക്കെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച സംയുക്ത സംരംഭമായ ജര്‍മന്‍ അമേരിക്കന്‍ കമ്പനി ഫൈസര്‍ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു.

അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും കൈമാറുമെന്നും വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി നല്‍കിയ അനുമതിയില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷത്തിനു മുന്പ് 12 മുതല്‍ 15വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കമ്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നല്‍കുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജര്‍മനിയിലെ മൈന്‍സ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതര്‍ പറഞ്ഞു.

ഫൈസര്‍ ബയോണ്‍ടെക്ക് വാക്‌സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ നല്‍കിയിരുന്നു. ഇതിനോടകം 65 ലധികം രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നല്‍കി. വാക്‌സിന്റെ 250 കോടി ഡോസുകള്‍ ഈ വര്‍ഷം ഉല്‍പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോഡ്പ്രതിരോധ വാക്‌സിനായ അസ്ട്രാ സെനേക്ക വാക്‌സിന്റെ കാര്യത്തില്‍ ലോകം ഇപ്പോള്‍ പല തട്ടിലാണന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഇഎംഎയും നിലവില്‍ അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിച്ച് പ്രായപരിധി നിര്‍ണയിക്കുന്ന അപകടസാധ്യതകളൊന്നും കാണുന്നില്ലന്നും ഇതിന്റെ ഉപയോഗവും ശുപാര്‍ശ ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് വാകസിനേഷന്‍ കൗണ്‍സില്‍ (ഡബ്‌ള്യുഎച്ച്ഒ) അസ്ട്രാസെനെക്കയുടെ കൊറോണ വാക്്‌സിനില്‍ ഉറച്ചുനില്‍ക്കുന്നു. 60 വയസിന് താഴെയുള്ളവരില്‍ ഉപയോഗിക്കുന്നതിനെതിരായ ജര്‍മ്മന്‍ തീരുമാനത്തിനുശേഷവും, തന്റെ ശുപാര്‍ശകള്‍ ക്രമീകരിക്കാന്‍ ഒരു കാരണവും അദ്ദേഹം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം ഡയറക്ടര്‍ കേറ്റ് ഓബ്രിയന്‍ ബുധനാഴ്ച ജനീവയില്‍ പറഞ്ഞു.

അതേസമയം ജര്‍മന്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ ത്രോംബോസിസ് കേസുകളെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് ബുധനാഴ്ച മുതല്‍ പരിമിതപ്പെടുത്തി. 60 വയസിനു മുകളിലുള്ളവരില്‍ മാത്രമേ അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കാവൂ എന്നത് രാജ്യത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമാവുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക