Image

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

Published on 06 April, 2021
വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)
അവളെ നൃത്തം പഠിപ്പിച്ച കാശുണ്ടായിരുന്നേല്‍
ഇത് പോലൊരു ബാറ് എനിക്ക് വെലയ്ക്ക് വാങ്ങാമായിരുന്നു’
രണ്ടാമത്തെ പെക്ഷ് വലിച്ചു കുടിച്ചു കൊണ്ടാണ് ആദിത്യനതു പറഞ്ഞത്
രാവിലെ കേട്ട വാര്‍ത്തയുടെ ഹാങ്ങോവറിലാണ്
അയാളെന്നറിയുന്നത് കൊണ്ട് സുഗതന്‍ മാഷ്  മൗനത്തിലേയ്ക്ക് ചാരി ആദിത്യനിലേയ്ക്കു കാഴ്ചയെ നട്ടിരുന്നു
ആദിയുടെ ചീര്‍ത്തകണ്‍ത്തടങ്ങളില്‍ ലഹരിയില്‍ മുക്കിയ
തലേന്ന് രാത്രിയെ എഴുതിവെച്ചിരുന്നു
കറുപ്പില്‍ നിന്ന് വളരെ വേഗത്തില്‍
വെളുപ്പിലേയ്ക്ക്  പരിണാമപ്പെടുന്ന മുടിയിഴകള്‍...
ഒറ്റപെടലിന്റെ അഗാധഗര്‍ത്തത്തിലെയ്ക്ക് വീണുപോയയീ നിമിഷങ്ങളെ അതിജീവിക്കാനാകാതെ  മനസ്സിന്റെ നിലവിളികളെയൊക്കേയും
ഒരോ പെക്ഷിലും മുക്കിക്കൊല്ലാനെന്ന പോലെ
 തിടുക്കത്തില്‍ അയാള്‍ മദ്യപിച്ചു കൊണ്ടിരുന്നു

കത്തുന്നയൊരു നട്ടുച്ചയെ ബാറിലെ എയര്‍കണ്ടീഷന്‍ പുറത്തേക്ക് വലിച്ചിറക്കിയിട്ടും
ഉള്ളിലെ ചൂട് ദേഹത്തെ പൊള്ളിയ്ക്കുന്നപോലെ
ആദിത്യന്‍ പുകഞ്ഞു
ഒരോ കവിള്‍ മദ്യം ഇറക്കുമ്പോഴും
ഓര്‍മ്മകളിലേക്കയാള്‍  മൂക്കുകുത്തിവീണുപോകുന്നു

“സാഹിത്യകാരന്‍ ഉദയന്‍ മംഗലശ്ശേരിയും നര്‍ത്തകി ഉമയും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായി”
വാര്‍ത്തവായനക്കാരിയുടെ സ്ഫുടതയുള്ള ശബ്ദം ഹൃദയത്തില്‍ മുഴങ്ങുന്നു
വാര്‍ത്തവായനക്കാരിയുടെ മുഖം മാഞ്ഞു പോകുന്നു
അവന്റേയും അവളുടെയും ചിരിക്കുന്ന മുഖമാണ് സ്ക്രീനില്‍
പ്രതീക്ഷിച്ചു....
ഇത് പ്രതീക്ഷിച്ച വാര്‍ത്തയാണ്
കാലവും ദേശവും മാത്രമേ നിര്‍ണ്ണയിക്കാന്‍ ഉണ്ടായിരുന്നുള്ളു
ആറുമാസം മുന്‍പ് മനസ്സിന്റെ വാതില്‍ വലിയ ശബ്ദത്തില്‍ തുറന്ന് ഇറങ്ങിപ്പോയൊരുവളുടെ നനുത്ത ചെമ്പന്‍മുടിയിഴകള്‍  നെഞ്ചിലേയ്ക്ക് വീണ്ടും വലിയ വേദനകളെ തുന്നിവെയ്ക്കുന്നു

“പത്തുവയസ്സില്‍ ഉടഞ്ഞുപോയൊരു സ്വപ്നമുണ്ട് ആദി ഏന്റെ മനസ്സില്‍”

മധുവിധുവിന്റെ നാളുകളിലൊരിയ്ക്കല്‍ അത് പറയുമ്പോള്‍ ഉമയുടെ മിഴികള്‍ നിറഞ്ഞിരുന്നു
മണികള്‍ അടര്‍ന്നുപോയൊരു ചിലങ്ക അവളന്ന് തനിക്ക് കാണിച്ചുതന്നു

“അമ്മയില്ലാത്ത എന്റെ ആഗ്രഹം കേള്‍ക്കാന്‍ അന്ന് ആരുമുണ്ടായില്ല നൃത്തം പഠിക്കാന്‍ അത്ര മോഹിച്ചിരുന്നു ഞാന്‍’
അവളുടെ വലിയ കണ്ണുകളിലെ വിഷാദത്തിലേയ്ക്ക് നോക്കിപ്പോള്‍ ഒന്നും മിണ്ടാതെ നെറ്റിയില്‍ ഉമ്മവെച്ച് നെഞ്ചിലെയ്ക്ക് ചേര്‍ത്തു
പിറ്റേന്ന് തന്നെ ഏറ്റവും നല്ലൊരു നൃത്താദ്ധ്യാപികയെ ഉമയ്ക്കു വേണ്ടി കണ്ടെത്തി
അന്ന്  തന്നെ കെട്ടിപ്പിടിച്ച് അവളേറെ നേരം കരഞ്ഞു
നടക്കില്ലെന്ന് കരുതിയൊരു സ്വപ്നം കൈകുമ്പിളില്‍ കിട്ടിയ ഒരുവളുടെ ഉന്മാദം പൂത്തുനീലിച്ച രാത്രിയായിരുന്നു അത്

പതുക്കെ അവള്‍ നല്ലൊരു നര്‍ത്തകിയായി
ഒരു ചാനല്‍റിയാലിറ്റി ഷോയില്‍ അവളെത്തിയപ്പോള്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷിച്ചു
അക്കാലത്താണ് ഉദയന്‍ മംഗലശ്ശേരിയെന്ന എഴുത്തുകാരന്റെ  സൗഹൃദവലയത്തില്‍ ഉമയെത്തുന്നത്

ഓര്‍ക്കുംതോറും വീര്യം കൂടുന്നവേദനകള്‍

മാഷിനറിയാമോ ലോകത്തെ ഏറ്റവും വിഷമം പിടിച്ചകാര്യം എന്താണെന്ന്?
സുഗതന്‍ മാഷിന്റെ മറുപടിയ്ക്ക്  വേണ്ടി  കാത്ത്  ആദിത്യന്‍ തലതാഴ്ത്തിയിരുന്നു

“ഇപ്പോള്‍ തന്നെ ഓവറായി ആദി നമുക്ക് പോകാം”
മറുപടി പറയാതെ മാഷ് തിടുക്കം കാട്ടി
പാകമാകാത്തൊരുടുപ്പു പോലെ ബാറിലെ ഒരോനിമിഷങ്ങളും മാഷിനെ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരുന്നു
ദൈവമേ പരിചയക്കാരുടെ കണ്ണില്‍പെടുത്തല്ലേ?

ആദിത്യന്‍ മുഖമുയര്‍ത്തി ചോദ്യം ആവര്‍ത്തിച്ചു

മാഷിനറിയാമോ ലോകത്തെ ഏറ്റവും വിഷമംപിടിച്ച കാര്യം എന്താണെന്ന്?
അത് ...അവനനവന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാനാണ്  മാഷേ
ഇറങ്ങിപോയവരെയൊന്നും ഇറക്കിവിടാതെ മനസ്സ് നമ്മളെ വേദനിപ്പിക്കും മാഷേ...വേദനിപ്പിക്കും ...വേദനിപ്പിക്കും”
 അയാള്‍ പിറുപിറുത്തു

“ആദീ മതിയാക്ക് നമുക്ക് പോകാം ഇപ്പോള്‍ തന്നെ നീ വല്ലാതെ ഓവറായി”

മാഷ് അക്ഷമയോടെ പറഞ്ഞു
“മാഷിനറിയ്യോ ?എന്റെ ആദി കൂടെയില്ലെങ്കില്‍ ഈ ലോകമേ  നിറംകെട്ടുപോകുമെന്ന് പറഞ്ഞവളാണ്
മറ്റൊരുത്തന്റെ താലിയണിഞ്ഞ് ഇന്ന് എന്റെയീ നെഞ്ചു തകര്‍ത്തുകളഞ്ഞത്”

ലഹരിയില്‍ മുങ്ങിയ വാക്കുകള്‍ വക്കടര്‍ന്നു നാവില്‍ കുഴഞ്ഞുകിടന്നു
 ബെയറര്‍ ചില്ലുകപ്പില്‍  കൊണ്ട് വെച്ച തണുത്തവെള്ളം കുടിച്ചു കൊണ്ട് മാഷ് ആദിത്യനെ നോക്കി

പാവം ചെറുപ്പക്കാരന്‍

ആദിത്യനും ഉമയും...
അടുത്ത വീട്ടില്‍ വാടകയ്ക്ക് താമസമാക്കിയ കാലത്ത്  തന്നെ വിസ്മയപ്പിച്ച  അവരുടെ പ്രണയം  എത്രവേഗത്തിലാണ് നിര്‍വീര്യമായിപ്പോയത്?
അവരുടെ സ്‌നേഹം കണ്ടപ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്.
 വിവാഹം കഴിക്കാതെയിരുന്നതാണ് ജീവിതത്തില്‍ വലിയ നഷ്ടം എന്നോര്‍ത്ത് എത്ര രാത്രികളിലാണ് നെടുവീര്‍പ്പിട്ട് ഉറക്കംവരാതെ കിടന്നത്? നാലുപെങ്ങമ്മാരുടെ വിവാഹങ്ങള്‍ക്കിടയില്‍   കൊഴിഞ്ഞുവീണ  തന്റെ സ്വപ്നങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചവര്‍
ഐക്യപ്പെടാത്ത ഇരുപുഴകളായി ഒഴുകി മറയുന്നു
സത്യത്തില്‍ ആരും ആരെയും സ്‌നേഹിക്കുന്നില്ല
ആത്മനേട്ടത്തിനു വേണ്ടിയുള്ളൊരു അ‘ിനയത്തെ മനുഷ്യന്‍ വെറുതെ സ്‌നേഹം എന്നു പേരിട്ടു  വിളിക്കുന്നതാണ്

ആദിത്യനിപ്പോള്‍ ടേബിളിലേയ്ക്ക് മുഖം പൂഴ്ത്തി കിടക്കുകയാണ്
ആരോ ഒരാള്‍  കുഴയുന്നവാക്കുകളാലൊരു കവിത ചൊല്ലുന്നു

എന്റെ സിരകളില്‍
വസന്തങ്ങളേ
ഒഴുക്കി വിട്ടവളേ
നിന്റെ ചുംബനത്തിന്റെ
ഉന്മാദത്താല്‍
ഇത്തിരി നിലാവത്തു
നിന്നും ഞാനെത്ര
നക്ഷത്രങ്ങളെയാണെന്നോ
ഇറുത്തെടുത്തു വെച്ചത്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക