Image

ഒരു കുഞ്ഞുടുപ്പിന്റെ കഥ, ഒരച്ഛന്റെയും  (മീര കൃഷ്ണൻകുട്ടി, ചെന്നൈ)

Published on 22 June, 2022
ഒരു കുഞ്ഞുടുപ്പിന്റെ കഥ, ഒരച്ഛന്റെയും  (മീര കൃഷ്ണൻകുട്ടി, ചെന്നൈ)

കാതിൽ അമൃതായി, കുളിർപ്പിക്കുന്ന  മഞ്ഞിൻതുള്ളികളായി,  പെയ്തിറങ്ങിയ സന്തോഷവർത്തമാനം.

"മോനെ... കുമാരാ....! രമണി പ്രസവിച്ചു, ട്ടാ! സുന്ദരി കുട്ടിന്ന്യാണേ.....! നല്ല പൊന്നിന്റെ  നെറാ! മുഖച്ഛായ നിന്റെ
തന്ന്യാന്നാ  എല്ലാവരും പറയണെ !"

അമ്മയുടെ വാക്കുകൾ! 

കുമാരൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അങ്ങിനെ താനും  ഒരച്ഛനായിരിക്കുന്നു! പത്തുകൊല്ലത്തെ കാത്തിരിപ്പിനുശേഷം!
കിട്ടിയതോ , മോഹിച്ചതു പോലെത്തന്നെ ഒരു  പെൺമണിയേയും ! 

"കുമാരേട്ടാ..... ഒന്നിങ്കട്  നോക്കു!"   വീഡിയോ  തുറന്നു വെച്ചുകൊണ്ട്, രമണി പറഞ്ഞു.

അവളുടെ  ശബ്ദം  ക്ഷീണിച്ചിരുന്നു. . എന്നാലും    ആനന്ദത്തിന്റ വല്ലാത്തൊരു  ഉന്മാദാവസ്ഥ യിലായിരുന്നു അവളെന്നു തോന്നി. 

കണ്ടു,  രമണിയോടൊട്ടിക്കിടന്ന  കൊച്ചു  മാലാഖയെ!

പാതിതുറന്ന  കുഞ്ഞിക്കണ്ണുകൾ...
അവൾ അച്ഛനെ  തിരയുന്നുണ്ടോ ?  സ്വർണ്ണക്കട്ട തന്നെ! കണ്ടിട്ടും കണ്ടിട്ടും മതിയാവാതെ, കുമാരൻ കുഞ്ഞിന്റെ  ചിത്രത്തിൽ   ഒരു നൂറുമ്മ  ചാർത്തി.

"കുമാരേട്ടാ... ഇങ്ങക്കൊന്നു  വന്നൂടെ? നേരിട്ടൊന്നു കാണാലോ! അറിയാം.. എളുപ്പല്ലാ'ന്ന്‌..!.ന്നാലും..!" രമണിയുടെ വാക്കുകൾ.

വിളി പകുതിവെച്ച് നിന്നു. ഗൾഫിലേക്കു വിളിക്കാൻ പറഞ്ഞുകൊടുത്തിരുന്ന പുതിയതരം ഫോൺകാൾ ശീലമില്ലാതെ കൈ തട്ടിയിരിക്കും.

എങ്കിൽ പോലും കുമാരന്റെ  ഉള്ളിൽ  അവളുടെ  ചോദ്യം  കിടന്നു പിടച്ചു കൊണ്ടേയിരുന്നു. .  ഒന്നു പോയാലോ? ചിന്ത ഉൽക്കടമായി.പക്ഷെ, എന്തെല്ലാം കടമ്പകൾ!   അറബി   സമ്മതിക്കണം. കാശ് വേണം. ടിക്കറ്റ്‌ കിട്ടണം..

കുമാരന്റെ മനസ്സാകെ  കുഴഞ്ഞുമറിഞ്ഞു..

കഴിഞ്ഞ തവണ  ലീവു കഴിഞ്ഞു  മടങ്ങുമ്പോഴായിരുന്നു രമണിക്ക്  വയറ്റിലുണ്ടെന്നറിഞ്ഞത്.  ഇനി, മരുഭൂമിയിലേക്കൊരു  മടക്കമില്ലെന്ന്‌,  അപ്പോൾ  കരുതിയതാണ്.സന്തോഷപ്പെരുക്കം അത്രക്കായിരുന്നു!

"എടാ! ഭാര്യേം പുന്നാരിച്ചു  നാട്ടിലിരുന്നാ കുടുംബം  പുലരോ ? പെങ്ങടെ കല്യാണം കഴിയ്യോളെങ്കിലും  അവടെ പിടിച്ചുനിന്നേ പറ്റൂ! അച്ഛനും കൂടിയില്ലാത്ത വീടാ! 
മറക്കണ്ട !"

അമ്മ  കടുംപിടുത്തമായിരുന്നു.   അങ്ങിനെയായിരുന്നു  വീണ്ടും ഒരു തിരിച്ചുപോക്ക്.

എന്തായാലും രണ്ടും കല്പിച്ച് കുമാരൻ ഒരു തീരുമാനത്തിലെത്തി.
നാട്ടിൽ  പോകണം  . ഒരു നാലു ദിവസത്തിനെങ്കിലും!

സൂപ്പർമാർക്കറ്റിൽ രാത്രി കണക്കെടുപ്പിനു  വന്ന  അറബിയുടെ മുന്നിൽ , ഡ്യൂട്ടി കഴിഞ്ഞിറങ്ങും മുൻപുതന്നെ, ദിവസക്കണക്കുകൾക്കൊപ്പം  അടക്കിവെച്ചിരുന്ന ആഗ്രഹങ്ങളും  കുമാരൻ  സമർപ്പിച്ചു.
  
കടലോളം  ക്ഷമയോടെ  താണു വണങ്ങി,കെഞ്ചി.

അന്നത്തെ വിറ്റുവരവുകളുടെ  വർദ്ധനവിന്റെ  സന്തോഷത്തിലോ  എന്തോ,അഞ്ചുദിവസത്തെ ലീവും, കടമായി  ഒരാഴ്ച്ചത്തെ  ശമ്പളവും
അറബി   അനുവദിച്ചപ്പോൾ വിശ്വസിക്കാനായില്ല.

കാശ് പിന്നെ മതിയെന്നു സമ്മതിച്ച്, കൂടെ ജോലി ചെയ്യുന്ന ബേക്കറി  സെക്ഷനിലെ  ബാബുക്ക  എങ്ങിനെയോ  ഒപ്പിച്ചു കൊടുത്ത  ടിക്കറ്റ് കൈയ്യിലായതും കുമാരൻ  ഒരു  പാച്ചിലായിരുന്നു.
 പൊന്നുണ്ണിമോൾക്ക് വേണ്ടുന്നതൊക്കെ വാങ്ങാൻ.

കുഞ്ഞിക്കുപ്പായങ്ങളുടെ കടകൾ  ഒന്നും വിടാതെ കയറിയിറങ്ങി. ഭംഗി കൊണ്ട് വിഭ്രമിപ്പിച്ച ഓരോന്നും തൊട്ടും തലോടിയും ആസ്വദിച്ചു. ഒടുവിൽ ഒന്നെടുത്തു... പൊള്ളുന്ന  വില യായിരുന്നിട്ടും!

റോസാപ്പൂവിന്റെ നിറവും  മൃദുത്വവുമായിരുന്നു അതിന്.
സ്വർണ്ണപ്പൂക്കൾ വിതറി യതുപോലുള്ള ഡിസൈൻ. കണ്ണെടുക്കാനായില്ല.  ആ  കുഞ്ഞുടുപ്പുമിട്ട് രാജകുമാരിയെപ്പോലെ  കിടക്കുന്ന പൊന്നുമോളുടെ ചിത്രം  പലതവണ  മനസ്സിൽ  കണ്ടു.

ഒടുവിൽ, രമണിക്കും വീട്ടിലേക്കും വേണ്ടതായ കുറച്ചു സാധനങ്ങൾകൂടി   കുത്തിനിറച്ച ബാഗുമായി, നാട്ടിലെത്തിയപ്പോൾ സ്വർഗ്ഗത്തിലെത്തിയ  പ്രതീതിയായിരുന്നു.


കിഴക്ക്‌  വിളർച്ച മാറി പ്രകാശിനിയായി  തെളിഞ്ഞു വന്നിരുന്ന നേരം.

എയർപോർട്ട് വിട്ടതും,  കാറിനകത്ത്  ഒഴുകിപ്പരന്ന   പഴയൊരു മലയാളം  പാട്ടിന്റെ ശീലുകൾക്കൊപ്പം , തലയാട്ടിയും, ലയിച്ചു മൂളിയും,  സ്റ്റീയറിങ്ങിൽ താളം  പിടിച്ചും,  നേരിയ മഴനൂലിഴകൾ മുൻ സ്‌ക്രീനിൽ  നെയ്തിട്ടു കൊണ്ടിരുന്ന ചിത്രങ്ങളെ   അപ്പഴപ്പോൾ മായ്ച്ചും, പച്ചപ്പിന്റെ കാഴ്ചകളെ ഇരുവശങ്ങളിലേക്കുമായി പകുത്തു  പായിച്ചും, ടാക്സി ഡ്രൈവർ,   വീട്ടിലേക്കുള്ള ദൂരത്തെ നിരന്തരം  വെല്ലുവിളിച്ചു   കൊണ്ടിരുന്നു. 

മനസ്സാണെങ്കിൽ അതിലും  വേഗത്തിൽ  വീട്ടിലെത്തിക്കഴിഞ്ഞിരുന്നു.
വീട്ടുകാരെ അത്ഭുദപ്പെടുത്തിക്കൊണ്ടുള്ള വരവല്ലെ!

"എന്റെ കുമാരാ....!"
 അമ്മ  ഉറക്കെ വിളിച്ചുകൂവിയേക്കും.

മുഖത്തെ സൂര്യൻ പെട്ടെന്നു മങ്ങാനും ഇടയുണ്ട് .
"അല്ലാ, നെന്റെ പണി പോയിട്ടൊന്നുമില്ലല്ലോ!" 
അതാവും അടുത്ത ചോദ്യം.

രമണി  സന്തോഷം  കൊണ്ട് കരച്ചിലാകും. കുഞ്ഞിനെ പുതിയ ഉടുപ്പ്  ഇടുവിക്കുമ്പോൾ പറഞ്ഞേക്കും.

"അവളൊന്നു കൂടി  വലുതാവട്ടെ, ഏട്ടാ! അപ്പഴാകും  പാകം.  ഇത്തിരിയൊന്നു വലിപ്പം  കൂടി.  ഉടുപ്പെടുത്തു മാറ്റി  വെക്കെന്റെ കുമാരേട്ടാ....! കുട്ടിക്കു കണ്ണുതട്ടും."

പെട്ടെന്നാണ്   പാട്ടു നിലച്ചത്.  കാറ്  പിടിച്ചുകെട്ടുമ്പോലെ നിന്നത്.  കുലുക്കത്തിന്റെ  ശക്തിയിൽ  ചിന്തകൾ ചിതറിത്തെറിച്ചത്.  കുമാരൻ  ഞെട്ടിവിറച്ചത്  . . സ്വപ്നസഞ്ചാരത്തിൽ നിന്നു മറിഞ്ഞു  വീണത്.

"സാറെ ഇറങ്ങണം, വേഗം!  ദാ, സിഗ്നലിനപ്പുറത്ത് ജംഗ്ഷനിൽ  വല്ല്യ ബഹളാണെന്ന്‌ ഫോൺ  മെസ്സേജ് ! എല്ലാ പാർട്ടിക്കാരും, പോലീസും, ഒക്കെമ്പാടെ തലങ്ങും വിലങ്ങും പൊരിഞ്ഞ യുദ്ധാണെന്ന്! ഇതിപ്പോ പല സ്ഥലത്തിലിക്കും പടരാണെന്നും പറയുന്നു.  "ഡ്രൈവർ വിളിച്ചു പറഞ്ഞു.

"തിരിഞ്ഞും മറിഞ്ഞും തല്ലുന്ന  അണികളീന്ന്‌ എത്ര    രക്തസാക്ഷികളെ   വീണു കിട്ടും എന്ന്‌, ടീവീല്   നോക്കി കണക്കെടുത്തോണ്ടാവും,എല്ലാ  പാർട്ടി  നേതാക്കന്മാരുടേം  ഇന്നത്തെ പ്രാതൽ ! കഷ്ടം!
പാവം,  നാട്ടുകാര് ! അവരാ   കുടുങ്ങാൻ പോണേ ....! ഞങ്ങടെയൊക്ക  വയറ്റുപിഴപ്പും മൊടങ്ങും ..അത്രന്നെ!"
ഡ്രൈവർ ശപിച്ചുകൊണ്ടിരുന്നു. 

"കാറിനി  ഓടില്ല്യ സാറെ, കാശ് മടക്കിത്തരാം."

കുമാരൻ  ഞെട്ടി പ്പോയി . എങ്ങിനെയിനി  വീട്ടിലെത്തും?

"സാറെ, ഒരു വഴീല്ല്യ . താഴുരിലേക്ക് ഇനി മുക്കാൽ മണിക്കൂറിന്റെ ദൂരേള്ളൂ. കാറ് അപ്പറത്തെ   ഊടുവഴീല്  ഇടാൻ പോകേണ്.  വേണെങ്കില്   അങ്ങട്  വരാം.  . പിന്നെ നടത്തോ , വാടക സൈക്കിളോ, എന്താച്ചാ  സാറിന്റെ  ഇഷ്ടം ...! കാറിന്റെ കടം  ഇനീം  ബാക്കിയാണേ!   വലിയ പാതേല് ഓടിക്കുമ്പോ വല്ലവനും  മുട്ടാൻ വന്നാ ! പേടിണ്ട്  സാറെ!'

അതുപറയലും, കുമാരൻ  സമ്മതിക്കലും, കാർ സ്റ്റാർട്ടാക്കലും,  പെട്ടെന്നു മലപോലെ  ഒരുകൂട്ടം ജനങ്ങളും  പോലീസും കാറിനു മുന്നിലേക്ക് ചാടി വീഴലും ,  ഒപ്പം കഴിഞ്ഞു.

നിമിഷം കൊണ്ട് കരിങ്കല്ലിൻ  ചീളുകൾ  കാറിനു നേരെ ചീറിപ്പാ 
ഞ്ഞെത്തി .    ഡ്രൈവറും കുമാരനും ഇറങ്ങി ഓടാനായി  പുറത്തേക്ക്  കാലുവെച്ചതേയുള്ളു !   
എവിടുന്നോ തെരു തെരെ വന്നു വീണ  അടികളിൽ  ഇരുവരും പെട്ടെന്നു കമിഴ്ന്നു വീണു.

 "എന്തെടാ ബാഗില്, വല്ല ബോംബോ മറ്റോ ആണോ?"
ഏതോ  ഒരു പോലീസുകാരന്റ, ആക്രോശം!
അതോടൊപ്പം  ബാഗ് ബലം പിടിച്ചു വാങ്ങി   തുറക്കലും കഴിഞ്ഞു. .

ബാഗിലുള്ളതൊക്കെയും  വലിച്ചുപുറ ത്തിട്ടപ്പോൾ, 
കുമാരൻ  അറിയാതെ  കരഞ്ഞു  പോയി. പുറത്തേക്കു തെറിച്ച കുഞ്ഞുടുപ്പ് പെട്ടെന്നു തന്നെ  പെറുക്കിയെടുത്ത്, അയാൾ  മാറോടു ചേർത്തു പിടിച്ചു. ബനിയന്റെ ഉള്ളിൽ വെച്ചിരുന്ന പാസ്പോർട്ടിനോടൊപ്പം ഭദ്രമാക്കി. 

നിവരാനാവാതെ, ചവിട്ടും  മെതിയും താങ്ങാനാവാതെ,  ഉരുണ്ടും പിരണ്ടും  നിരങ്ങി, സഹികെട്ട് കുമാരൻ   ഡ്രൈവറോടൊപ്പം    പാതയോരത്തെ  പാടത്തേക്ക് എടുത്തുചാടി.  തൊട്ടടുത്തേക്ക്,  ആരോ  തള്ളിയിട്ട  ഒരമ്മയും മൂന്നോ നാലോ മാസം പ്രായം വരുന്ന ഒരു  കുഞ്ഞും വന്നു വീണതുമവ  രറിഞ്ഞു.

പാടത്തെ ചേറിൽ  പുതഞ്ഞുപോയ  കുഞ്ഞിനെ ,  കീറിപ്പറിഞ്ഞ ഉടുപ്പ് ഊരിക്കളഞ്ഞ്  പുറത്തേക്കെടുക്കുന്നതിനിടയിൽ അമ്മ വാവിട്ടു നിലവിളിച്ചു കൊണ്ടിരുന്നു..

"നെഞ്ചടപ്പുള്ള  കുഞ്ഞാ  ....!
"ആസ്പത്രീ  പോണ  വഴിയായിരുന്നു. വഴി മുടക്കി , അവര് തല്ലി  വിരട്ടേര്ന്ന്‌.  
കണ്ണീച്ചോരയില്ലാത്തവൻമാര്! "

തണുത്തുവിറച്ച് കുഞ്ഞുറക്കെ കരഞ്ഞു.

കുമാരൻ  ഒരു നിമിഷം ഒന്നു പകച്ചു നിന്നു.  ഉടലാകെ  വിറച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിനെ നോക്കി.  പിന്നീട്  പെട്ടെന്ന്‌, മാറിൽ  ഒളിപ്പിച്ചു  സൂക്ഷിച്ചിരുന്ന  ഉടുപ്പെടുത്ത് അമ്മക്കു കൊടുത്തു.
ഇത്തിരി വലിയ  ഉടുപ്പ് വാങ്ങിയത്  നന്നായി. അത്രയും  മനസ്സിൽ  കരുതി.

ഒന്നു, സംശയിച്ച് പിന്നീട്  കുഞ്ഞിനെ ഉടുപ്പിടുവിച്ച  
അമ്മയുടെ മുഖത്തെ നന്ദി, കുമാരന്റെ മനസ്സിൽ ആഴത്തിൽ  പതിഞ്ഞു.
അവരെ വരമ്പത്തേക്ക് കയറ്റിവിട്ട് , വീണ്ടും  പാതയിലേക്ക്  മടങ്ങിയ നേരത്തായിരുന്നു   അതിശക്തമായ, അപ്രതീക്ഷിതമായ, ജലപീരങ്കിയുടെ  ചാട്ടവാറടി! കുമാരന്  പാടേ  അടിതെറ്റി. 

പിന്നീട്....

പെട്ടെന്ന് മുഖത്തു പതിഞ്ഞ  നനവിന്റെ തലോടലിൽ  കണ്ണു തുറന്നപ്പോൾ,കുമാരന്റെ 
മുന്നിൽ തെളിഞ്ഞത് പല  കാഴ്ചകൾ. വീട്ടിലെ കിടപ്പുമുറി. തൊട്ടടുത്ത്  കുഞ്ഞിനെയും  മടിയിൽ  വെച്ച് തന്റെ തലയിൽ  തടവിക്കൊണ്ടിരിക്കുന്ന രമണി.  കുനിഞ്ഞു തന്റെ  മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്ന ഡ്രൈവർ.
കൈയിലൊരു  നനഞ്ഞ തുണിയുമായി   കരഞ്ഞുകൊണ്ടിരുന്ന അമ്മ.  

കുമാരനൊന്നു ഞരങ്ങി.  ദയനീയമായൊന്നു   തേങ്ങി  . "എന്റെ  കഷ്ടകാലം !"

"ഹാവൂ...! സമാധാനായി! മിണ്ടി  ത്തൊടങ്ങീലോ! കണ്ണും അടച്ച് ഊമേപ്പോലുള്ള ഇരുപ്പായിരുന്നു, വണ്ടീല് കയറിയതിൽ പ്പിന്നെ! ഒന്നു  പേടിപ്പിച്ചു കളഞ്ഞു. . ഇനി പോട്ടെ. അഡ്രെസ്സ്ണ്ടായിരുന്നതുകൊണ്ട്  എത്തിക്കാനായി! ഒരു ഓട്ടോറിക്ഷ  തഞ്ചത്തിന്  കിട്ടിയതു കൊണ്ട് പെട്ടെന്നു പോരാനുമായി. ഇല്ലെങ്കില്, പോലീസ്, ആസ്പത്രീല്  കൊണ്ടിട്ടിട്ട്, പാർട്ടിക്കാരനാന്നും പറഞ്ഞ്  കേസ്സാ ക്കിയേനെ..മേലാസകലം
ചിരകിപ്പൊളി ഞ്ഞിട്ടുണ്ടെന്നെള്ളു!  എനിക്കും തന്നെ !  വലിയ  പരുക്കൊന്നും പറ്റാത്തത്   ഭാഗ്യം! "

ഡ്രൈവർ 
അതും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി  പുറത്തുകാത്തുനിന്നിരുന്ന ഓട്ടോവിൽ  കയറി .
നേരമപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

"കുമാരാ..ദാ, ഈ ചൂടു  കട്ടനങ്ങട് കുടിക്ക്!" അമ്മയുടെ സാന്ത്വനം. 
"കുമാരേട്ടാ...! വരണ  കാര്യം പറയാതെ  കഴിച്ചൂട്ടി, അല്ലെ !!"  രമണിയുടെ  നേരിയ ചിരി. 

"എന്തിനാപ്പൊ  വെഷമിക്കണേ...? ഒന്നും 'പ്പോ പറ്റീട്ടില്ലലോ. ഉടുപ്പു പോയതു പോട്ടേന്ന്‌ ! ഇങ്ങളെ  കിട്ടീലോ. ദൈവത്തിന്റെ അനുഗ്രഹം! ഡ്രൈവറും എത്ര  നല്ലൊരു മനുഷ്യൻ !  ഇവിടെത്തിച്ചൂലോ!  ഉണ്ടായ  എല്ലാ കാര്യങ്ങളും   അയാള് പറഞ്ഞു. ദാ... ദാ.... ഇങ്ങട് നോക്കു, നമ്മടെ  മോള്‌! "

രമണിയുടെ  ശബ്ദം. കുമാരനതു  കേട്ടു. നിറകണ്ണോടെ കുഞ്ഞിനെ കണ്ടു. കണ്ണീരോടെ  അവളെ  തലോടി.തുടുത്ത മുഖത്തെ കുഞ്ഞിക്കണ്ണുകൾ അപ്പോൾ  ഒന്നു  തുറന്നടഞ്ഞു.

"അതേയ് 
ടീവില്, ഇപ്പഴും  അതുതന്ന്യാ  വാർത്ത ...!     ഒരോരിടത്ത്   യുദ്ധം കഴിഞ്ഞതു പോലെണ്ട്‌.
എന്തൊക്കെയാ  ചിതറി കെടക്കണത് !
അരിസഞ്ചിയും,
മരുന്നോളും, കുഞ്ഞിക്കൊടകളും, കീറിയ കുപ്പായങ്ങളും  പുസ്തകങ്ങളും ബാഗുകളും.... !  കുട്ട്യോള് സ്കൂളി  പോണ  നേരായിരുന്നില്ലേ ? ഈശ്വരാ... ഒരു കുഞ്ഞിനു പോലും  ഒന്നും പറ്റീട്ടുണ്ടാകരുതേ !" രമണി നെടുവീർപ്പോടെ പ്രാർത്ഥിച്ചു.

"റോസ് നിറത്തിലുള്ള, സ്വർണ്ണ പൂക്കൾ  വിതറിയതുപോലുള്ള  ഒരു കുഞ്ഞുടുപ്പ്! അതാ,  നമ്മടെ മോൾക്ക് വാങ്ങീത്!"

വിക്കിവിക്കിക്കൊണ്ട് ഏതോ  സ്വപ്നത്തിലെന്ന പോലെ, കുമാരൻ  പിറുപിറുത്തു . 

"ഒക്കെ ആ ഡ്രൈവറ്  പറഞ്ഞു  ! പോട്ടേന്ന്! പെണ്ണിനിനീം എത്രേങ്കിലും ഉടുപ്പോള്  വാങ്ങാലോ.... വളരുമ്പോ വളരുമ്പോ മാറ്റി മാറ്റി ഇടാൻ!
പക്ഷെ  ഇങ്ങക്കു വല്ലോം പറ്റീരു  ന്നെങ്കില്!" മുടിയിൽ ഒന്നുകൂടി  വിരലോടിച്ചു കൊണ്ട്  രമണി  പറഞ്ഞു. 

"അതാത്  പ്രായത്തില്, കീറാത്ത ഉടുപ്പായി, ഒരു കവചായി, രക്ഷയ്ക്കുണ്ടാകണ്ടത് 
അച്ഛൻ തന്ന്യാ! ഏതുടുപ്പിടുന്ന പ്രായത്തും,  സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആവോളം പെൺകുട്ട്യോൾടെ   ഒപ്പം  വേണ്ടത്  അച്ഛൻ തന്നെ 'ല്ലെ !"
ആശ്വാസത്തിന്റെ നിശ്വാസവുമായി രമണിയുടെ വാക്കുകൾ.

രമണിയുടെ  മടിയിൽ  കിടന്നുകൊണ്ട്  കുഞ്ഞിപ്പെണ്ണപ്പോൾ ചെറുതായൊന്നു ഇളകി.    ചുണ്ടിലൊരു  ചെറു പുഞ്ചിരി മിന്നിമറഞ്ഞു.  പാതിതുറന്ന   കുഞ്ഞിക്കണ്ണുകളിലെ നക്ഷത്രശോഭ ഒന്നുകൂടി വിളങ്ങി.  അമ്മയുടെ പറച്ചിൽ ഏറെ രസിച്ചെന്ന മട്ടിൽ .

read more: https://emalayalee.com/writer/189

Join WhatsApp News
Mohan das 2022-06-23 09:59:55
Nice story
Meera 2022-06-23 11:16:09
Thank you Mohan das..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക