Image

പ്രവാസഭൂമിയിലെ പ്രഥമ ക്രിസ്തുമസ്‌ (സരോജ വർഗീസ്, ഫ്ലോറിഡ)

Published on 09 December, 2022
പ്രവാസഭൂമിയിലെ പ്രഥമ ക്രിസ്തുമസ്‌ (സരോജ വർഗീസ്, ഫ്ലോറിഡ)

അമ്പത് വർഷങ്ങൾക്ക്  മുമ്പുള്ള ഒരു സുന്ദര സായാഹ്‌നം. ന്യുയോർക്ക് ജെ എഫ് കെ വിമാനത്താവളത്തിൽ ഞാൻ വന്നിറങ്ങിയ സായം സന്ധ്യ. പ്രവാസ ഭൂമിയിൽ ആദ്യമായി കാലുകുത്തിയ അസുലഭനിമിഷം. ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ശുഭസായാഹ്നം. ഇമ്മിഗ്രേഷൻ പരിപാടികളെല്ലാം കഴിഞ്ഞു പുറത്തുവന്നപ്പോൾ ഏതോ മായാപ്രപഞ്ചത്തിലെത്തിയ പ്രതീതി. കൃസ്തുമസ്സ്‌ കാലമായിരുന്നതുകൊണ്ട് വിമാനത്താവളം വിവിധ വർണ്ണങ്ങളിലുള്ള വൈദ്യുതിവിളക്കുകളാൽ  പ്രഭാപൂരിതമായിരുന്നു.  വിസ്തൃതമായ കെട്ടിടത്തിന്റെ വിവിധഭാഗങ്ങളിലായി അലങ്കാരങ്ങളോടുകൂടി ഉയർന്നുനിൽക്കുന്ന  കൃസ്തുമസ്മരങ്ങൾ. അവയുടെ ശിരസ്സിൽ വെട്ടിത്തിളങ്ങുന്ന നക്ഷത്രവിളക്കുകൾ,. 
എന്നെ സ്വീകരിക്കാനെത്തിയ സഹോദരിയും ഭർത്താവുമൊത്ത് വെളിയിലിറങ്ങിയപ്പോൾ കണ്ടത് ഒരു പുതിയ ലോകം. കാറുകളുടെ നീണ്ട നിര, വിവിധ വേഷധാരികളായ, വിവിധ ഭാഷക്കാരായ യാത്രക്കാർ. എന്തൊരത്ഭുത ലോകം. ഇപ്പോൾ ഞാനും ഈ പുതിയ ലോകത്തിന്റെ ഒരു ഭാഗമായിത്തീരുന്നു എന്ന ചിന്ത എന്നിൽ അൽപ്പം പരിഭ്രാന്തി ഉളവാക്കാതിരുന്നില്ല. ഞങ്ങളുടെ വസതിയെ ലക്ഷ്യമാക്കി കാർ നീങ്ങിത്തുടങ്ങി.
നോക്കെത്താത്ത ദൂരത്തിൽ വൈവിധ്യമാർന്ന കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ അത്ഭുതം വാക്കുകൾക്ക് അതീതമാണ്. സമയം രാത്രി ഒമ്പത് മണി എന്ന് സഹോദരി പറഞ്ഞു. ന്യുയോർക്ക് സിറ്റി അല്ലെങ്കിൽ മൻഹാട്ടനിൽ ആണ് നമ്മുടെ അപ്പാർട്ട്‌മെന്റ്. റോഡിൽ വലിയ തിരക്കില്ലെങ്കിൽ ഏകദേശം ഒരു മണിക്കൂറുകൊണ്ട് നാം അവിടെയെത്തും എന്ന് സഹോദരി അറിയിച്ചു. യഥാസമയം വീട്ടിലെത്തിയ എനിക്ക് എന്തോ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതുപോലെ. വീട്ടിൽ നടത്തേണ്ട കൃസ്തുമസ് അലങ്കാരങ്ങളെക്കുറിച്ചും അതിനു വേണ്ടുന്ന ഷോപ്പിംഗിനെക്കുറിച്ചുമെല്ലാം സഹോദരി സംസാരിച്ചുകൊണ്ടേയിരുന്നു.
എന്റെ കിടക്കമുറിയുടെ ജനാലവിരികൾ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ അൽപ്പം അകലെയായി കണ്ട കാഴ്ച എത്രയോ സുന്ദരമായിരുന്നു . ഇത്തരം ഒരു പാലം കടന്നാണ് ഞങ്ങൾ വിമാനത്താവളത്തിൽനിന്നും വീട്ടിൽ എത്തിയത്. എന്നാൽ എന്റെ മനസ്സ് വിവിധവികാരങ്ങളാൽ പ്രക്ഷുബ്ധമായിരുന്നതിനാൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കാണുന്ന ഈ സുന്ദരപാലത്തെക്കുറിച്ചറിയാനുള്ള എന്റെ ആകാംക്ഷ അടക്കിവയ്ക്കാൻ സാധിച്ചില്ല. ന്യുയോർക്കിനെയും ന്യുജേഴ്‌സിയേയും പരസ്പരം  ബന്ധിപ്പിക്കുന്ന ജോർജ്ജ് വാഷിങ്ടൺ  ബ്രിഡ്ജ് ആണ് അതെന്നും ഹഡ്സൺ നദിയുടെ മീതെയാണ് അത് പണികഴിപ്പിച്ചിരിക്കുന്നതെന്നും സഹോദരി വിവരിച്ചുതന്നു. പാലത്തെ അലങ്കരിച്ചിരിക്കുന്ന വൈദ്യുതിവിളക്കുകൾ നയനാനന്ദകരമായി തോന്നി.


പിറ്റേദിവസമാണ് എന്നെ സ്പോൺസർ ചെയ്തിരിക്കുന്ന  ആശുപത്രിമേധാവികളുമായുള്ള എന്റെ പ്രഥമകൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും എത്തിയ ഒരു മലയാളി യുവതിയുടെ സ്ഥിരമായ വേഷം, സാരി ധരിച്ചാണ് ഞാൻ ആശുപത്രിയിലേക്ക്  പോയത്. വേദനകളുടെയും നെടുവീർപ്പുകളുടെയും പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന ആശുപത്രിയുടെ  ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്റെ സങ്കല്പങ്ങളെല്ലാം അസ്ഥാനത്തായി എന്ന് തോന്നി. സന്ദർശനമുറികളും ഇടനാഴികളുമെല്ലാം കൃസ്തുദേവന്റെ തിരുപ്പിറവിക്കായി ഒരുങ്ങി കാത്തുനിൽക്കുന്നു.  കൃസ്തുമസ് ട്രീകളും  വർണ്ണാഭമായ ദീപാലങ്കാരങ്ങളും, തിളക്കമാർന്ന നക്ഷത്രവിളക്കുകളും കൊണ്ട് പ്രശോഭിതമായ ആശുപത്രി. എന്നെ സ്വാഗതം ചെയ്തു ഡയറക്ടറുടെ  മുറിയിലേക്കാനയിച്ച സെക്രട്ടറിയുടെ പുഞ്ചിരിച്ച മുഖവും, "ഹലോ വെൽക്കം" എന്നു  പറഞ്ഞ്,  ഹസ്തദാനം ചെയ്ത പെരുമാറ്റരീതിയും എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പരിഭ്രാന്തിയെ ഒരു പരിധിവരെ കുറച്ചു  എന്ന് തന്നെ പറയാം. ഡയറക്ടറുടെ സൗമ്യതയും സംസാരത്തിൽ അവർ പാലിച്ച  വ്യക്തതയും അമേരിക്കയിലെ എന്റെ ഔദ്യോഗികജീവിതത്തിൽ ഒരു നാഴികക്കല്ലായിരുന്നു.
ജോലിയിൽ പ്രവേശിച്ച് ഒരാഴ്ച കഴിഞ്ഞ ഒരു സുപ്രഭാതം. പതിവുപോലെ ജോലിക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വീട്ടിൽ നിന്നും എട്ടോ പത്തോ മിനിറ്റ് നടന്നാൽ ആശുപത്രിയിലെത്തും. ജനാലയിൽ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ അമ്പരിപ്പിച്ചു. വീടിന്റെ മുൻവശത്തുള്ള റോഡിലും ഓരങ്ങളിലുമെല്ലാം ഏതോ ഒരു വെള്ളപ്പൊടി വാരിവിതറിയപോലെ. റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളെല്ലാം ഈ പൊടിയിൽ മൂടപ്പെട്ടിരിക്കുന്നു. ഇല കൊഴിഞ്ഞു അസ്ഥിപജ്ഞരം പോലെ നിൽക്കുന്ന വൃക്ഷക്കൊമ്പുകളിൽ തൂവെള്ളപ്പൊടി പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ച മനോഹരമായി തോന്നി. സഹോദരി പറയുന്നു "ഇത് മഞ്ഞുകാലമല്ലേ,  മഞ്ഞു പെയ്തുതുടങ്ങേണ്ട സമയമായി. ഇത് വെറും  ഡസ്റ്റിങ്.  ഫ്ലറീസും, ഷവേഴ്‌സും, ബ്ലിസാർഡും ഒക്കെ വരാൻ പോകുന്നേയുള്ളു. ഇത് താമസിയാതെ ഉരുകിപോയ്ക്കൊള്ളും.”


"മഞ്ഞുപെയ്യുന്ന രാവിൽ യേശുദേവൻ ബേത് ലേഹം പുൽക്കൂട്ടിൽ ജാതനായ്” എന്ന ഒരു ഗാനം അപ്പോൾ ഓർമ്മവന്നു.
ജോലിയിൽ പല ദിവസങ്ങളിലും വിവിധ ഡിപ്പാർട്മെന്റുകളിൽ കൃസ്തുമസ് പാർട്ടി കൊണ്ടാടപ്പെടുന്നു. പൊതുവെ, യേശുദേവൻ ഭൂജാതനായ ദിവസത്തിനു മുമ്പ് തന്നെ ലോകം അവന്റെ വരവേൽപ്പിനു വേണ്ടി ഒരുങ്ങുന്നു. 
ഈ പ്രവാസഭൂമിയിൽ എനിക്ക് അത്ഭുതവും ആനന്ദവും ഉളവാക്കിയ മറ്റൊരു പ്രതിഭാസമായിരുന്നു ഇവിടത്തെ ഷോപ്പിംഗ് മാളുകൾ. കടൽപോലെ പരന്നുകിടക്കുന്ന കാർപാർക്കിങ് സ്ഥലത്ത് എത്ര തവണ വട്ടം ചുറ്റി ഡ്രൈവ് ചെയ്താലാണ് ഒരു ഇടം ലഭിക്കുന്നത്. ഷോപ്പിംഗ് മാൾ  എന്ന കെട്ടിട സമുച്ചയങ്ങളുടെ ഒരു കവാടത്തിൽകൂടി അകത്തുകടന്നാൽ അതൊരു മായാപ്രപഞ്ചംതന്നെ. കൃസ്തുമസ് അലങ്കാരങ്ങളും പ്രഭാപൂരിതങ്ങളായ  വൈദ്യതിവിളക്കുകളും എല്ലാംകൊണ്ട് വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്ന ഒരു  അത്ഭുതലോകം.
നാട്ടിൽ പലപ്പഴും കേട്ടിരുന്ന ഒരു ചൊല്ല് എനിക്കോർമ്മ വന്നു. "അപ്പനെയും അമ്മയെയും ഒഴിച്ച് ബാക്കി എന്തും ഇവിടെ വാങ്ങാൻ കിട്ടും." എത്ര സത്യം. വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ജോലിക്കാരുണ്ടെങ്കിലും വാങ്ങുന്ന സാധനങ്ങൾക്ക് പണം കൊടുത്ത് പുറത്തിറങ്ങാൻ വളരെ നേരം നീണ്ട ക്യുവിൽ നിൽക്കണം. കൃസ്തുമസ് കാർഡുകളുടെ ഭാഗത്തെ തിരക്ക് വർണനാതീതം തങ്ങളുടെ പിഞ്ചോമനകളെ സാന്റാക്ളോസിന്റെ മടിയിലിരുത്തി ഫോട്ടോ എടുക്കാൻ വെമ്പുന്ന മാതാപിതാക്കൾ. ചില കുട്ടികൾ പൊട്ടിച്ചിരിക്കുമ്പോൾ മറ്റു ചിലർ ആർത്തുകരയുന്നു. എന്തൊരു വൈവിധ്യമാർന്ന  ലോകം. 

ഈ ധാരാളിത്തത്തിന്റെ ഇടയിലും കൃസ്തുമസ് ഫാദറിന്റെ വേഷത്തിൽ ഒരു കൈമണികിലുക്കി നിർഭാഗ്യവാന്മാരായ ഒരു കൂട്ടർക്കുവേണ്ടി ദാനമായി പണം പിരിക്കുന്നവരെയും, തന്റെ കുട്ടികളെക്കൊണ്ട് ആ തൊട്ടിയിൽ പണം നിക്ഷേപിപ്പിക്കുന്ന മാതാപിതാക്കളെയും കണ്ടു. ഉള്ളവൻ ഇല്ലാത്തവനുമായി പങ്കുവയ്ക്കാൻ വരും തലമുറയെ അഭ്യസിപ്പിക്കുന്നു. 
ഡിസംബർ 24. ഞങ്ങളുടെ വാസസ്ഥലത്തിനടുത്തുള്ള "സെന്റ് റോസ് ഓഫ് ലിമ (St.Rose Of Lima) എന്ന റോമൻ കാത്തലിക്ക് ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന പാതിരാക്കുർബാനയിലാണ് ഞാൻ സംബന്ധിച്ചത്. വിസ്തൃതമായ ആ ദേവാലയം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പരിഷ്കൃത രാജ്യമായ അമേരിക്കയിലെ ജനങ്ങൾ അവരുടെ ആഡം ബരജീവിതത്തിനിടയിലും ദൈവസന്നിധിയിൽ ഒന്നിച്ചുകൂടുന്നതിനും  കർത്താവിന്റെ തിരുജനനത്തിൽ പങ്കാളികളാകുന്നതിനും സമയം കണ്ടെത്തുന്നു. 
അസത്യത്തിൽ നിന്നും സത്യത്തിലേക്കും, അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേയ്ക്കും, മരണത്തിൽ നിന്നും ജീവനിലേയ്ക്കും ലോകത്തെ നയിക്കാൻ കഴിവുള്ള ആ മഹാത്മാവിന്റെ വരവിനായി, സർവജനത്തിനും മഹാസന്തോഷം പകരാൻ കഴിവുള്ള ആ മഹാപ്രഭുവിന് വേണ്ടി ആബാലവൃദ്ധം മനുഷ്യരാശി ഒരുങ്ങി കാത്തിരിക്കുന്ന തണുപ്പുള്ള ഡിസംബർ.
പ്രവാസഭൂമിയിലെ എന്റെ പ്രഥമ കൃസ്തുമസ് അനുഭവങ്ങൾ എന്റെ വായനക്കാരുമായി അര നൂറ്റാണ്ടിനുശേഷം പങ്കു വയ്ക്കുന്നു. ഒപ്പം എല്ലാ വായനക്കാർക്കും ആനന്ദകരമായ കൃസ്‌തുമസ്സ്‌ ആശംസിക്കുന്നു.

# My First Christmas in America- Artcle by Saroja Varghese

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക