Image

ദേശാടനക്കിളികൾ മാത്രമല്ല; നാട്ടുപക്ഷികളും കുമരകത്ത് പാറിടട്ടെ : ആൻസി സാജൻ

Published on 06 April, 2023
ദേശാടനക്കിളികൾ മാത്രമല്ല; നാട്ടുപക്ഷികളും കുമരകത്ത് പാറിടട്ടെ : ആൻസി സാജൻ

രാജ്യാന്തര സമ്മേളനമായ G-20 കുമരകത്ത് അത്യന്തം ഉയർന്ന സംഘാടകമികവോടെ നടത്തപ്പെട്ടു. വ്യാവസായികമായി വികസിച്ചതും സാമ്പത്തികമായി ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ Group 20 സമ്മേളനം സർക്കാർ തലത്തിൽ വമ്പിച്ച ആഘോഷമായി.  

1999 സെപ്റ്റംബർ 26 - നാണ് ജി - 20 നിലവിൽ വന്നത്. 19 പ്രമുഖ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന രാജ്യാന്തര ഗ്രൂപ്പാണ് G-20. അംഗരാജ്യങ്ങളിലെ ഉയർന്നതല ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് ഇത്തവണ ഷെർപസമ്മേളനം എന്ന പേരിൽ കുമരകത്ത് അരങ്ങേറിയത്.

ഇടയ്ക്കൊക്കെ 
വീടുകളിൽ വിരുന്നു കാരെത്തുന്നത് എന്തുകൊണ്ടും ഏറ്റം നല്ല കാര്യമാണ്. വീടും പരിസരവും ഏറ്റം സുന്ദരമാകുന്ന സമയം.
എത്ര മിനുക്കിയാലും തൂത്തു തുടച്ചാലും അടുക്കിപ്പെറുക്കിയാലും ആതിഥേയർക്ക് മതിയാവില്ല. അതിഥികളുടെ പ്രാധാന്യമനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങളും വിശ്രമ വിനോദോപാധികളുമടങ്ങിയ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിരുന്നുകാരെത്തി ആസ്വദിച്ച് ആഹാ വച്ച് തിരികെ മടങ്ങുമ്പോഴുള്ള ആ ആനന്ദം പറയുവതല്ല.
അങ്ങനെയൊരു പരമാനന്ദത്തിന്റെ ആലസ്യത്തിലാണിപ്പോൾ കുമരകം മയങ്ങുന്നത്. പാടീട്ടും പറഞ്ഞിട്ടും മതിയായിട്ടില്ല പാണൻമാർക്കൊന്നും.

അന്തർദ്ദേശീയ ടൂറിസം ഭൂപടത്തിൽ  തലയെടുപ്പോടെ നിൽക്കുന്ന കുമരകം ഭാരതത്തിന്റെ തന്നെ ഭാഗ്യതാരകമാണ്. മനസ്സ് മയക്കുന്നത്ര ഹരിതാഭയും ജലസമൃദ്ധിയും കാഴ്ചകളും കൊണ്ട് നിറഞ്ഞ ഈ ഭൂമിയിടം നമ്മുടെ കേരളത്തിലാണ് എന്നതോർത്ത് ലോകത്തിലെവിടെയുമുള്ള മലയാളിക്ക് അഭിമാനിക്കാം.

G-20 സമ്മേളന പ്രഖ്യാപനത്തോടെ കുമരകം അണിഞ്ഞൊരുങ്ങിത്തുടങ്ങി. റോഡുകൾ സുന്ദരമാക്കി , പാലം പണികൾ വേഗത്തിലാക്കി , മാലിന്യക്കൂനകൾ നീങ്ങി, കാടുകളും അഹിതവളർച്ചകളും വെട്ടിയൊതുക്കി, കായൽ മുഖം പോളകളകന്ന് അതിസുന്ദരമായി. വഴിയോരക്കടകൾ പോലും ചമയം ചുറ്റി. നാട്ടുകാരും അൽഭുതക്കാഴ്ചകളിൽ മതിമയങ്ങി.

എത്രവേഗത്തിലും അത്യുദാരവുമായാണ് നിയമങ്ങളും സർക്കാർ കരങ്ങളും പ്രവർത്തിച്ചത് ! രാജ്യത്തിനു മുഴുവൻ മാതൃകയാക്കാവുന്ന കാര്യങ്ങൾ !
വേണേ ചക്ക വേരിലും...

കുമരകം ആഗോള വ്യാപകമായി ഏറ്റമുയർന്ന ശ്രദ്ധയാകർഷിച്ച സമയമാണിത്. ഈ മനോഹര തീരം ഇനിയും കൂടുതൽ മനോജ്ഞമായി ഉയരട്ടെ.

ഇതിനിടയിലൂടെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുവാൻ ആഗ്രഹിക്കുകയാണ്.
ഏതൊരു നാട്ടിലെയും സൗകര്യങ്ങളും മാനസികോല്ലാസ നിർമ്മിതികളും അന്നാട്ടിലെ ജനങ്ങൾക്കു കൂടി അവകാശപ്പെടേണ്ടതാണ്. സാധാരണ പൗരന് അതിലൊന്നും പങ്കുമില്ല പ്രവേശനവുമില്ല എന്നു വരുന്നത് പരിതാപകരവും സങ്കടവുമാണ്.
അത്തരമൊരവസ്ഥ, വിനോദ സഞ്ചാര ഭൂപട പ്രധാനിയായ കുമരകത്തിനുണ്ടെന്നത് പരിതാപകരമല്ലേ..?

കുമരകത്ത് പോയി എന്നു പറയുമ്പോൾ കോട്ടയത്തുള്ളവർ പോലും ചോദിക്കും. അവിടെ എന്താണുള്ളത്?
പക്ഷി സങ്കേതമുണ്ട് , കായൽ കാഴ്ചകളുണ്ട് രുചിവിഭവങ്ങളുണ്ട് തെങ്ങിൻ കള്ളുണ്ട് എന്നൊക്കെ പറഞ്ഞാൽ അവർ കണ്ണുമിഴിക്കും.
അന്യജില്ലക്കാരാണെങ്കിലും പറയും..
ബസിൽ പോരുമ്പോൾ ഇരുവശങ്ങളിലും കുറെ മരങ്ങളും പാടങ്ങളും കാണാം. വേറെ എന്താണുള്ളത്?

കുമരകം കാഴ്ചകൾ മുഴുവനും നക്ഷത്ര റിസോർട്ടുകളിൽ പണം മുടക്കി താമസിക്കുന്നവർക്കുള്ളതാണ്..
എണ്ണമറ്റ ഹോട്ടലുകളും റിസോർട്ടുകളുമാണ് കായലിൽ അലയടിക്കുന്ന ഓളങ്ങളുടെ പോലും അതിരവകാശികൾ .
സാധാരണക്കാർക്ക് വന്നിരുന്ന് കാറ്റു കൊള്ളാനോ കാഴ്ചകൾ കാണാനോ പ്രവേശനാനുമതിയുള്ള ഒരൊറ്റയിടം പോലും കുമരകത്തുണ്ടെന്നു തോന്നുന്നില്ല. മിതമായ ഫീസോടെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിനോദസജ്ജീകരണങ്ങൾ കുമരകത്ത് ആരംഭിക്കേണ്ടതുണ്ട്.
അതിരില്ലാത്ത പോലെ കിടക്കുന്ന പാടങ്ങളും വെള്ളവും വഞ്ചി വീട് സാധ്യതകളും സർക്കാർ സംവിധാനങ്ങൾ വഴി നാട്ടുകാരായ സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന വിധം സജ്ജീകരിക്കാമല്ലോ..

കോടിമത ജെട്ടി വഴി മുഹമ്മയ്ക്കും ആലപ്പുഴയ്ക്കുമൊക്കെ പോകാൻ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളുണ്ട്. 15 - 20 രൂപ കൊടുത്താൽ സുഖദമായ ജലക്കാഴ്ചകൾക്കൊപ്പം സഞ്ചരിക്കാം. പതിനായിരങ്ങൾ മുടക്കി ഹൗസ്ബോട്ടിൽ പോയാലുള്ള അതേ കാഴ്ചകൾ കാണാം.
വിദേശികൾ ഇങ്ങനെ സഞ്ചരിക്കുന്നത് കാണാറുണ്ട്. നമ്മുടെ ആളുകൾക്ക് അതേപ്പറ്റി വേണ്ടത്ര അറിവുണ്ടെന്ന് തോന്നുന്നില്ല. അറിയിക്കണം.

G-20 ക്ക് ഉയർത്തിയ ദീപപ്രഭകളും മറ്റലങ്കാരങ്ങളുമൊക്കെ കാണാൻ ഇപ്പോഴും ആളുകളെത്തുന്നുണ്ട്. ഇടയ്ക്ക് ഒന്നിരിക്കാനോ വിശ്രമിക്കാനോ ഒരു പൊതു ഇടം കുമരകത്തില്ല.

തണ്ണീർമുക്കം ബണ്ടും പരിസരങ്ങളും അതി മനോഹരമായ വർണ്ണദീപ പ്രഭയിൽ വിളങ്ങി G-20 യിൽ.
അത് കാണാൻ ധാരാളം പേർ എത്തിയിരുന്നു.
ബണ്ടിനരികിലും ധാരാളം സർക്കാർ സ്ഥലങ്ങൾ ഉണ്ടെന്ന് തോന്നുന്നു. അവിടമൊക്കെ ഒരുക്കി ജനത്തിന് കൊടുത്തുകൂടെ ...?

വിപുലമായ രീതിയിൽ വർഷം തോറും കുമരകം ഫെസ്റ്റിവൽ നടത്തുന്നതും നല്ലതല്ലേ..?
റിസോർട്ടുകൾക്കും വഞ്ചിവീടുകൾക്കുമൊപ്പം നാട്ടുകാർക്കും പങ്കാളിത്തം ഉറപ്പാക്കിയാൽ പ്രദേശത്ത് ആവേശവും ഉൽസാഹവും വളരുകയും അതുവഴിയുള്ള സാമ്പത്തിക ഉൽക്കർഷ ലക്ഷ്യം നേടുകയും ചെയ്യാമല്ലോ...!
.
വൃത്തിയുള്ള പരിസരവും സൗകര്യപ്രദമായ റോഡുകളും മറ്റ് ആകർഷകമായ സാധ്യതകളും ഉയർന്നാൽ കുമരകത്തെ ജനങ്ങൾക്കു മാത്രമല്ല കേരളത്തിന് മുഴുവനും നേട്ടങ്ങൾ വന്നു ചേരും.

നയതന്ത്ര പ്രതിനിധികൾക്കും വിദേശ സഞ്ചാരികൾക്കും ദേശാടനക്കിളികൾക്കും മാത്രമല്ല; നാട്ടുകാരായ സാധാരണക്കാർക്കും അനുഭവവേദ്യമാകണം കുമരകം.

https://m.facebook.com/story.php?story_fbid=pfbid038LifNepCuwn12qifzwjGQFqMDXSmb7HZguyAEbKdrYri29f8CVqbNJi5uhkA9yScl&id=100000292598966&sfnsn=wiwspwa&mibextid=KqmhJm

Join WhatsApp News
Rarima 2023-04-06 11:10:59
Nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക