Image

യു.ആര്‍ അണ്ടര്‍ അറസ്റ്റ് (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 06 April, 2023
യു.ആര്‍ അണ്ടര്‍  അറസ്റ്റ് (രാജു മൈലപ്രാ)

ഒന്നും ഒരിക്കലും ശാശ്വതമല്ല- ഒന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും ഏതെല്ലാം പിതിയ അവസ്ഥകളിലേക്കാണു വിധി നമ്മളെ കൊണ്ടെത്തിക്കുന്നത്.

അല്ലെങ്കില്‍പ്പിന്നെ, കഴിഞ്ഞ പത്തുനാല്‍പതു കൊല്ലമായി താമസിച്ചിരുന്ന, കൈവെള്ളപോലെ കാണാപാഠമായിരുന്ന സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നും, കൂടുംകുടുക്കയുമെടുത്ത്, ഒരു സുപ്രഭാതത്തില്‍ ഫ്‌ളോറിഡയിലേക്കു ചേക്കേറുമോ?

എത്രയെത്ര അനുഭവപരമ്പരകളാണ് സ്റ്റാറ്റന്‍ ഐലന്‍ഡ് എനിക്കു സമ്മാനിച്ചത്-എന്നെന്നും ഓര്‍മ്മിക്കുവാന്‍ ഇഷ്ടപ്പെടുന്ന, ഒരിക്കലും മറക്കുവാന്‍ കഴിയാത്ത സംഭവങ്ങള്‍.

ഏതു സാഹചര്യത്തിലും, ഊണിലും ഉറക്കത്തിലും കട്ടക്കു കൂടെ നിന്ന ഒരു വലിയ സുഹൃത് വലയം കൂടെയില്ലാത്തത് ഒരു വലിയ നഷ്ടം തന്നെ.

എന്റെ കൈയിലിരിപ്പുകൊണ്ട്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രമ്പിനും, പിന്നീട് വളരെ കുറച്ചു മലയാളികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള ഒരു അംഗീകാരവും, ആദരവും ന്യൂയോര്‍ക്ക് സിറ്റി പോലീസില്‍ നിന്നും എനിക്കു ലഭിച്ചു.

സമയോചിത ഇടപെടല്‍ മൂലം ഞാന്‍ നടത്തിയ ഒരു സാമൂഹ്യ സേവനത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു സ്ഥിരീകരിച്ചതിനു ശേഷമാണ് അവര്‍ എന്നെ ഇതിലേക്കു തിരഞ്ഞെടുത്തത്.
അല്ലാതെ നമ്മുടെ ഫൊക്കാന-ഫോമാ-പ്രസ്‌ക്ലബ് ത്രമൂര്‍ത്തികള്‍ നല്‍കുന്നതു പോലെയുള്ള ഒരു സുഖിപ്പിക്കല്‍ ഉണ്ടായിപ്പു അവാര്‍ഡ് അല്ലായിരുന്നു ഇത്.

സംഭവത്തിന്റെ ഏകദേശ രൂപം ഇങ്ങനെയാണ്. ഒരു ദിവസം കൂട്ടുകാരുമൊത്ത് ഒന്നു കറങ്ങിത്തിരിഞ്ഞ് കിറുങ്ങി വീട്ടിലെത്തിയ എന്നെ സ്വീകരിച്ചത് ഒരു മൂകാന്തരീക്ഷം. എവിടെയോ എന്തോ സ്‌പെല്ലിംഗ് മിസ്‌ററേക്ക്.

എന്റെ വീട്ടിലെ ഒരു കുട്ടിയോട്, ഏതോ ഒരു അങ്കില്‍ അപമര്യാദയായി എന്തോ പറഞ്ഞുവത്രേ!
കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം പ്രതികരിക്കാം എന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ പതിവുശൈലി പിന്തുടരാതെ, സംഭവത്തിന്റെ വിശദവിവരങ്ങള്‍ അന്വേഷിക്കാതെ തന്നെ ഞാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ഏതു കാര്യത്തിനും എടുത്തു ചാടുന്നതിനു മുമ്പ്, നമുക്കൊരു സെല്‍ഫ് കോണ്‍ഫിഡന്‍സ് ബില്‍ഡ് അപ്പ് ചെയ്യണമല്ലേ- അതിനായി എന്റെ സീക്രട്ട് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 'ഹെന്നസി' എടുത്ത്, വെള്ളം തൊടാതെ ഒരു ലാര്‍ജ് വീശി.

എന്റെ സിരകള്‍ ഉണര്‍ന്നു. തലയില്‍ അവശേഷിച്ചിരിക്കുന്ന മുടികള്‍ എഴുന്നേറ്റു നിന്നു. പകലോ മറ്റത്തിന്റെ പാരമ്പര്യമുള്ള കുടുംബപരമ്പരയില്‍പെട്ട എന്നോടാ കളി?

 ശത്രുവിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് 'എടാ! പട്ടി പുലയാടി മോനേ!' എന്ന സംബോധനയോടുകൂടി സംഭാഷണം ആരംഭിച്ചു.
അവനൊരു മര്യാദക്കാരനായതുകൊണ്ട്, തിരിച്ചൊന്നും പറയാതെ ഫോണ്‍ കട്ടു ചെയ്തു. അത് എന്നെ കൂടുതല്‍ പ്രകോപിപ്പിച്ചു.
വീണ്ടും ഞാന്‍ അവനെ അന്നു രാത്രി പലതവണ വിളിച്ച്, അവന്റെ തന്തക്കും തള്ളക്കും പറഞ്ഞു. മലായളത്തിലും, തമിഴിലുമായി അറിയാവുന്ന സകല തെറികളും, പിന്നീട് അപ്പോള്‍ ഞാന്‍ തന്നെ കണ്ടു പിടിച്ച ഡിക്ഷണറിയിലില്ലാത്ത കുറെ പുതിയ അശ്ലീല പദങ്ങളും, തൊടുത്തു വിട്ടു. ആ രാത്രിയില്‍ തന്നെ അവനെ തട്ടിക്കളയുമെന്നുള്ള ഭീഷണിയും മുഴക്കിയിട്ടാണ് ഞാന്‍ സംഭാഷണം അവസാനിപ്പിച്ചത്. സത്യമായിട്ടും ഞാന്‍ ഇത്രമാത്രമേ ചെയ്തുള്ളൂ.
അയാളെ പത്തു തെറിവിളിച്ചതിന്റെ സായൂജ്യത്തില്‍ ഞാന്‍ കിടക്കയിലേക്കു വീണു.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍. ഏതവനാണോ ഈ നട്ടപ്പാതിരക്കു വിളിക്കുന്നത്-പരിചയമില്ലാത്ത നമ്പരാണ്. അവനാണെങ്കില്‍ നേരത്തെ പറയാന്‍ വിട്ടുപോയ രണ്ടു തെറികൂടി വിളിക്കണമെന്നു കരുതി ഫോണ്‍ കൈയിലെടുത്തു.
'ഹലോ! ദിസ് ഈസ് പോലീസ്-'
'പോലീസ്? വാട്ട്‌സ് ദ മാറ്റര്‍.'
'നിനക്കെതിരെ ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ വരെ ഒന്നു വരണം.-'

കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടുവാന്‍ കുറച്ചു സമയം എടുത്തു. ഞാന്‍ അസഭ്യം പറഞ്ഞ വ്യക്തി, അതുമൊത്തം റിക്കാര്‍ഡ് ചെയ്തു അപ്പോള്‍ തന്നെ ഒരു പരാതി കൊടുത്തു.

എനിക്കു നല്ല സുഖമില്ലെന്നും, രാത്രിയില്‍ വരുവാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞതും അവര്‍ അംഗീകരിച്ചു.
'സീയൂടുമാറോ-ഗുഡ്‌നൈറ്റ്' എന്ന ആശംസകളോടെ ആ രംഗം അവിടെ അവസാനിച്ചു.

നേരം പരപരാന്നു വെളുത്തു വരുന്നതേയുള്ളൂ. ആരോ ഡോര്‍ ബെല്‍ അടിക്കുന്നു.

വാതില്‍ തുറന്നു നോക്കിയപ്പോള്‍, ജീന്‍സും ടീഷര്‍ട്ടും ധരിച്ച രണ്ടുപേര്‍-ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടീം.

മലയാളി മാമന്‍മാര്‍ ്അല്ലാത്തതുകൊണ്ട് പിരിവുകാരല്ലെന്നു മനസ്സിലായി.

'ആരാ?'

'പോലീസ്'-അവര്‍ കഴുത്തിലഞ്ഞിരുന്ന ബാഡ്ജ് കാണിച്ചു.
'സാറു സ്‌റ്റേഷനില്‍ വരെ ഒന്നു വരണം.'


'നിങ്ങളു പൊയ്‌ക്കോ-ഞാനങ്ങ് എത്തിക്കോളാം.'

'അതു വേണ്ടാ-നിനക്കു നല്ല സുഖമില്ലന്നല്ലേ പറഞ്ഞത്. ഞങ്ങളുടെ കൂടെ വരണം-കാറു കൊണ്ടുവന്നിട്ടുണ്ട്.'

കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റു വന്ന എന്റെ വേഷം നാടന്‍ കൈലിയും ബനിയനുമാണ്.

എന്നാല്‍ ഞാനൊന്നു ഫ്രഷ് ആയി, വേഷമൊന്നു മാറിയിട്ടു വരാമെന്നു പറഞ്ഞു.


'നോ-യൂ ലുക്ക് ഫൈന്‍'


ആ വേഷത്തില്‍ത്തന്നെ അവര്‍ എന്നെ പോലീസ് കാറിലേക്കു ആനയിച്ചു. ഡോര്‍ തുറന്നു തന്നിട്ട്, എന്‍രെ തല എങ്ങും മുട്ടാതെ വളരെ കെയര്‍ഫുള്‍ ആയി കാറിലിരുത്തി-

പോലീസ് സ്‌റ്റേഷനിലും എനിക്കു മാന്യമായ സ്വീകരണമാണു ലഭിച്ച്. ഞാനൊരു സംഭവമാണെന്ന് നമ്മുടെ നേതാക്കന്മാര്‍ ആരെങ്കിലും വിളിച്ചു പറഞ്ഞു കാണുമായിരിക്കുമെന്നു ഞാന്‍ മനസ്സില്‍ കരുതി.
ഇരിക്കുവാന്‍ ഒരു കസേര തന്നിട്ട്, കുടിക്കുവാന്‍ എന്തെങ്കിലും വേണമോയെന്ന് ഒരു ഓഫീസര്‍ എന്നോടു ചോദിച്ചു.

എന്തൊരു വിനയം- എന്തൊരു ഭവ്യത.
ഇതാണു പോലീസ്-ഇതാവണം പോലീസ്.

നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ ഇതിനോടകം 'പോക്‌സോ' ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എന്നെ അകത്തിട്ടേനേ!

പേരും നാളുമൊക്കെ ചോദിച്ചിട്ട്, എന്റെ പത്തു വിരലിന്റേയും വിരലടയാളം പതിപ്പിച്ചു. അടുത്ത ചടങ്ങ് ഫോട്ടോയെടുപ്പായിരുന്നു. ഇടത്തോട്ടും, വലത്തോട്ടും പിന്നെ നേരെ നിന്നുമുള്ള ഫോട്ടോസ്. ഇതൊക്കെയെന്തിനാണെന്ന് എനിക്കത്ര പിടികിട്ടിയില്ല.

ആ ചടങ്ങ് കഴിഞ്ഞ് അയാള്‍ എന്നെ മറ്റൊരു ഓഫീസറെ ഏല്‍പിച്ചു. അദ്ദേഹം എന്നെ സ്വയം പരിചയപ്പെടുത്തി.

'ഞാന്‍ ലോറന്‍സ്-അറസ്റ്റിംഗ് ഓഫീസര്‍-' എവിടെയോ എന്തോ ഒരു അപകടം ഞാന്‍ മണത്തു. എഴുന്നേറ്റു നിന്നു, കൈരണ്ടും പുറകില്‍ കെട്ടുവാന്‍ പറഞ്ഞു. യാതൊരു മയവുമില്ലാതെ അയാള്‍ എന്റെ കൈകളില്‍ വിലങ്ങണിയിച്ചു.

എന്റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു.
എന്റെ കൈയില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തു. എന്ന പാട്ട് എന്റെ തലയ്ക്കുള്ളിലിരുന്നു ആരോ മൂളുന്നതു പോലെ. അയാള്‍ എന്നെ 'ഹോള്‍ഡിംഗ് സെല്ലിലേക്കു' ആനയിച്ചു. ഇരുമ്പു വാതില്‍ തുറന്ന് എന്നെ അകത്തു തള്ളിയിട്ട്, ഒരിക്കല്‍പ്പോലുമൊന്നു തിരിഞ്ഞുനോക്കാതെ അയാള്‍ നടന്നകന്നു.

കളി കാര്യമായെന്നു തോന്നു-
ഇനി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കും.
അതിനകത്തു പത്തു പതിനഞ്ചു കുറ്റവാളികള്‍ കിടപ്പുണ്ട്. കള്ളിന്റേയും കഞ്ചാവിന്റേയും രൂക്ഷഗന്ധം. ഭയങ്കര ഒച്ചയും ബഹളവും-ഒടുക്കത്തെ  തെറിവിളിയാണ്. ഒരു വാക്കു പറയണെങ്കില്‍ നാലു തവണ ഫ.... പറയും. ചെന്നായ്ക്കളുടെ ഇടയില്‍പ്പെട്ട കുഞ്ഞാടിനെപ്പോലെയായി ഞാന്‍-ഒരു തടിച്ച കറമ്പന്‍, എന്റെ തോളില്‍ക്കൂടി കൈയിട്ട് എനിക്കൊരു ചുടുചുംബനം നല്‍കി. വേറൊരുത്തന്‍, 'ഹായ് ഹണി' എന്ന് എന്നെ സംബോധന ചെയ്തു. ഇതിനിടയില്‍ക്കൂടി മറ്റൊരുത്തന്‍ എന്റെ കീറ്റക്‌സ് കൈലി പറിക്കുവാനൊരു ശ്രമം നടത്തി. ഭാഗ്യത്തിന് ഞാന്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നു. ആ കറമ്പന്‍മാരുടെ ഇടയില്‍, എന്റെ നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ മലയാളികള്‍ക്കു മൊത്തം നാണക്കേടായേനേ!

തലേന്നു രാത്രിയിലെ മാത്രമല്ല-ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ ഇതുവരെ സംഭരിച്ചിരുന്ന സകല ധൈര്യവും ചോര്‍ന്നുപോയി.

കൊച്ചുവെളുപ്പാന്‍ കാലത്തെ എന്നെ പൊക്കിക്കൊണ്ടു പോന്നതല്ലേ! വല്ലാത്തൊരു മൂത്ര ശങ്ക. കൂട്ടത്തില്‍ വലിയ ശല്യക്കാരനല്ലെന്നു തോന്നിച്ച ഒരുവനോടു ഞാന്‍ ശങ്കിച്ചു, ശങ്കയുടെ കാര്യം അവതരിപ്പിച്ചു. അയാള്‍ ആ സെല്ലിന്റെ ഒരു മൂലയിലേക്കു വിരല്‍ ചൂണ്ടി. ഒരു ഓപ്പണ്‍ ടോയിലറ്റ്-യാതൊരു പ്രൈവസിയുമില്ല. അതിനു മുകളിലിരുന്നൊരുവന്‍ പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയാണ്. ആ കാഴ്ച കണ്ടപ്പോള്‍ എന്റെ ശങ്ക വന്ന വഴിയേ തിരിയെ പോയി.

പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍, ഓരോരുത്തരെയായി കോര്‍ട്ടു റൂമിലേക്കു കൊണ്ടുപോയി. അവിടെ ജഡ്ജിയാണു അവരുടെ ഭാവി തീരുമാനിക്കുന്നത്.

ഏതു നശിച്ച സമയത്താണോ, ആ നാറിയെ ചീത്ത വിളിക്കാന്‍ തോന്നിയതെന്നോര്‍ത്തു ഞാന്‍ സ്വയം ശപിച്ചു. സമയം മുന്നോട്ടു പോവുകയാണ്. രണ്ട്, മൂന്ന്, മൂന്നര- അഞ്ചിനു കോടതി പിരിയും. ഇന്നു കാണാന്‍ പറ്റാത്തവരെ 'റൈക്കേഴ്‌സ് ഐലന്‍ഡി'ലെ ജയിലിലേക്കു കൊണ്ടു പോകും. ശനി, ഞായര്‍ അവധി. അതു കഴിഞ്ഞ് പിന്നെ തിങ്കളാഴ്ചയേ കോടതി തുറക്കൂ-'റൈക്കേഴ്‌സ് ഐലന്‍ഡി' ല്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ 'കുട്ടി മാമ്മ, ഞാന്‍ ഞെട്ടി മാമ്മ.' എന്റെ അകവാളുവെട്ടി.

പുണ്യവാളച്ചനും, പരുമലതിരുമേനിക്കും, ഒരു സപ്പോര്‍ട്ടിനു വേണ്ടി ശബരിമലയ്ക്കും നേര്‍ച്ച നേര്‍ന്നു.

നേര്‍ച്ച ഫലിച്ചെന്നു തോന്നുന്നു. നാലര ആയപ്പോള്‍ എന്റെ പേരു വിളിച്ചു. കൈകളില്‍ വീണ്ടും വിലങ്ങുവെച്ചു കൊണ്ടാണ് കോടതി റൂമിലേക്കു കൊണ്ടു പോയത്-തന്നെ നടക്കുവാന്‍ വയ്യാത്ത ഞൊനെങ്ങാനും ഇറങ്ങി ഓടിയാലോ? അതോ ഞാന്‍ ചാടിക്കയറി ജഡ്ജിയെ അറ്റാക്കു ചെയ്യുമെന്നു കരുതിയാണോ?
'എന്നാ പൈത്യക്കാരനടാ ഉളങ്കള്‍- നാട്ടുകാരെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുന്നു-ശവം'-

ജഡ്ജിയമ്മ തമിഴത്തിയാണ്-തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാനാറിയുന്ന, എന്നാല്‍ ഭാഗ്യത്തിന് എന്നെ അറിയാത്ത ഒരു തമിഴത്തി പെങ്കൊച്ചാണു ജഡ്ജി.

പരാതിക്കാരനോട് നേരിട്ടോ, ഫോണ്‍ മുഖാന്തരമോ, മറ്റു ദല്ലാളന്മാര്‍ മുഖാന്തിരമോ ഭീക്ഷണി മുഴക്കരുതെന്നും, അവനില്‍ നിന്നും അഞ്ഞൂറു അടി അകലം പാലിച്ചേ നടക്കാവുമെന്നുള്ള ഉത്തരവിട്ടു- ഏതായാലും ജയിലില്‍ പോകാതെ  വീട്ടില്‍ പോകാമെന്നുള്ള വിധി കേട്ടപ്പോള്‍ സമാധാനമായി.

കോടതി വിധി കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഭാര്യയും, സുഹൃത്തുക്കളായ സണ്ണി കോന്നിയൂരൂം, പ്രകാശും കോടതി മുറിയില്‍-രാവിലെ മുതല്‍ അവര്‍ അവിടെ ഉണ്ടായിരുന്നു. എന്റെ സ്വന്തത്തിലോ, ബന്ധത്തിലോപെട്ട ഒരു തെണ്ടിപോലും തിരിഞ്ഞു നോക്കിയില്ല. അത് അങ്ങിനെയാണ്.

നമുക്കൊരാപത്തോ, തളര്‍ച്ചയോ, വീഴ്ചയോ വന്നാല്‍ ബന്ധുക്കള്‍ കുറച്ചകലം പാലിക്കും-കേറി ഇടപെട്ടാല്‍ അവരുടെ കൈയിലെ കാശു നമുക്കു വേണ്ടി ചിലവാക്കേണ്ടി വന്നാലോ എന്ന ഒരു പേടി.
ഏതായാലും അതില്‍ പിന്നീട് ഞാനാരേയും ഭീക്ഷണിപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടില്ല.

'നിന്റെ നാവിനെ അടക്കി, അധരങ്ങള്‍ക്കു കടിഞ്ഞാണിടുക.
എന്നാല്‍ നീ അനര്‍ത്ഥങ്ങളില്‍ പെടാതെ രക്ഷപ്പെടും-'
ആമ്മീന്‍.

Join WhatsApp News
Thomaskutty, MI 2023-04-06 16:11:25
ഒരാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു രാജുവിനെ അറസ്റ്റ് ചെയ്തത് ശരിയായില്ല. ഇത് തികച്ചും വർണ്ണവിവേചനമാണ്. നമ്മുടെ സംഘടന നേതാക്കൾ പ്രതിഷേധിക്കണം. അല്ലെകിൽ ഇതുപോലെ ഉള്ള സംഭവങ്ങൾ വീണ്ടും ആവർത്തിച്ചെന്നു വരും.
ചിഞ്ചു സൂസൻ തോമസ് 2023-04-06 16:34:01
കിടു
Judge 2023-04-06 20:37:29
സംഭവം നടന്നതാണെങ്ക്ലും, ഇല്ലെങ്കിലും വിവരണം രസകരമായിരുന്നു. ആപത്തു ഘട്ടങ്ങളിൽ ബന്ധുക്കളെക്കാൾ നല്ലത്, എപ്പോഴും ആല്മമർത്ഥതയുള്ള സുഹൃത്തുക്കൾ തന്നെ.
Mallu 2023-04-06 20:50:36
Beautiful.
Thomas Thomas 2023-04-11 20:05:12
This is a real. He has told me this many many years back. I have heard this tape recording.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക