Image

ആത്മാക്കളുടെ സ്വകാര്യ സല്ലാപം (സരോജ വർഗ്ഗീസ്)

Published on 10 April, 2023
ആത്മാക്കളുടെ സ്വകാര്യ സല്ലാപം (സരോജ വർഗ്ഗീസ്)

ഓരോ ദിവസവും ഓർമ്മിക്കപ്പെടുന്ന ഒരാളിന്റെ ഓർമ്മദിനത്തിൽ കണ്ണുനീർമുത്തുകൾ അവനുറങ്ങുന്ന ആറടി മണ്ണിൽ  വേദനയുടെ നനവ് പരത്തുന്നു. വികാരങ്ങളുടെ തേങ്ങൽ കേട്ട് അവിടത്തെ മണൽത്തരികൾ ഒരു ചോദ്യചിഹ്‌നം പോലെ ഉരുണ്ടുകൂടുന്നു. പത്തു വർഷങ്ങൾക്കുമുമ്പ് എന്റെ പ്രിയ ജോ ചവുട്ടി നടന്ന മണ്ണിൽ അവനിപ്പോൾ അന്ത്യവിശ്രമം കൊള്ളുകയാണ്.  പൂവും, മെഴുകുതിരികളും kondu അവനു ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ ഞാൻ ആ  പുഞ്ചിരി കാണുന്നു. ആ കൺകോണുകളിൽ നിന്നും സ്നേഹത്തിന്റെ ഒരു  പട്ടുതൂവ്വാല എടുത്ത് എനിക്ക് നേരെ നീട്ടുന്നു. "നിന്റെ കണ്ണുകൾ ഒപ്പുക നീ കരയുന്നത് കാണാൻ എനിക്കെങ്ങനെ കഴിയും”. ഒരു ദശാബ്ദത്തിനു മുമ്പ് എന്നെ വിട്ടുപോയ ജോയുടെ ശബ്ദം എനിക്ക് കേൾക്കാം. സ്നേഹത്തിന്റെ ഊഷ്മളമായ തലോടൽ പോലെ സൂര്യരസ്മികളായി ജോ എന്നെ സ്പർശിക്കുന്നു. പ്രകൃതി എനിക്കെന്നും സാന്ത്വനമായിട്ടുണ്ട്. വസന്തകാലം വരുമ്പോൾ ജോ വളരെ ആഹ്ലാദിച്ചിരുന്നു. എന്നെകൊണ്ട് പ്രകൃതിയെ വർണ്ണിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ പ്രകൃതി ഒരുങ്ങി നിൽക്കയാണ്. ജോയെ പൂക്കളും പൂങ്കാറ്റും അന്വേഷിക്കുന്നുണ്ടാകും.
തണുപ്പുകാലത്ത് ജോയുടെ അന്ത്യവിശ്രമസ്ഥാനത്ത് വച്ചിരുന്ന പുതപ്പു മാറ്റി നിറയെ പൂക്കൾ വിതറുമ്പോൾ ജോയ് പറയുന്നത് എനിക്ക് കേൾക്കാം "സരോ, എന്തേ താമരപ്പൂക്കൾ കൊണ്ടുവന്നില്ല." എനിക്കറിയാം ആ ചോദ്യത്തിലെ കുസൃതി. ഞാൻ താമരപൂവ്വായി നിൽക്കുമ്പോൾ എന്തിനു വേറെ പൂക്കൾ എന്ന എന്റെ മറുപടിക്കാണ് ആ ചോദ്യം. ശ്മശാനമൂകതയിൽ ദുഃഖം ഘനീഭവിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പുകൾ ജോയെ പുനർജനിപ്പിക്കുന്ന പ്രതീതിയുണ്ടാക്കുന്നു. അതേ , ജോ എന്റെ മുന്നിൽ നിൽക്കുന്നപോലെ.

മെഴുകുത്തിരിനാളങ്ങൾ കാറ്റിൽ ഇളകുന്നു. ഈ ദിവസം നിന്റെ ആത്മാവിനു കൂട്ടായി ഞാൻ നിറദീപങ്ങൾ ഇവിടെ വിട്ടേച്ചുപോകുന്നു. ഒരു നിഴൽപോലെ  ഞാൻ നടന്നകന്നാലും എന്റെ മനസ്സ് ഇവിടെയാണ്.
ഒരു വർഷത്തെ ഒത്തിരിക്കാര്യങ്ങൾ പറഞ്ഞു നാം പിരിഞ്ഞാലും നമ്മൾ പരസ്പരം പിരിയാത്തവർ. മരണം കൊണ്ടുപോകുന്നത് ഭൗതിക ശരീരം മാത്രം ആത്മാവ് കൂടെയുണ്ട്. അദൃശ്യനായി നീ എന്റെ ഒപ്പം, ഞാൻ നിനക്കൊപ്പം. ഇവിടെ ശയിക്കുന്നത്  നശ്വരമായ ശരീരം. പ്രിയ ജോ, നീ എന്റെ കൂടെയുണെങ്കിലും നീ വിട്ടുപോന്ന ശരീരം അടക്കിയ ഭൂമി ഓരോ പ്രത്യേക ദിവസത്തിലും സന്ദർശിക്കുമ്പോൾ ആത്മാക്കൾ സംഗമാനുഭൂതിയിൽ ഭൂമിയിലും സ്വർഗ്ഗത്തിലും കൈകോർത്ത് നടക്കുന്നു. എനിക്കത് അനുഭവപ്പെടുന്നു. ജോ നിന്റെ മോതിരവിരൽ എന്നെ തൊട്ടു വിളിക്കുന്നു. അതെ ഈ ദിവസം നീ മറഞ്ഞുപോയ  ശപിക്കപ്പെട്ട ദിവസം നിന്റെ ഓർമ്മകൾ എന്നെ വട്ടമിടുമ്പോൾ എനിക്ക് നിന്റെ സാമീപ്യം അറിയാൻ കഴിയുന്നു. പ്രിയ ജോ, എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. സ്വകാര്യമായി. ഇപ്പോൾ മക്കളും, മരുമക്കളും, പേരക്കുട്ടികളും കൂടെയുണ്ട്.. നമുക്ക് പിന്നെ സംസാരിക്കാം. കാത്തിരിക്കുക.

10thAnniversary_Article

Join WhatsApp News
Jayan varghese 2023-04-10 11:39:21
പ്രണയ മോഹങ്ങളുടെ അലൗകിക ചിറകുകളിൽ സമർപ്പണത്തിന്റെ വർണ്ണ രേണുക്കൾ പുരട്ടി ഓർമ്മത്തീരത്ത് പറന്നെത്തുന്ന ഇണക്കിളിയുടെ തേങ്ങലുകൾ! മനുഷ്യാവസ്ഥയുടെ മനോഹര തലങ്ങളിൽ വിരഹത്തിന്റെ വീണക്കമ്പികൾ മീട്ടുന്ന ഹൃദയ രാഗം! പ്രണയവും വിരഹവും ഇഴ ചേർത്ത് നിർമ്മിക്കുന്ന പ്രണയ സൗധങ്ങളിൽ എന്തിനാണ് പ്രകൃതീ ഇത്രയ്ക്കും കണ്ണീർച്ചാന്ത്‌ ? അനിവാര്യമായി മുഴങ്ങുന്ന അടുത്ത മണിമുഴക്കത്തിനായി കാതോർത്ത്‌ കൊണ്ട് അറവുശാലകളുടെ അരികിലേക്കുള്ള ഈ യാത്ര! ചക്രവർത്തിമാർ താണിറങ്ങുകയും സൗന്ദര്യ ധാമങ്ങൾ ചമയങ്ങൾ അഴിച്ചു വയ്ക്കുകയും ചെയ്യുന്ന മഹാ കാല മാന്ത്രികന്റെ മൈൽക്കുറ്റികൾ പിന്നിട്ടു കൊണ്ട് മുഖപ്പട്ട കെട്ടിയ കുതിരകളെപ്പോലെ യാത്ര തുടരുകയാണ് നമ്മൾ! ദുഃഖത്തിൽ പങ്കു ചേരുന്നു. ജയൻ വർഗീസ്. .
Sudhir Panikkaveetil 2023-04-10 14:35:05
"വാടാത്ത താമരയും കെടാത്ത സൂര്യനും" പോലെയുള്ള ഒരു ബന്ധം!. മരണത്തിനു അതിനെ അകറ്റാൻ കഴിയുന്നില്ല. ഓർമ്മകൾ സജീവമാകുമ്പോൾ ആത്മാക്കൾ അടുക്കുന്നു. വേദനയുളവാകിലും സല്ലാപങ്ങൾ തുടരട്ടെ. ദൈവസന്നിധിയിൽ എത്തിനിൽക്കുന്ന ആത്മാവിനു നിത്യശാന്തി നേരുന്നു.
Chinchu Thomas 2023-04-10 17:17:54
You are very romantic
ജ്യോതിലക്ഷ്മി നമ്പ്യാർ 2023-04-11 12:51:26
വളരെ ഹൃദയസ്പർശിയായ എഴുത്ത് തീർച്ചയായും ആ അത്മാവ് ഈ വരികൾ ഉൾക്കൊണ്ട് സന്തോഷിച്ചിരിക്കും' ഇനിയും എൻ്റെ പ്രിയതമ എനിക്കു വേണ്ടി ഒരു പാട് എഴുതണമെന്ന് ആഗ്രഹിച്ചിരിക്കും
Saroja Varghese 2023-04-13 10:49:34
Thanks to all my well wishers those who commented on my write up.It means a lot to me Love,Saroja.
ബെന്നി 2023-04-14 08:47:41
പ്രിയപ്പെട്ട ജോ അങ്കിൾ, ഇതാ അങ്ങയുടെ നിത്യകാമുകി താമരപൂവ്വായി നിൽക്കുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക