Image

നിഴൽ നടത്തം ( കഥ: ആൻസി സാജൻ )

Published on 02 May, 2023
നിഴൽ നടത്തം ( കഥ: ആൻസി സാജൻ )

കുത്തിക്കുത്തിക്കൊള്ളുന്ന വെയിലിന്റെ സൂചിമുനകൾ വൈകുന്നേരമായിട്ടും പുകച്ചിലുണ്ടാക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ആകാശക്കോണുകളിൽ അധികം കറുക്കാത്ത മേഘക്കുന്നുകൾ ഉരുണ്ടുകളിക്കുകയും. 

അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ മഴ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു. രണ്ടല്ല പത്തുദിനം കഴിഞ്ഞാലും കേരളമൊട്ടാകെ നനയ്ക്കുന്ന മഴ പെയ്യാൻ ഒരു സാധ്യതയുമുണ്ടെന്ന് തോന്നുന്നില്ല. പൊൻകുന്നം ഭാഗങ്ങളിൽ മഴ പെയ്തു മുണ്ടക്കയത്ത് ഇടിവെട്ടിമഴ വന്നു എന്നൊക്കെ പറച്ചിലുണ്ട്.

അപ്പോഴാണ് ചങ്ങനാശ്ശേരീന്ന് അമ്മ വിളിക്കുന്നത്.
ഭയങ്കരനൊരു മഴ തുള്ളിപ്പെയ്തിട്ട് പോയെന്ന്.

വെയിൽ ഭയങ്കരനെന്ന് വിചാരിച്ചു നിക്കുമ്പം കേൾക്കുന്നു മഴയും ഭയങ്കരനാണെന്ന്. ഇതൊന്നും ഭയങ്കരിമാരല്ലാത്തത് ഭാഗ്യം. 

ആകെക്കുറച്ച് ഭയങ്കരങ്ങളേ ഈ ഭൂമിയിൽ കാണൂ.. അതൊക്കെ വന്ന് തുള്ളി വിറപ്പിച്ച് ഒരു പോക്കങ്ങ് പോകും.

വാതിൽക്കൽ കതക് തുറന്നു വരുന്ന വിടവിലൂടെ മെറീനയുടെ മുഖം.

വരുന്നോ ഒന്നു നടന്നേച്ച് വരാം..
വീട്ടിലിരുന്ന് പുകഞ്ഞ് പ് രാന്തുപിടിക്കുന്നു..

പോകാം.. ഈ ടോപ്പൊന്ന് മാറ്റീട്ട് ഓടിവരാം ...

അലമാരയിളക്കി കനം കുറഞ്ഞ ഒരു കോട്ടൺ ടോപ്പുമെടുത്തിട്ട് വരുമ്പം മെറീന തോമസുകുട്ടിയോട് ഞങ്ങൾ നടക്കാൻ പോകുന്ന കാര്യവും മറ്റും പറഞ്ഞു നിക്കുന്നു..

ഇപ്പ വരാവേ ...

എങ്ങോട്ടാ നടപ്പ്?

ചെങ്ങളം വഴി ..
അപ്പ ശരി പോട്ടെ..

തിരിച്ചു വരാൻ വണ്ടി കൊണ്ടുവരേണ്ടി വരും..
മുട്ടിളക്കി നടന്നിട്ട് ...

തേയ്മാനങ്ങൾ നിറഞ്ഞ കാൽമുട്ടുകളാണ് തോമസുകുട്ടി ഉദ്ദേശിച്ചത്. സ്വാതന്ത്ര്യം ഘോഷിച്ചുള്ള നടപ്പുകൾക്ക് ചെറിയ തടയിട്ടു നോക്കി തോമസുകുട്ടി പിൻവാങ്ങി .

ഇടയ്ക്കിടെ അമ്പലങ്ങളും പള്ളികളുമുണ്ട് ചെങ്ങളത്തെ നടപ്പുവഴികളിൽ. 

പണ്ട് വെള്ളക്കുഴിയെന്ന് പേരുകേട്ട പ്രദേശം.
വർഷകാലം കുത്തിയൊഴുകിയാൽ  ഇപ്പോഴും അതേ സ്ഥിതി. പക്ഷേ, വീടുകളെല്ലാം വലുതായി. വലിയ വീടുകൾക്കെല്ലാം മതിലായി. എങ്ങോട്ട് ഒഴുകിക്കേറണമെന്നറിയാതെ തലപെരുത്ത വെള്ളം ഇടമുള്ളിടത്തേക്കെല്ലാം ഇടിച്ചൊഴുകലാണിപ്പോൾ.

വൈകുന്നേരമായിയായി തിളച്ചു തളർന്ന വെയിലിൽ ഓരോ വീടും മയങ്ങിക്കിടന്നു. വീട്ടുമുറ്റങ്ങളിൽ ഹൈബ്രിഡ് തെങ്ങുകളും മാവുകളും കുലച്ചു നിന്നു .
പിന്നെ ഒരുപാട് ചെടികളും.

പൂക്കളുള്ളവയും മനോഹരമായ ഇലകളുള്ളവയും.

എല്ലാ വീട്ടിലും എല്ലാമുണ്ട്. ഒരിടത്തും ആളനക്കമില്ലെന്നു മാത്രം.

മെറീനയുടെ ഇടവകപ്പള്ളിക്കാര് ഒരുപാടുണ്ട് ആ പ്രദേശത്ത്. 
ചെറുതോടുകൾക്ക് കുറുകെയുള്ള ചെറിയ പാലങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും നൈറ്റിയിട്ട് മുറ്റത്ത് നിക്കുന്ന രണ്ടു മൂന്ന് പെണ്ണുങ്ങളെക്കണ്ട് മെറീന ചിരിക്കുകയും എങ്ങോട്ടാന്ന് അവർ ചോദിച്ചതിന് ചുമ്മാ നടക്കാൻ .. ചൂടല്ലേന്ന് മെറീന മറുപടി പറയുകയും ചെയ്തു. 

അവരെയൊക്കെ ആദ്യമായി കാൺകയാൽ വെറുതെ നോക്കിനിന്ന് പിന്നെ മെറീനയോടൊപ്പം നടന്നു നീങ്ങി.

ഒരു വീട്ടിലും ചെറുപ്പക്കാരൊന്നുമില്ലല്ലേ എന്ന ആത്മഗതത്തിന് ഓരോ വീടും ചൂണ്ടി യൂക്കേലും അമേരിക്കേലും കാനഡേലുമുള്ള അവിടുത്തെ യൊക്കെ മക്കളുടെ കാര്യം മെറീന പറഞ്ഞു..
ദേ, ഇവിടെയൊന്ന് കേറീട്ട് പോകാം..
മമ്മീടെ ബന്ധുവീടാ..

ഗേറ്റിനപ്പുറത്ത് മുറ്റത്തെ കുള്ളൻ പ്ലാവിൽ നിറഞ്ഞ് ചക്കക്കുഞ്ഞുങ്ങൾ..
കയ്യെത്തിപ്പിടിക്കാവുന്ന പോലെ മാങ്ങാക്കുലകൾ .

ചൂടത്തും വെള്ളം വലിച്ചു കൂടിക്കുന്നതു കൊണ്ട് പൂച്ചെടികളും ഇലച്ചെടികളും ഉണർച്ചയോടെ നിൽക്കുന്നു.
ആരാണോ ഇതിനെല്ലാം വെള്ളമൊഴിക്കുന്നത്..?

തുറന്നു കിടന്ന മുൻവാതിലിലൂടെ മെറീന ആദ്യം കേറി.. ആന്റിയേന്നും വിളിച്ച് .

മെറീനയാണോ.. വാ കൊച്ചേ ..നീയിവിടെ വന്നിരി..
രണ്ടു പേരും ഇരുന്നു. 
പുതിയ ആളെ നോക്കിയും അവർ ഹൃദ്യമായി ചിരിച്ചു.

എന്നാ പറ്റി ആന്റീ.. വീണെന്നൊക്കെ കേട്ടു..

വീണകാര്യം പറഞ്ഞതും അവർ കിലുകിലാ ചിരിച്ചു..
വീഴ്ച തന്നെ വീഴ്ച
ഈ വീട്ടിൽ എവിടെയൊക്കെയോ എന്നെ തട്ടിയിടാൻ പ്ലാനുകൾ നടക്കുന്നുണ്ട്.

വലതുകാൽമുട്ടടിച്ച് വീണ് ചോര ചീറ്റിയതൊക്കെ ആന്റി പറഞ്ഞു. മുട്ട്ചിരട്ടപ്പുറത്ത് നീളത്തിലൊരു മുറിഞ്ഞപാട്.
16 സ്റ്റിച്ചേയുണ്ടായിരുന്നുള്ളു.

അവർ പിന്നെയും ചിരിച്ചു.

അതു കഴിഞ്ഞ് തലയടിച്ചൊന്നു വീണാരുന്നു . ദേ, ഇന്നും
ആശുപത്രീ പോയിട്ട് വന്നേയുള്ളു.. സ്കാൻ ചെയ്തിട്ട് കൊഴപ്പമൊന്നുമില്ല.

വീണയുടനെ ഓടി വന്നവരെക്കുറിച്ചും കാർ ഡ്രൈവറെക്കുറിച്ചുമൊക്കെ ആന്റി പറഞ്ഞു കൊണ്ടിരുന്നു.

കാപ്പിയെടുക്കട്ടെ ജ്യൂസെടുക്കട്ടെ
അല്ലേലിത്തിരി സൂപ്പെടുക്കട്ടെ..?
ദേ, ചക്ക വേവിച്ചതുണ്ട് മത്തിക്കറീം...
അല്ലേൽ നൂഡിൽ സൊണ്ടാക്കിത്തരാം..

എന്റമ്മോ എന്തോരം ഐറ്റംസ് ആണ് ഓഫർ ചെയ്യുന്നത്.

ഒന്നും വേണ്ടന്നേ
ഞങ്ങള് ചുമ്മാ നടക്കാനിറങ്ങിയതല്ലേ..

ന്നാ ദേ ഈ കപ് ലേണ്ടി തിന്ന് ..
വറുത്ത് വച്ചതേയുള്ളു...

മെറീനയോടൊപ്പം, വറുത്ത കാഷ്യൂ നട്സ് എടുത്ത് വായിലിടുമ്പോൾ ഇവിടെ കപ്പേം കാണാൻ സാധ്യതയുണ്ട് എന്നു പറഞ്ഞു.

ഒണ്ടൊണ്ട് കപ്പ വേവിച്ചതും പോത്തും ഫ്രീസറിലുണ്ട്.
എടുക്കട്ടേ..?

യ്യോ വേണ്ടാന്റീ

എത്ര നട്സും സൂപ്പും നൂഡിൽസും ഇരുന്നാലും കപ്പേം ചക്കേം ആദ്യം തിന്നും കോട്ടയംകാര് .
പിന്നെ വയറ്റിലിടം കാണുകേമില്ല.

മെറീനയ്ക്കൊപ്പം തലയാട്ടി.

ആന്റി അകത്തേക്ക് പോയി.

ലണ്ടനിൽ മോളും കാനഡേൽ മോനും ഭാര്യേമുണ്ട് ആന്റിക്ക്.
പിള്ളേര് ഇഷ്ടം പോലെ സാധനം കൊണ്ടു വച്ചിട്ടുണ്ട്. അമ്മയ്ക്ക് പ്രത്യേകം വല്യൊരു ഫ്രീസറ് വാങ്ങിച്ചു കൊടുത്തിട്ടാ ഇത്തവണ മോള് പോയത്..

മെറീന ചിരിശബ്ദം കുറച്ച് പറഞ്ഞു.

നന്നായി..

ആന്റി ദേ വരുന്നു. കയ്യിൽ കുറെ ചെറിയ കവറുകൾ.
എല്ലാം മെറീനയുടെ കയ്യിൽ കൊടുക്കുന്നു.
സൂപ്പിന്റേം നൂഡിൽസിന്റേമാ..
ഇവിടാരാ ഇതൊക്കെ കഴിക്കാൻ.. നീ കൊണ്ടുപൊക്കോ..

എന്നെ നോക്കിച്ചിരിച്ചു മെറീന.

കാറെന്ത്യേ ആന്റീ..

എന്റെ കുഞ്ഞേ ഒന്നും പറേണ്ട. ആശൂത്രി പോയിട്ട് വന്നിട്ട് ഡ്രൈവറത് കൊണ്ടുപോയി.

എങ്ങോട്ട്?

മോന്റെ കൂട്ടുകാരന്റെ വീട്ടിക്കൊണ്ടിട്ടിരിക്കുവാ.അവിടെ നാലഞ്ച് വണ്ടി വേറേമൊണ്ട്. ഇവിടിട്ടാൽ ആകെ പ്രശ്നമാ?

അതെന്താന്ന് മെറീന കണ്ണിളക്കി.

അപ്പറത്തെ വീട്ടിൽ എന്താവശ്യം വന്നാലും വണ്ടി ചോദിക്കും കൊടുക്കേം ചെയ്യും.
ഇതങ്ങ് പതിവായി.
കഴിഞ്ഞ ദിവസം രാവിലെ ദേ രണ്ട് പോലീസുകാര് മുറ്റത്ത്.
കോട്ടയത്തെങ്ങാണ്ട് വച്ച് വണ്ടി കൊണ്ടിടിപ്പിച്ചെന്നും പറഞ്ഞ്.
മോന്റെ പേരിലല്ലേ കാറ്.
ഇതും കേട്ട് അവന് വരാനൊക്കുമോ?
എന്നാ ചെയ്യുമെന്നോർത്തു.
പിന്നെ പോലീസുകാര് പറഞ്ഞു വല്ല വക്കീലമ്മാരേം പരിചയമൊണ്ടേൽ വിളിച്ചു പറയാൻ.

കേൾവിക്കാർ രണ്ടും തലയാട്ടി കണ്ണിളക്കി.

റാന്നീലെ നാത്തൂന്റെ മോൻ ജഡ്ജിയല്ലേ.. പിന്നവനെ വിളിച്ചു പറഞ്ഞു..
കേസൊതുക്കി വണ്ടി കൊണ്ടിട്ടതിന്റെ പിറ്റേ ദിവസം പിന്നേം വന്നു ചോദിച്ചു. അത്യാവശ്യത്തിന് പോകാനാന്നും പറഞ്ഞ്.
ഞാൻ പറഞ്ഞു മോനോട് ചോദിക്കട്ടെന്ന് ...
അന്ന് തൊടങ്ങിയ പെണക്കവാ ഇതുവരെ ഈ വഴി വന്നിട്ടില്ല.

നാലു കണ്ണുകൾ അത്ഭുതരസത്തിൽ കറങ്ങി. 
മെറീന താടിക്ക് കയ്യും കൊടുത്തു.

അവക്കെന്നാ കാറൊണ്ടായതെന്ന് അപ്പറത്തവന്റെയമ്മ ചോദിച്ചെന്ന് ഇവിടെ പണ്ടു വണ്ടിയോടിച്ചവൻ വന്നു പറഞ്ഞു.

ഇതും പറഞ്ഞിട്ട് ആന്റി ചിരിച്ചു..
പിന്നേം ചിരിച്ചു.
കാറുമൂടിയ എത്ര അനുഭവം കടന്നാ ഇവിടെ വരെ എത്തിയതല്ലേ..!

മെറീന മിഴികൾ താഴ്ത്തിയിരുന്നു.

പോകാനിറങ്ങുമ്പോൾ സൂപ്പിന്റെ സാഷേകൾ എടുക്കാൻ ആന്റി ഓർമ്മിപ്പിച്ചു.
ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പ്രായമായ ആ ആന്റിയെ നോക്കി പോട്ടേന്ന് പറഞ്ഞ് പിന്നെയും നടത്തം തുടർന്നു. 

ചെങ്ങളം കടന്നാൽ കുമരകത്തേയ്ക്കുള്ള പ്രധാന റോഡായി.
നടന്നു നടന്ന് താറാവ് വിൽക്കപ്പെടും എന്ന ബോർഡ് തൂങ്ങുന്ന കടവരെയെത്തി. ഞായറാഴ്ച വൈകുന്നേരമായതിനാൽ താറാവുകട അടച്ചിരുന്നു.

റോഡിലാകെ ചീറി നീങ്ങുന്ന വെളിച്ചങ്ങൾ ..
ഇനി തിരിച്ചു നടക്കുന്നതെങ്ങനെ?
ഒത്തിരിയിങ്ങു വന്നു.

മെറീന പറഞ്ഞു.
മാർട്ടിനും തൃശ്ശാലേം പ്രാർത്ഥനയ്ക്കിരുന്നു കാണും.
അവളോട് വരാൻ പറയാം.

വഴിയരികിലെ കടയിൽ കയറി മധുരമിടാതെ രണ്ട് പൈനാപ്പിൾ ജ്യൂസ് കുടിച്ചപ്പോഴേക്കും തൃശ്ശാല വന്ന വണ്ടി ഹോണടിച്ചു.

വീട്ടിച്ചെന്ന് കേറി മുറിയുടെ വാതിൽ തുറന്നപ്പോൾ എ.സിത്തണുപ്പ് മേത്ത് വീശി. തോമസുകുട്ടീം മാർട്ടിനും ഗ്ലാസ്സുകളിൽ നിറച്ച , ഐസിട്ട മദ്യപാന സന്തോഷത്തിൽ.

എന്താണ് ? തിരിച്ചു നടക്കാൻ ആംബുലൻസ് വിളിക്കേണ്ടി വന്നോ?

രണ്ടു പേരിൽ ആരാണത് പറഞ്ഞത് എന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ വാതിൽ തിരികെ ചാരി.

അവക്കെന്നാ കാറൊണ്ടായത് ..?
ആരാണത് പറഞ്ഞത്. .?

കാറ് മൂടിയ എത്ര അനുഭവം കടന്നാ ഇവിടെ വരെ എത്തിയതല്ലേ ...?

അത് പറഞ്ഞത് ആരാണെന്നത് അപ്പോൾ കൂടുതൽ തെളിഞ്ഞു വന്നു. 

ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയുടെ നിഴൽ പിന്നിൽ നടക്കുന്ന പോലെ.

              - ---- -------------------

മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.

MALAYALAM SHORT STORY  - NIZHAL NADATHAM BY ANCY SAJAN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക