Image

സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

Published on 07 June, 2023
 സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു


മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് നടത്തുന്ന സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുത്തിന്റെ ഉദ്ഘാടനകര്‍മ്മം, ആദ്യ വാക്കുകള്‍ എഴുതി കൊണ്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

സമ്പൂര്‍ണ ബൈബിളിന്റെ പകര്‍ത്തിയെഴുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും, പത്താം വാര്‍ഷിക ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രാര്‍ഥന ആശംസകളും അദ്ദേഹം നേര്‍ന്നു.

വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്‌നാനായ സമുദായ അംഗങ്ങളെയെല്ലാം ഒരുമിച്ചുചേര്‍ത്ത് കൊണ്ടുപോകാനായി, സെന്റ് മേരിസ് ക്‌നാനായ ഇടവക കാണിക്കുന്ന പ്രത്യേക താല്‍പര്യം അഭിനന്ദനീയമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി പകര്‍ത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനറും കെസിവൈഎല്‍ മുന്‍ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കല്‍, ഇടവകയുടെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു.


ഇടവക സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, ബൈബിള്‍ കൈയെഴുത്ത് കോഡിനേറ്റര്‍ ടോം പഴയംപള്ളില്‍, സോജന്‍ പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഈശോയുടെ തിരു ഹൃദയത്തിന്റെ തിരുനാളായി ആചരിക്കുന്ന ജൂണ്‍ 16ന് ഇടവക തലത്തില്‍ കയ്യെഴുത്ത് ആരംഭിക്കുന്ന രീതിയിലാണ്, ടോം പഴയംപള്ളില്‍, ഷൈനി സ്റ്റീഫന്‍ തെക്കേകവുന്നുംപാറയില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നത്.

പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നടക്കുന്ന സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് ഇടവകയ്ക്കായി സമര്‍പ്പിക്കും. പ്രാര്‍ഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും തങ്ങളുടെ കൈയ്യക്ഷരത്തില്‍, വിശുദ്ധഗ്രന്ഥം പകര്‍ത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തില്‍, മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തിരിക്കുകയാണ്.

 

ഷിനോയ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക