Image

'പൊണ്ടാട്ടി പോയേച്ചാ...'! (രാജു മൈലപ്രാ)

Published on 17 July, 2023
'പൊണ്ടാട്ടി പോയേച്ചാ...'! (രാജു മൈലപ്രാ)

തന്നെ ഇവിടെ തനിച്ചാക്കിയിട്ട്, ഭാര്യയും മക്കളുംകൂടി നാട്ടിലേക്ക് അവധിക്ക് പോകുന്ന ഒരു മാസം, ഒരു അമേരിക്കന്‍ മലയാളിയെ സംബന്ധിച്ചടത്തോളം ആഹ്ലാദത്തിമര്‍പ്പിന്റെ സ്വാതന്ത്ര്യദിനങ്ങളാണ്. 'പൊണ്ടാട്ടി പോയേച്ചാ...' എന്ന് അവന്‍ ആര്‍ത്തട്ടഹസിക്കുന്നു. മില്യന്‍ ഡോളര്‍ ലോട്ടറി അടിച്ചവന്റെ മനോഭാവത്തോടെ അവന്‍ ഈ സന്തോഷ വര്‍ത്തമാനം, സമാന സ്വഭാവമുള്ള സുഹൃത്തക്കളോട് വിളിച്ചുപറയുന്നു. 

'പൊണ്ടാട്ടി പോയേച്ചാ...'

പിന്നെ കപ്പയായി- കറിയായി- കള്ളായി-
അവിഹിത ബന്ധങ്ങളുടെ വീരകഥകളുടെ വിഷപ്പെട്ടി തുറന്നുവെയ്ക്കുന്നു. കൊള്ളാവുന്ന പെണ്‍കുട്ടികളെക്കുറിച്ചൊക്കെ വെറുതെ ഓരോ അപവാദകഥകള്‍ പടച്ചുവിടുന്നു. 

അയല്‍ക്കാരന്റെ സൈ്വര്യത്തെ കെടുത്തിക്കൊണ്ട് 
'പാലാപ്പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാടാണേ..'

പാട്ടിന്റെ താളത്തിനൊക്കാത്ത അവതാള നൃത്തം പാതിരാവോളം നീളുന്നു. 

ജനുവരി മാസത്തിലെ ഒരു തണുത്തുറഞ്ഞ സായാഹ്നത്തില്‍, ഞാനും എന്റെ സുഹൃത്ത് ഫ്രെഡ് കൊച്ചിനും കൂടി, കൊച്ചി സ്റ്റൈലില്‍ ഒരു സുലൈമാനി ചായയും കുടിച്ചുകൊണ്ട് പഴയകാല കഥകളൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു നാല്‍വര്‍ സംഘം നാലുകാലില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നുവന്നത്. പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ അവര്‍ പുലമ്പിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജോണി അടിച്ചു പൂക്കുറ്റിയായി കാറില്‍ കിടപ്പുണ്ട്. ജോണിയെ എങ്ങനെയെങ്കിലും അയാളുടെ വീട്ടില്‍ ഒന്നെത്തിക്കണം. വന്നവര്‍ക്കെല്ലാം അവരവരുടെ വീട്ടില്‍ ഉടനെത്തിക്കണമെന്നുള്ള അന്ത്യശാസനം അവരുടെ പൊണ്ടാട്ടിമാര്‍ നല്‍കിക്കഴിഞ്ഞു. ഞാന്‍ അതിവിദഗ്ധമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും, പരോപകാരിയായ, ഫ്രെഡി ആ ദൗത്യം ഏറ്റെടുത്തു. മരത്തടി പോലെ മരവിച്ച് കിടക്കുന്ന ജോണിയെ, താങ്ങിപ്പിടിച്ച് അയാളുടെ വീട്ടിലെത്തിച്ചു. മദ്യപിച്ച് ലക്കുകെട്ട ഒരാളെ, മാനുഷീക പരിഗണന മൂലം, അയാളുടെ വീട്ടിലെത്തിച്ച്, ഡോര്‍ബെല്‍ അടിക്കുമ്പോള്‍ കതകു തുറന്ന് നമ്മളെ നോക്കുന്ന അവരുടെ തീപാറുന്ന കണ്ണുകള്‍...

'വെറുതെ വീട്ടിലിരുന്ന മനുഷ്യനെ വിളിച്ചിറക്കി കൊണ്ടുപോയി കുടിപ്പിച്ച് കൊല്ലാറാക്കിയിട്ട് കൊണ്ടുവന്നിരിക്കുന്നു'- തിളച്ച വെള്ളം മുഖത്തൊഴിക്കുന്നതുപോലെയുള്ള അവരുടെ വാക്കുകള്‍. 

ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം അയാളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഈ പൊള്ളുന്ന അവസ്ഥ അനുഭവിച്ചവര്‍ക്കെ അറിയൂ. അതിന്റെ നീറ്റല്‍!

കുര്‍ബാന കഴിഞ്ഞ്, ഓഫീസ് റൂമില്‍ വിശ്രമിച്ചുകൊണ്ടിരുന്ന ബഹുമാനപ്പെട്ട ആദായി അച്ചന്റെ അരികിലേക്ക് ഞാന്‍ ചെന്നു. 

'അച്ചോ നമ്മുടെ പള്ളിയിലെ ചില ആളുകളുടെ പോക്ക് അത്ര ശരിയല്ല.'
'അതെന്താ രാജു അങ്ങനെ പറയുന്നത്?'
'അച്ചോ, ഇവിടെ കുര്‍ബാന നടക്കുമ്പോള്‍, അവന്മാര്‍ പാര്‍ക്കിംഗ് ലോട്ടില്‍ കാറിലിരുന്ന് കള്ളുകുടിയാണ്. അച്ചന്‍ അവരെ ഒന്ന് ഉപദേശിക്കണം'- എന്നിലെ യൂദാസ് ഉണര്‍ന്നു. 

'ഞാന്‍ എന്നെ ഏല്‍പിച്ച ചുമതല ഭംഗിയായി ചെയ്യുന്നുണ്ട്. ഇവന്മാരെയെല്ലാം സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാമെന്ന് ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ല'. 

ബഹുമാനപ്പെട്ട ആദായി അച്ചന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി നല്‍കി. 

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ! ഏദന്‍തോട്ടത്തിലെ പാമ്പിനെപ്പോലെ ഞാനൊന്നുകൂടി പത്തി വിടര്‍ത്തി-
'അച്ചോ, ഇവന്മാര് മുട്ട പുഴുങ്ങിയതും, അച്ചാറുമെല്ലാം കൂട്ടി, ബാറിലിരുന്ന് കുടിക്കുന്നപോലല്ലിയോ കുടി! വല്ലവരും കണ്ടാല്‍ എന്തു പറയും?'
ഇത്രയുംകൂടി ബോധിപ്പിച്ചിട്ട് നല്ലവനായ ഞാന്‍ തിരിച്ചുനടന്നു. 

'രാജു ഒന്നു നിന്നാട്ടെ'! അച്ചന്‍ പിന്നില്‍ നിന്നും വിളിച്ചു. 

'ഒരു സംശയം- ഈ കാര്യങ്ങളൊക്കെ ഇത്ര കിറുകൃത്യമായി സാറ് എങ്ങനെയാ അറിഞ്ഞത്? അല്ല, വെറുതെ ചോദിച്ചന്നേയുള്ളൂ'.

ചിരിച്ചുകൊണ്ട് അച്ചന്‍ അകത്തേക്കും, ഇളിഭ്യനായി ഞാന്‍ പുറത്തേക്കും!

#Rajumylapra,article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക