Image

അനുശോചനപ്പെരുമഴ തീരുമ്പോള്‍! (രാജു മൈലപ്രാ)

Published on 22 July, 2023
അനുശോചനപ്പെരുമഴ തീരുമ്പോള്‍! (രാജു മൈലപ്രാ)

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയിരുന്ന, ആദരണീയമായ ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ അവസാന യാത്രയും, കണ്ണീര്‍ തൂകി നിന്ന ജനസാഗരത്തിനു നടുവിലൂടെയായത് യാദൃശ്ചികം. സമാനതകളില്ലാത്ത യാത്രാമൊഴിയാണ് കേരള ജനത അദ്ദേഹത്തിന് നല്കിയത്. കേരളത്തിലെ മറ്റൊരു സംസ്‌കാരിക,സാമുദായിക, രാഷ്ട്രീയ നേതാവിനും ഇത്രയും വൈകാരികമായ ഒരു യാത്രയയപ്പ് ജനങ്ങള്‍ നല്‍കിയിട്ടില്ല. പാതിരാ പെരുമഴയേയും, ഇരുട്ടിനേയും അവഗണിച്ച്, ആരുടേയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിത്തില്‍ പ്രകാശം പരത്തിയ ആ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണുവാന്‍, ജലപാനം പോലുമില്ലാതെ ആയിരങ്ങള്‍ കാത്തുനില്‍ക്കുന്ന കാഴ്ച അവിശ്വസനീയമായിരുന്നു. 

പുതുപ്പള്ളിക്കാര്‍ക്ക് കുശലം പറയാന്‍ അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല. നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കേരള ജനതയുടെ കണ്ണീരൊപ്പുവാന്‍ ഇനി ഒരു ഉമ്മന്‍ചാണ്ടിയുമില്ല. വിശ്രമമില്ലാതെ 'അതിവേഗം ബഹുദൂരം' സാധാരണക്കാര്‍ക്കുവേണ്ടി ഓടിനടന്ന ആ യുഗപുരുഷന് ഇനി നിത്യ വിശ്രമം. 

ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ പാവനമായ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!

പല തവണ അദ്ദേഹത്തെ നേരില്‍ കാണുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്- അദ്ദേഹത്തിന് നല്‍കിയ ഒന്നു രണ്ട് സ്വീകരണ ചടങ്ങുകളില്‍ ഓരോ മിനിറ്റ് ആശംസ നേരുവാനും അവസരം ലഭിച്ചിട്ടുണ്ട്. 

ക്യൂന്‍സ് 'ഡല്‍ഹി പാലസില്‍' എന്റെ അടുത്ത സുഹൃത്ത് (യു.എന്‍) കുഞ്ഞുമോന്‍ സംഘടിപ്പിച്ച ഒരു സ്വീകരണ ചടങ്ങില്‍ വേദിയില്‍ പാതി മയക്കത്തില്‍ ഇരുന്ന അദ്ദേഹത്തോട്, 'ഇങ്ങനെ ഉറക്കംതൂങ്ങിയിരുന്നാല്‍ പറ്റുകയില്ല' താമസിയാതെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണം' എന്നു ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി പടര്‍ത്തി. 

അതേ വേദിയില്‍ അന്തരിച്ച ജോയന്‍ കുമരകം പറഞ്ഞ വാക്കുകള്‍ ഇന്നൊരു പ്രവചനം പോലെ ഫലിക്കുകയാണ് 'പുതുപ്പള്ളിക്ക് രണ്ട് പുണ്യവാളന്മാരാണ്- ഒന്ന് ഗീവറുഗീസ് പുണ്യവാളന്‍, മറ്റൊന്ന് നമ്മുടെ മുന്നിലിരുക്കുന്ന ശ്രീമാന്‍ ഉമ്മന്‍ചാണ്ടി' കരഘോഷത്തോടുകൂടിയാണ് സദസ്യര്‍ ആ വാക്കുകളെ അംഗീകരിച്ചത്. 

ഇനി ചില അപ്രീയ സത്യങ്ങള്‍, എനിക്ക് തോന്നുന്നത്- മെത്രാന്മാരും മന്ത്രിമാരും മരിക്കുമ്പോള്‍ അവരുടെ ചേതനയറ്റ ശരീരം നാടുനീളെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പ്രത്യേകിച്ച്, മരിച്ച മെത്രാന്മാരെ ഒടിച്ചുമടക്കി, സിംഹാസനത്തില്‍ ഇരുത്തി, അംശവടിയും പിടിപ്പിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ എന്ന പ്രഹസനം - ഇതൊക്കെ എവിടെനിന്ന് കൈമാറിക്കിട്ടിയ പാരമ്പര്യമാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അറിവുള്ളവര്‍ ആരെങ്കിലും ഒന്നു പറഞ്ഞുതന്നാല്‍ എന്നെപ്പോലുള്ള വിവരദോഷികള്‍ക്ക് ഉപകാരമായേനേ!

എന്നാല്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണുവാന്‍, വഴിയിലുടനീളം നിരന്നു നിന്ന ആളുകളുടെ ആത്മാര്‍ത്ഥതയുള്ള മുഖം കണ്ടപ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ ഈ അന്ത്യയാത്ര എന്നെ അലോരസപ്പെടുത്തിയില്ല എന്നുള്ളത് മറ്റൊരു സത്യം. 

ഉമ്മന്‍ചാണ്ടിയുടെ മൃതശരീരത്തിനു ചുറ്റും ചില കോണ്‍ഗ്രസ് നേതാക്കന്മാരും, അനുയായികളും കുറ്റിയടിച്ചതുപോലെ അനങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ വെറുപ്പ് തോന്നി. അവര്‍ തമ്മില്‍ കുശലം പറയുന്നു. ഒരു ഔചിത്യവുമില്ലാതെ സെല്‍ഫോണില്‍ സംസാരിക്കുന്നു. എതിര്‍വശത്തു നില്‍ക്കുന്ന ചാണ്ടി ഉമ്മന്റെ കഴുത്തില്‍ പിടിച്ച്, ചെവിയില്‍ എന്തോ സ്വകാര്യം പറയുന്നു. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമടക്കം ഒരു വലിയ ജനാവലി പുറത്ത് നില്‍ക്കുന്നു. അവര്‍ക്ക് ആ മൃതശരീരം ഒന്നു കണ്ട് ആദരവ് അര്‍പ്പിക്കാനുള്ള ഒരു സൗകര്യവും ആരും ചെയ്തുകൊടുത്തില്ല. 

ശവപേടകം വീട്ടില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറ്റിയപ്പോള്‍ അതിന്റെ അറ്റത്ത് പിടിക്കുവാന്‍ നേതാക്കന്മാരുടെ തിക്കും തിരക്കും. ഏതോ മത്സരത്തില്‍ നേടിയ ട്രോഫി പോലെയാണ് അവര്‍ ആ പെട്ടി ചുമന്നത്. അവരുടെ കൈയില്‍ നിന്നും അത് തെന്നി താഴെ പോകുമെന്നു പോലും തോന്നിപ്പോയി. എല്ലാം ടെലിവിഷന്‍ ക്യാമറക്കണ്ണുകളില്‍ തങ്ങളുടെ മുഖം പതിയുവാനുള്ള തത്രപ്പാട്. 

പരിശീലനം ലഭിച്ച പോലീസുകാര്‍ക്ക് ഇതൊക്കെ കൈകാര്യം ചെയ്യാമായിരുന്നു. എന്നാല്‍ 'പോലീസ് ഇടപെട്ടു' എന്ന ഒരാരോപണം കേള്‍ക്കാതിരിക്കുവാനായിരിക്കും അവര്‍ സംയമനം പാലിച്ചത്. പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ പോലീസ് നിയന്ത്രണം ഏറ്റെടുത്തതോടുകൂടി, കാര്യങ്ങള്‍ ഭംഗിയായി നടന്നു. 

അവസാന നിമിഷം, പാതിരാത്രിയോടടുത്തപ്പോഴും, അവിടെ ഒരു അനുശോചന മീറ്റിംഗ് നടത്തുവാന്‍ തീരുമാനമെടുത്ത ആ ഔചിത്യമില്ലായ്മയെ നമിക്കുന്നു.  

'പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ അതി പാവനമായ മാമ്മോദീസാ തൊട്ടിയില്‍ ഇങ്ങനെയൊരു ശപിക്കപ്പെട്ടവന്‍ ജനിച്ചല്ലോ!' എന്ന് ആക്രോശിച്ച മെത്രാന് കാലം കരുതിവെച്ച മറുപടിയാണ്, ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം ആ പള്ളി മുറ്റത്തു തന്നെ സ്ഥാപിക്കുവാന്‍, പള്ളി ഭരണാധികാരികള്‍ എടുത്ത തീരുമാനം. 

'സ്വന്തം അച്ഛനെപ്പോലെ ഞാന്‍ ഉമ്മന്‍ ചാണ്ടി സാറിനെ ബഹുമാനിക്കുന്നു' എന്ന് ആണയിട്ട് പറഞ്ഞു നടന്നിരുന്ന ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തി, അദ്ദേഹത്തിനെതിരേ ഹീനമായ ആരോപണങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചവര്‍ക്കും, അഞ്ചുകോടി രൂപ പോക്കറ്റിലിട്ട്, ആ ആരോപണങ്ങളെ വെള്ളപൂശിയ കമ്മീഷന്‍ സാറിനും ദൈവനീതി എന്താണോ കരുതിവച്ചിരിക്കുന്നത്?

'നിന്നോട് ഒരു ദ്രോഹവും ചെയ്യാത്ത മനുഷ്യനെ നീ വെറുതെ ഉപദ്രവിക്കരുത്' എന്ന വാചകം ഓര്‍ത്തുപോകുന്നു. 

നല്ലവനായ ഉമ്മന്‍ചാണ്ടി സാറിന് ഒരിക്കല്‍ക്കൂടി ആദരാഞ്ജലികള്‍!

 

Join WhatsApp News
An Oomman Chandy fan 2023-07-22 02:46:01
A befitting tribute
George Thomas 2023-07-22 03:28:21
വസ്തുനിഷ്ട്ടമായ നിരീക്ഷണം. ചില യാഥാർഥ്യങ്ങളിലെക്കു വിരൽ ചൂണ്ടുന്നു. നേതാക്കൻമ്മാർ അവിടെ സദാസമയവും വട്ടം ചുറ്റിയിരുന്നു പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് ശരിയായില്ല. മൃതദേഹത്തിന്‌ ചുറ്റുമിരുന്നു സെൽഫോണിൽ കൂടി സംസാരിക്കുന്നതും, പരസ്പരം വർത്തമാനം പറയുന്നതും അദ്ദേഹത്തോട് കാണിക്കുന്ന അനാദരവാണ്‌. കാര്യങ്ങൾ കണ്ടത് പോലെ പറഞ്ഞതിന് സാറിന് അഭിനന്ദനങ്ങൾ.
Jayan varghese 2023-07-25 15:05:46
ആരൊക്കെ മരിച്ചാലും എന്തൊക്കെ പോയാലും നമ്മുടെ കാര്യം നന്നായി നടക്കണം. അതാണ് പുതിയ പൊളിറ്റിക്സ്. വസ്തുനിഷ്ഠമായ നിരീക്ഷണത്തിന് ബിഗ് സല്യൂട്ട്. ശവങ്ങളെയും എങ്ങിനെ വിൽപ്പനയ്ക്ക് വയ്ക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നഗരി കാണിക്കൽ. ആ പരിപാടി എത്രയും വേഗം അവസാനിപ്പിക്കേണ്ട ഒരു സാമൂഹ്യ ദുരാചാരമാണ്. മൃത ശരീരം എത്രയും വേഗം മറവ് ചെയ്യുക എന്നതായിരിക്കണം ജീവിച്ചിരിക്കുന്ന മനുഷ്യന്റെ പ്രാഥമിക ധർമ്മ ബോധം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക