Image

മെല്‍ബണില്‍ ഇടവകദിനവും കൂടാരയോഗവാര്‍ഷികവും ഓഗസ്റ്റ് അഞ്ചിന്

Published on 25 July, 2023
മെല്‍ബണില്‍ ഇടവകദിനവും കൂടാരയോഗവാര്‍ഷികവും ഓഗസ്റ്റ് അഞ്ചിന്

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകദിനവും കൂടാരയോഗവാര്‍ഷികവും ആഘോഷിക്കുന്നു.

ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതല്‍ അഞ്ച് വരെ നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയില്‍ വച്ചാണ് 'പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഇടവകദിനം സംഘടിപ്പിക്കുന്നത്.

ഇടവകദിനത്തിനോട് അനുബന്ധിച്ച് ക്‌നാനായ തനത് കലാരൂപമായ മാര്‍ഗംകളിയുടെ മെഗാ അവതരണം ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തും. 40ഓളം മാര്‍ഗംകളിക്കാരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തും.

മെല്‍ബണില്‍ ആവേശപൂര്‍വം നടത്തിയ ക്‌നാനായ കര്‍ഷകശ്രീ മത്സര വിജയികളെ വേദിയില്‍ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകളും പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.

വിവിധ കൂടാരയോഗങ്ങളിലായി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുഴുവന്‍ കൂടാരയോഗം ഭാരവാഹികളെയും വേദിയില്‍ ആദരിക്കും.

സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ വളര്‍ച്ചയ്ക്കും ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളര്‍ച്ചയ്ക്കും വേദപാഠക്ലാസുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ വേദപാഠ അധ്യാപകരെയും ഇടവകദിനത്തിനോടനുബന്ധിച്ച് ആദരിക്കും.

മെഗാ മാര്‍ഗംകളി കൂടാതെ ഇടവകാംഗങ്ങള്‍ക്കായി ഐസ് ബ്രെക്കിംഗ്, കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍, സ്‌നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍, ഇടവകദിനം കോര്‍ഡിനേറ്റര്‍മാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.

എല്ലാ ഇടവകാംഗങ്ങളെയും പരിപാടിയിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ എന്നിവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക