Image

റിയല്‍ ഫാമിലി' ഓസ്‌ട്രേലിയയില്‍ മലയാളികള്‍ക്കായി റിയാലിറ്റി ഷോ

Published on 28 July, 2023
റിയല്‍ ഫാമിലി' ഓസ്‌ട്രേലിയയില്‍ മലയാളികള്‍ക്കായി റിയാലിറ്റി ഷോ



ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെസവിശേഷതകളോടെ 'റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയില്‍ ഇതാദ്യമായി ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സാഹിത്യ-പത്ര-ദ്യശ്യ-നിയമ- ചലച്ചിത്ര-സംഗീത - നാടക-നൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് മലയാളികളുടെ തനതായ മൂല്യബോധവും സാംസ്‌കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടുപാചകം തുടങ്ങി ഏതു വിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം.

പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.

 

 

 

ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്‌കാരങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായി തീരുന്ന മലയാളികള്‍ക്ക് അവരുടെ നാടിനെയും ഭാഷയെയും കുറിച്ച് പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ. മാത്യു.

മത്സരത്തിന്റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാളത്തിലെ പ്രമുഖര്‍ അടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്ട്രേലിയയില്‍ ചിത്രീകരിക്കുന്ന 'റിയല്‍ ജേര്‍ണി' എന്ന മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കും.

അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കി ആദരിക്കും.

സെപ്റ്റംബര്‍ 23ന് റിയാലിറ്റി ഷോ തുടങ്ങും. മത്സരിക്കാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് kangaroovisionau@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടുക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക