Image

എന്തേ, നമുക്കൊരു യാത്രപോയാലോ? (ബിജോ ജോസ് ചെമ്മാന്ത്ര)

Published on 29 July, 2023
എന്തേ, നമുക്കൊരു യാത്രപോയാലോ? (ബിജോ ജോസ് ചെമ്മാന്ത്ര)

‘The world is a book and those who do not travel read only one page’ ― St. Augustine


യാത്രകളോടും യാത്രകളെ സ്നേഹിക്കുന്നവരോടും എന്തുകൊണ്ടാണ് ഇത്രയധികം പ്രണയം തോന്നുന്നതെന്ന് ചിന്തിക്കാറുണ്ട്. ഒട്ടും തിടുക്കംകൂട്ടാതെ പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലേക്കല്ലാതെ യാത്രകള്‍ക്കിറങ്ങുന്നവരൊട് കൂടെ ഒരല്‍പ്പം അസൂയയും. ലോകമെമ്പാടുമുള്ള വിസ്മയങ്ങള്‍ കണ്ടും അനുഭവിച്ചും മതിവരാതെ ദേശാടന്നപ്പക്ഷികളെപ്പോലെ അലയുന്ന ഇവര്‍ തുടരുന്ന യാത്രകള്‍ പ്രകൃതിയോടും അതിലെ അത്ഭുതക്കാഴ്ചകളോടുമുള്ള അകൈതവമായ അഭിനിവേശം തന്നെയാണ്. സഞ്ചാരികളുടെ കണ്ണിലേക്ക് നോക്കിയിട്ടുണ്ടോ? അവര്‍ കണ്ട കാഴ്ചകള്‍ ആ കണ്ണില്‍ തിളങ്ങുന്നുണ്ടാവും. ജീവിത സായന്തനത്തില്‍ ഓര്‍ക്കാനും അതില്‍ ഊളിയിടുവാനും ഒടുങ്ങാത്ത സ്മരണകളുടെ ശേഖരമാണ് അവര്‍ ഈ സഞ്ചാരങ്ങളിലൂടെ സംഭരിക്കുന്നത്. 
പുതിയ ഇടങ്ങളില്‍ നമ്മള്‍ കാണുന്ന കുറെ അപരിചിതരുണ്ടാവും. നമ്മുടെ ഭാഷയും സംസ്കാരവുമൊന്നും തിരിച്ചറിയാത്തവര്‍. ആ മുഖങ്ങളില്‍ വിരിയുന്ന ചിരിയും അവര്‍ കാട്ടുന്ന കാരുണ്യവും നമ്മെ അമ്പരിപ്പിക്കും. ചിലപ്പോള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്ന ഇടവഴികളിലൂടെ നമ്മള്‍ നടക്കും. അവരുടെ കരവിരുതുകള്‍ കണ്ട് അത്ഭുതപ്പെടും. ആ പാരമ്പര്യത്തിലൂന്നിയ കലാരൂപങ്ങള്‍ നിറമനസ്സോടെ ആസ്വദിക്കും. അവിടെ പാകപ്പെടുത്തിയ നാടന്‍ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കും. ആ സംസ്കൃതിയും തനത് ദര്‍ശനങ്ങളും വേരോടിയ ആ മണ്ണിലൂടെ വെറുതെ നടക്കും. പിന്നെ ഈ പുതിയ യാത്രാനുഭവങ്ങള്‍ നല്‍കിയ വൈകാരിക അനുഭൂതിയില്‍ മനം നിറഞ്ഞ് മറ്റൊരു ഇടത്തേക്ക്.
യാത്രകള്‍കൊണ്ട് ജീവിതവീക്ഷണവും ആത്മീയപൊരുളും സര്‍ഗ്ഗാത്മകതയുമൊക്കെ കണ്ടെത്തുന്നവര്‍ അനേകമാണ്. ആത്മാന്വക്ഷണങ്ങള്‍ക്കായി പുതിയ ദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന പഥികരും വിരളമല്ല. സാഹസിക യാത്രകളിലൂടെ രാജ്യങ്ങളും ഭൂകണ്ഡങ്ങളുമൊക്കെ കണ്ടെത്തെനായത് ചരിത്രത്താളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പുതുദേശങ്ങള്‍ കണ്ടെത്തിയ എത്രയോ ദേശാടനങ്ങള്‍. പല കുടിയേറ്റങ്ങളും മനുഷ്യസമൂഹം നടത്തിയ മഹായാനങ്ങളുടെ പരിണിത ഫലമായിരുന്നല്ലോ.
യാത്രകള്‍ സഞ്ചാരികള്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവമാണ്. അത് ശാരീരികവും മാനസികവുമായ ഉണര്‍വ്വുകൂടെയാണ്. ദീര്‍ഘയാത്രകളിലൂടെ തങ്ങളുടെ പരിമിതികളെ അവര്‍ മറികടക്കുന്നു. യാത്രാ സ്വാതന്ത്യം നിഷേധിച്ച കോവിഡ് കാലത്തിലെ സമീപകാല അനുഭവങ്ങള്‍ സഞ്ചാരപ്രേമികള്‍ മറക്കാനാഗ്രഹിക്കുന്ന ഒരേടാണ്. വീടിന്‍റെ ചുമരുകള്‍ക്കുള്ളിലിരുന്ന് വീണ്ടുമൊരു യാത്രയ്ക്ക് പോകാനാവുമോയെന്ന ആശങ്ക ഇവരെ നിരാശയില്‍ ആഴ്ത്തിയിരുന്നു. ഇന്‍റെര്‍നെറ്റിന്‍റെ സാങ്കല്‍പ്പികവും ആവാസ്തികവുമായ ഇരുണ്ടവഴികളില്‍ അലഞ്ഞുമടുത്ത അവര്‍ സ്ഥിതി പഴയതുപോലെയായപ്പോള്‍ വീണ്ടും ഭാണ്ഡം മുറുക്കി ഊരുചുറ്റുന്ന സഞ്ചാരികളായി. ഒരു യാത്രകഴിഞ്ഞെത്തിയാല്‍ അടുത്തതിനെപ്പറ്റിയുള്ള ചിന്താലോകത്തിലാവും ഓരോ സഞ്ചാരിയും. പിന്നീട് അവര്‍ പുതിയ യാത്രയെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ നെയ്താണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. 

സ്ഥിരം യാത്രകള്‍ക്ക് പോകാത്തവര്‍ പോലും ചിലപ്പോള്‍ വാരാന്ത്യത്തില്‍ ഒരു ഡ്രൈവിന് പോകാറുണ്ട്. കാറില്‍ ഇഷ്ടമുള്ള സംഗീതവുമാസ്വദിച്ച് ചാറ്റല്‍ മഴയിലൂടെ കാടിന്‍റെ വന്യതയിലേക്കോ അടുത്തുള്ള തിരക്കൊഴിഞ്ഞ ഗ്രാമത്തിലേക്കോ അലസമായ ഒരു പ്രയാണം. പ്രേത്യേക ലക്ഷ്യങ്ങളില്ലാതെ ഒന്നു നാടുചുറ്റാനിറങ്ങി ചില്ലറ കാഴ്ചകളും കണ്ട് തിരിച്ചെത്തുന്നവരുമുണ്ട്. വര്‍ണ്ണാഭമായ മരങ്ങള്‍ക്കിടയിലൂടെയുള്ള ശരത്കാലത്തെ ഡ്രൈവുകള്‍ തീര്‍ച്ചയായും മനം കുളിര്‍പ്പിക്കുന്നതാണ്. ഇവയെയൊക്കെ ദീര്‍ഘയാത്രകളുടെ ഗണത്തില്‍പ്പെടുത്താനാവില്ലെങ്കിലും മനസ്സിനും മിഴികള്‍ക്കും ഇതേകുന്ന ഉണര്‍വ്വും ഉന്മേഷവും ആനിര്‍വചനീയമാണ്.

ഒരല്‍പ്പം തന്‍റെടവും അതിനൊത്ത ഇച്ഛാശക്തിയും മതി ഏത് കാടും മേടും കയറാനും ഏത് കടലുകള്‍ താണ്ടാനും. ചെന്നെത്തേണ്ട സ്ഥലത്തെ ആശ്രയിച്ചും കീശയുടെ കനമനുസരിച്ചും പല ഗതാഗത മാര്‍ഗ്ഗങ്ങളേയും യാത്രികര്‍ ആശ്രയിക്കുന്നു. അതിനായി അവര്‍ക്ക് ട്രെയിനിലും, ടാക്സിയിലും, ബൈക്കിലും, റിക്ഷയിലും, സൈക്കിളിലും, ലോക്കൽ ബസ്സിലുമൊക്കെ യാത്ര ചെയ്യേണ്ടിവരുന്നു. ഇതോരോന്നും തരുന്ന അനുഭവതലം വ്യത്യസ്തമാണ്. യാത്രികരില്‍ ചിലരാകട്ടെ ചെറിയ ദൂരങ്ങള്‍ കഴിവതും കാല്‍നടയായി സഞ്ചരിച്ച് ആ നാടിന്‍റെ ഹൃദയമിടിപ്പറിയാന്‍ ശ്രമിക്കുന്നു. 
സ്ത്രീപുരുഷ ഭേദമന്യേ ബാക്ക്‍പായ്ക്കും തൂക്കി നടന്നു നീങ്ങുന്ന ഏകാന്ത യാത്രികര്‍ (Solo Travelers) വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചയാണ്. നല്ല പ്ലാനിംഗും പോകുന്ന സ്ഥലത്തെക്കുറിചുള്ള ഏകദേശ ധാരണയും മതി ആര്‍ക്കുമിറങ്ങാം മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ കാണാന്‍. സ്വതന്ത്രമായി തങ്ങളുടെ ദൃശ്യലോകത്തെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് അവര്‍ക്ക് ഈ യാത്രകള്‍. യാത്രയുടെ ആസൂത്രണമുള്‍പ്പെടെ എല്ലാ തീരുമാനങ്ങളും സ്വന്തം. അവര്‍ക്ക് തന്‍റെതന്നെ വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള ഒരു വഴികൂടിയാണ് ഒറ്റയ്ക്കുള്ള ഈ യാത്രകള്‍. ഏകാന്തത കാംഷിക്കുന്നവര്‍ക്ക് ബാഹ്യലോകവുമായി കൂടുതല്‍ സംവേദിക്കാനാവുന്നത് തനിച്ചുള്ള യാത്രകളിലായിരിക്കും. ഈ അവസരത്തില്‍ ചിന്തകളുടെ ചിറകിലേറി അവര്‍ക്ക് അകലേയ്ക്ക് അനായാസം പറക്കാനാവും. അവനവനെത്തന്നെ കൂടുതല്‍ അറിയുവാനും  ഈ ഭൂമിയില്‍ താന്‍ എത്രയോ നിസ്സാരമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുവാനും ഇത്തരം സഞ്ചാരങ്ങള്‍ അവരെ പ്രാപ്തമാക്കാറുണ്ട്. ഓരോ യാത്രയിലും കണ്ടുമുട്ടുന്ന സാഹസികരായ സഞ്ചാരികള്‍ ചിലപ്പോള്‍ ജീവിത വീക്ഷണങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഓരോ വര്‍ഷം കഴിയുന്തോറും തനിയെ യാത്രചെയ്യുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. അവര്‍ നഗരങ്ങളിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും അലഞ്ഞ് അവിടുത്തെ നാട്ടുവിശേങ്ങളും കേട്ട് അത്ഭുതം കൂറി ചെറിയ ഭക്ഷണശാലകളില്‍ നിന്നും നാടന്‍ ആഹാരവും കഴിച്ച് ആ അനുഭവങ്ങളുടെ കൈപിടിച്ചു പുതിയ ലോകത്തേക്ക് നടന്നു നീങ്ങുന്നു. 
യാത്രപോകാന്‍ വിമുഖത കാട്ടുന്നവരേ, ജീവിതാനുഭവങ്ങളില്‍ നഷ്ടപ്പെടുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല. ഭയവും അലസതയും മാറ്റിവെച്ച് നമുക്ക് അങ്ങകലേക്ക് ഒരു യാത്രപോവാം. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന അതീവ ഹൃദ്യമായ കാഴ്ചകളെ ഒപ്പിയെടുക്കാന്‍. ഓരോ യാത്രയും ഏതെങ്കിലും ആമ്പരിപ്പിക്കുന്ന അനുഭവങ്ങള്‍ നമുക്കായി കാത്തുവെച്ചിട്ടുണ്ടാകാം, സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഒരല്‍പ്പം ഇടവേള. സമയം കിട്ടുമ്പോള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവും കൈയ്യിലെടുത്തോളൂ. ജീവിത പ്രാരാബ്ദങ്ങള്‍ മറന്നുള്ള ഒരു യാത്ര. ഒഴുക്കുള്ള നദിയിലെ ചെറുതോണിയായി അനന്തതയിലേക്ക് തുഴഞ്ഞു പാരാവാരത്തോട് ചേരുന്ന ലയമറിയാം. അപ്പൂപ്പന്‍ താടി പോലെ കനം കുറഞ്ഞു കാറ്റിന്‍റെ ചിറകുകളിലേറി മുളംകാടിന്‍റെ സംഗീതത്തില്‍ അലിഞ്ഞ് പുല്‍മേടുകള്‍ താണ്ടാം. മലകളെ തലോടികടന്നുപോകുന്ന തുണ്ട് മേഘങ്ങളായി പറന്ന് മെല്ലെ പേമാരിയായി പെയ്തിറങ്ങാം. ഇതുവരെ കടന്നുവന്ന ജീവിതവഴികളില്‍ കണ്ടുമുട്ടാതിരുന്ന അനുഭവങ്ങള്‍ക്കായി നമ്മുടെ അകക്കണ്ണുകള്‍ തുറന്നുകൊണ്ട് ഒരു വിസ്മയ യാത്ര.
***************** 

(BijoChemmanthara@gmail.com)

Join WhatsApp News
Jojo Vattadikunnel 2023-07-29 17:01:07
Excellent writing !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക