Image

മരണം ഒരു കോമഡി (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 17 October, 2023
മരണം ഒരു കോമഡി (കവിത: വേണുനമ്പ്യാര്‍)

1

ട്രാന്‍സ്‌ഫോമറിന്റെ കേടുപാട്
തീര്‍ക്കുന്നതിന്റെ ഭാഗമായി
നഗരത്തിലെ ഇലക്ട്രിക് ക്രിമേറ്റോറിയം
ഈ മാസം പതിനഞ്ച് മുതല്‍
മുപ്പതാം തീയ്യതി വരെ 
തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
ഇക്കാലയളവില്‍ മരിക്കാതിരിക്കാന്‍ ഓരോ പൗരനും പ്രത്യേകം  
ജാഗ്രത പുലര്‍ത്തേണ്ടതാണ്!

ഇന്‍കണ്‍വീനിയന്‍സ് കോസ്ഡ് 
ഈസ് ഡീപ്ലി റിഗ്രറ്റഡ് 
ബൈ മഹാനരകപാലിക.

2

അവസാനത്തെ ചിരി
മരണത്തിന്റെതാകരുത്

പട്ടടയില്‍പ്പോലും പൊലിയാത്ത
ജീവന്റെതാകണം.

3

വഴങ്ങേണ്ട
വരുതിയിലാക്കാന്‍ നോക്കേണ്ട
സമഗ്രമായ ഒരു ബോധതലത്തില്‍
മരണവുമായി താദാത്മ്യപ്പെടാം
മരണം രണഭൂമിയില്‍ നിന്നും
ഒളിച്ചോടും!


മരണത്തിനു മുന്നെ
മരിച്ചു കിടക്കണം
ശവാസനത്തില്‍
അതൊരു സൗഭാഗ്യമായിരിക്കും
മരണമെത്തി മണം പിടിക്കുമ്പോള്‍
സുഗന്ധം തികട്ടണം
അണയാത്ത ജീവന്റെ 
സഹസ്രാരത്താമരയിതളിന്റെ!

4

ഈ കാലത്തിന് പുറമെ
മറ്റൊരു കാലമുണ്ടാകാം - കടല്‍ പോലെ
ഈ സ്ഥലത്തിനു പുറമെ
മറ്റൊരു സ്ഥലമുണ്ടാകാം -കടല്‍ പോലെ
അവിടേക്ക് ഒഴുകിയെത്താന്‍
തോഴനില്ലാത്ത
പങ്കായമില്ലാത്ത
തോണിയില്ലാത്ത
ഒരു പുഴയാകാം.

നീന്തലറിയാത്തവന്‍
പുഴയില്‍ മുങ്ങി മരിക്കുന്നു
മരിച്ചവന്‍ മലര്‍ന്ന് പൊങ്ങുന്നു
അനായാസം നീങ്ങുന്നു
നങ്കൂരമില്ലാതെ
വന്‍കടലിലേക്ക്!

5

അഞ്ചാം വയസ്സില്‍
ഒരു നാനോ സെക്കന്‍ഡ് നേരത്തേക്ക്
കവിയും മരണത്തിന്റെ
പറുദീസയിലായിരുന്നു

തിരിച്ചു വന്നപ്പോള്‍
ശരീരത്തില്‍ നിന്നെന്ന പോലെ
മനസ്സില്‍ നിന്നും കവി
ബഹിഷ്‌കൃതന്‍

പറുദീസയിലെ വെളിച്ചത്തിന്റെ
നിഴലായി കവി അലയുകയാണ്
മരുഭൂമിയില്‍ നിന്നും
മരുഭൂമിയിലേക്ക്!
സ്വപ്നാടകനായ കവി
യാഥാര്‍ത്ഥ്യം കണ്ടെത്തുമൊ?
യാഥാര്‍ത്ഥ്യം കണ്ടെത്തിക്കഴിഞ്ഞാല്‍
പിന്നെ കവി ബാക്കിയുണ്ടാകുമൊ?

6

മരണത്തിന് സ്പര്‍ശിക്കാനാകാത്ത
ഈ നിമിഷം ഒരു സ്വര്‍ണ്ണഖനിയില്‍
കുറഞ്ഞൊന്നുമല്ല
ഒരു സ്വര്‍ണ്ണഖനിത്തൊഴിലാളിയായി
ജീവിച്ച് മരിക്കാം.

മരണത്തിന് സ്പര്‍ശിക്കാനാകാത്ത
ഈ നിമിഷം ഒരു തേന്‍ തുള്ളിയില്‍
കുറഞ്ഞൊന്നുമല്ല 
റാണിയുടെ ആജ്ഞയ്ക്ക് വഴങ്ങുന്ന 
ഒരു തേനീച്ചയായി
ജീവിച്ച് മരിക്കാം.


_____________________

 

Join WhatsApp News
Sudhir Panikkaveetil 2023-10-17 20:27:54
നീന്തലറിയാത്തവൻ മുങ്ങി മരിച്ചാൽ പിന്നെ പൊങ്ങി കിടക്കും. അനായാസം കടലിലേക്ക് നീങ്ങും. ജീവിക്കാനാണ് നീന്തൽ പോലുള്ള അഭ്യാസങ്ങൾ വേണ്ടത്. കവികൾ സ്വപ്നാടകരാണ്. യാഥാർഥ്യം കണ്ടെത്തിയാൽ പിന്നെ അവരില്ല. അതിനു മുമ്പ് അവർ ഒത്തിരി കാര്യങ്ങൾ കണ്ടെത്തും. അതൊക്കെ പ്രവചനങ്ങളായി തത്വങ്ങളായി പരിണമിക്കും. സഹസ്രദള പത്മത്തെപ്പറ്റി കവി പരാമർശിക്കുന്നുണ്ട്. അത് നമ്മുടെ ഉച്ചിയിൽ സ്ഥിതിചെയ്യുന്ന കിരീടച്ചക്രമാണത്രെ. ഇതു ഭൗതിയലോകവും ആത്‌മീയലോകവുമായും ബന്ധിപ്പിക്കുന്ന ഒരു പാലമാണ്. യോഗാസനങ്ങളിൽ ഇതിനു പ്രാധാന്യമുണ്ടു. ആധുനിക ശാസ്ത്രം ഇതിനെ മസ്തിഷ്കത്തിന്റെ ഉൾഭാഗത്തെ അറിവായും ആത്മീയ അറിവായും കണക്കാക്കുന്നു. അതിലൂടെ അറിയണം മരണം വരും മുമ്പേ നമ്മുടെ ജീവിതോദ്ദേശ്യം. ശ്രീ വേണു നമ്പ്യാരുടെ കവിതകൾ തത്വചിന്തകളുടെ തലം പൂണ്ട്നിൽക്കുന്നു
ഹൈക്കു 2023-10-17 23:32:36
കേരളത്തിലെ ട്രാന്സ്ഫോര്മറിൽ തൊട്ടാൽ മണി അടിക്കും 1 2 3 അതോടെ അവന്റെ കഥ കഴിയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക