Image

മറുകണ്ടം(കവിത : വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 25 October, 2023
മറുകണ്ടം(കവിത : വേണുനമ്പ്യാർ)

ഇടത്തോട്ട്
അധികം ചാഞ്ഞാൽ
വലത്തോട്ട്
മാറേണ്ടി വരും

വലത്തോട്ട്
അധികം ചാഞ്ഞാൽ
ഇടത്തോട്ട്
മാറേണ്ടി വരും

എക്സ്ട്രീം
മീൻസ് ഡെത്ത് 
എക്സ്ട്രീമിസ്റ്റ്
മീൻസ് എ ഡെത്ത്മോംഗർ

അതിനാൽ
രാഷ്ട്രീയത്തിൽ മാത്രമല്ല
രാഷ്ട്രീയേതരനിത്യജീവിതത്തിലും
ബുദ്ധന്റെ മദ്ധ്യമമാർഗ്ഗമാണ് ബെസ്റ്റ്

മദ്ധ്യമ മാർഗ്ഗത്തെയും
എക്സ്ട്രീം ആക്കുന്നവരുണ്ട്
അവർ ബുദ്ധന്റെ തലയിൽ
ഹിറ്റ്ലരുടെ തൊപ്പി 
വെക്കുകയാണ്

നിങ്ങൾക്കറിയാമല്ലൊ
ഒരു ഞാണിന്മേൽക്കളിയാണ്
ജീവിതമെന്ന്

അപക്വമതികളായ
ചില രാഷ്ട്രീയക്കാർക്ക്
അത് വെറുമൊരു
അരഞ്ഞാണിന്മേൽക്കളിയത്രെ!
പൊതുഖജനാവിൽ നിന്ന്
കയ്യിട്ട് വാരി പൊന്ന് കൊണ്ടുള്ള
അരഞ്ഞാണുകൾ തീർത്ത്
അവർ രാജസദസ്സിലെ വേശ്യകൾക്ക്
ദാനം ചെയ്യുന്നു!!

മറുകണ്ടം ചാടുന്നവർ
സൂക്ഷിക്കണം
മരണക്കിണറിന്റെ
വായക്ക് അടപ്പില്ല മക്കളെ!

ഇടവും വലവും
രണ്ടു ചിറകുകളാണ്
അതിൽ ഒരെണ്ണം
അരിഞ്ഞെടുത്താൽ
പറത്തമെങ്ങനെ സാദ്ധ്യമാകും!

ജീവൽപ്പക്ഷിക്ക്
ആകാശം നിഷേധിക്കണൊ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക