Image

മായാമധുരം (കവിത : വേണുനമ്പ്യാർ )

Published on 27 October, 2023
മായാമധുരം (കവിത : വേണുനമ്പ്യാർ )


പാതിരാവിൽ ഒരു സ്വപ്നമായി
ഉൾപ്പൂവിലേക്കു
ഒരപരിചിതൻ കടന്നു വരും
നിന്നെയുണർത്താൻ
കോൾമയിർ കൊള്ളിക്കാൻ
പിന്നെ നില കിട്ടാത്ത
ആനന്ദാബ്ധിയിൽ
നിങ്ങളിരുവരും 
ഒരുമിച്ച് മുങ്ങി മരിക്കും!

2
കവി പൂമ്പാറ്റയെ സ്വപ്നം കണ്ടു
കവി പൂമ്പാറ്റയായി
പൂമ്പാറ്റ പൂവെന്ന കവിതയെ 
സ്വപ്നം കണ്ടു
പൂമ്പാറ്റ പൂവായി
മരണം കവിയെ പൂമ്പാറ്റയെ 
സ്വപ്നമായി കണ്ടു
കവിയും പൂമ്പാറ്റയും
യാഥാർത്ഥ്വമായി!

3
സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ
ഉണർവ്വ് പോലും വേറിട്ടൊരു സ്വപ്നം
രണ്ടാം സ്വപ്നത്തിൽ മയങ്ങിയപ്പോൾ
മയക്കവും മറ്റൊരു സ്വപ്നം
സ്വപ്നങ്ങളെയെല്ലാം
ഉപേക്ഷിക്കുന്ന മരുഭൂമിയുടെ ഇരുളിൽ
നിശ്ചയമായും ഒരാൾ 
കുഴഞ്ഞു വീണു പോകും
അപ്പോൾ അത്യുന്നതങ്ങളിലെ മേഘ പാളികൾക്കിടയിലൂടെ
ഊർന്നിറങ്ങുന്ന പൊൻവെളിച്ചം
അയാളെ ചുംബിച്ചുണർത്താതിരിക്കില്ല:
എഴുന്നേൽക്കൂ, മരണത്തേക്കാൾ
വിരൂപമാണ് മരുഭൂമിയിലെ
നിന്റെയുറക്കം!

4
ശൈശവത്തിലെ സ്വപ്നം
വേറിട്ടു നിൽക്കാനറിഞ്ഞു കൂടാത്ത
നിഷ്കളങ്കത
ആ നിഷ്കളങ്കതയിലേക്ക്
ഇനിയൊരു
മടങ്ങിപ്പോക്കുണ്ടാവില്ല
രണ്ടാം ശൈശവത്തിലെ സ്വപ്നം
വേറിട്ടതിന്റെ വേദനാസമാഹാരം
ഇവിടെ വേദന തന്നെ
വേദനസംഹാരി!

5
ഉണരുമെന്ന ഉറപ്പില്ലെങ്കിലും
ഇനിയും ഉറങ്ങാം
ശരീരത്തിനകത്തല്ല
ശരീരത്തിൽ നിന്നും
വളരെ അകലെ
ആർക്കും അന്വേഷിച്ചാൽ കിട്ടാത്ത
അജ്ഞേയമായ
ആ ക്ഷീരപഥത്തിൽ!

6
സ്വപ്നങ്ങളെല്ലാം 
മുറിയുമെന്ന് 
മുന്നെ അറിയാമെങ്കിലും
ഇരുളിൽ ഇനിയും
കണ്ണടച്ച് കാത്തിരിക്കാം
യാഥാർത്ഥ്യത്തിനു നിരക്കാത്ത
നിന്റെ നനുത്ത കാലൊച്ചകൾക്കായി!

7
എന്നെങ്കിലും നി തിരിച്ചു വരികയാണെങ്കിൽ
എന്നെ തിരിച്ചറിയാൻ
നി വല്ലാതെ പണിപ്പെടും
ഭ്രാന്തിന്റെ വന്യമായ
ഏകാകിതയിൽ
നിന്നെക്കുറിച്ചുള്ള
ഓർമ്മകളുടെ സ്വപ്നച്ചങ്ങലയിൽ
ദൈവം എന്നെ ബന്ധിച്ചിരിക്കയാണ്!

Join WhatsApp News
Sudhir Panikkaveetil 2023-10-27 14:12:27
ശ്രീ വേണു നമ്പ്യാരുടെ കവിതകൾ എല്ലാം വായിച്ചു. ഈ കവിത വായിച്ചപ്പോൾ ഷെയ്ക്ക്സ്ഫിയർ പറഞ്ഞ വരികൾ ഓർത്തു "കവിയും കാമുകനും ഉന്മാദിയും " ഒരേ ഗണത്തിൽ പെടുത്താമെന്നു. അത് പക്ഷെ ഷെയ്ക്ക് സ്ഫിയരുടെ ഒരു കഥാപാത്രം പറയുന്നതാണ്. അയാൾ കവികളുടെ ഭാവനയെ അംഗീകരിക്കുന്നില്ല. ശക്തമായ ഭാവനകളെകൊണ്ട് നിർവഹിക്കുന്ന ഒരു സൂത്രമായി കവിതയെ അയാൾ കാണുന്നു. ( a trick performed by strong imaginations) കവിയും കാമുകനും ഉന്മാദിയും ചിന്തിക്കുന്നത് ഒരേപോലെയാകാം. കാരണം അവർ ചിന്തിക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നും അകന്നു നിന്നുകൊണ്ടാണ്. കവികൾ പക്ഷെ അവരുടെ കാവ്യഭാവനകളെ സഹൃദയമനസ്സുകൾക്ക് ചിന്തിക്കാനും ആസ്വദിക്കാനും മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. ശ്രീ വേണു നമ്പ്യാർ കാവ്യ സപര്യ തുടരുക.
വേണുനമ്പ്യാർ 2023-10-28 04:22:47
ശ്രീ സുധീർ സാറിന്റെ അനുഗ്രഹാശിസ്സുകൾക്ക് മുന്നിൽ നമിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക