Image

വൈറൽ (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 30 October, 2023
വൈറൽ (കവിത: വേണുനമ്പ്യാർ)

എല്ലാരും വൈറലാ
എല്ലാരും താരമാ
എല്ലാരും ഡിജിറ്റലാ
 
അന്ധകാരത്തിന്റെ പ്രകാശവേഗം
എല്ലാരുടെയും വിരൽത്തുമ്പിലാ

അച്ഛനും അമ്മയും മക്കളും
പ്ലാറ്റ്ഫോമിലാ
അവസാനത്തെ രാത്രിവണ്ടിയും
കടന്നു പോയി
ഇപ്പോഴും അവർ
ഓ രോ രോ
പ്ലാറ്റ്ഫോമിലാ

ഏതൊ നിർമ്മിതകുബുദ്ധി
ഏതൊ കപടസൂത്രധനബുദ്ധി
വിരിച്ച വർച്വൽ വലയിൽ
ഒരുക്കിയ വർച്വൽ കെണിയിൽ
അച്ഛനും അമ്മയും മക്കളും
വീണിരിക്കുവാ

അദൃശ്യമായ ചരടിൽ കോർത്തിട്ട 
കളിപ്പാവകൾ 
അവസാനത്തെ രാത്രിവണ്ടിയും
കടന്നു പോയത്
അവർ അറിയുന്നില്ല
മഞ്ഞുതുള്ളി ചുംബിച്ചുണർത്തിയ
പുലരിപ്പൂവുകളെ
അവർ ഓർക്കുന്നില്ല
അങ്കണത്തൈമാത്തുഞ്ചത്തെ
പഞ്ചമം കേൾക്കുന്നില്ല
പൗർണ്ണമിച്ചന്ദ്രനെ 
നുണച്ചിറക്കിയ രാവ്  
അവരിൽ ആരും തന്നെ 
ഓർക്കുന്നില്ല

എല്ലാരും ഓട്ടോ പ്ലേ മോഡി ലാ
ബ്ലാക്ക് ഔട്ട് മൂഡിലാ

ഇപ്പോഴും അവർ
ഓ രോ രോ
പ്ലാറ്റ്ഫോമിലാ

മല്ലുവിനെ പട്ടി കടിച്ചാലും
മല്ലു പട്ടിയെ കടിച്ചാലും
വാർത്ത വൈറലാകില്ല
ഒരു ദിവസമെങ്കിൽ ഒരു ദിവസം
കേരനാട്ടിൽ പട്ടി ആരെയും
കടിക്കാതിരുന്നാൽ അന്ന്
വാർത്ത യമണ്ടൻ വൈറലാ

കല്യാണത്തലേന്ന്
പെണ്ണ് ഒളിച്ചോടിയാൽ
രോഷസങ്കടം വൈറലാ 
പെണ്ണിന്റപ്പന്

കടം വീട്ടാൻ ഗതിയില്ലാതെ
ജീവന്റെ കട പകുതിക്ക്
അടച്ചു പൂട്ടേണ്ടി വരുന്ന 
ഉടമയുടെ വീട്ടുകാർക്ക് 
ദുഃഖവും അനാഥത്വവും വൈറലാ

അജ്ഞാതന്റെ ലിങ്കിൽ കയറി
കുത്തിയാൽ ധനനഷ്ടം വൈറലാ

മരിച്ചാലേവനും മ്യൂറലാ
സത്യം വിസ്മരിച്ചാലേവനും നരകമാ

നഗരാശുപത്രിയിലെ എല്ലാ പനിക്കിടക്കകളും ഇപ്പോൾ വൈറലാ

എന്തെന്നറിയില്ല
വൈറലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ
എനിക്കൊരു വർച്വൽ വിറയലാ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക