Image

ഉപരതിസുഖസാരേ (കവിത: വേണുനമ്പ്യാർ )

Published on 01 November, 2023
ഉപരതിസുഖസാരേ (കവിത: വേണുനമ്പ്യാർ )

കട്ട പിടിച്ച
ഇരുട്ടിന്റെ  
ഒരു ഗോളമായിരുന്നു ഞാൻ
നീ ഒരു മിന്നൽപ്പിണരായി
എന്നിലേക്കിറങ്ങി വന്നു

ഞാൻ തണുത്തുറഞ്ഞു പോയ
വെണ്ണക്കട്ടയായിരുന്നു
നീ എന്റെ ഹൃദയത്തിലേക്ക്
പഴുപ്പിച്ച ഉരുക്ക് കത്തിയായി
അയവോടെ മന്ദം പ്രവേശിച്ചു
ഞാൻ ഉരുകിക്കൊണ്ടേയിരുന്നു

അതിരുകളില്ലാത്ത
ആനന്ദസാമ്രാജ്യത്തിൽ
നിസ്വരായ നമ്മൾ
വാഴ്ത്തപ്പെട്ടു

പഴകിയ വീഞ്ഞിനും 
പകരാനാകാത്ത
ഒരു സാഗരലഹരിയിലേക്ക്
നമ്മളിരുവരും ഒഴുകി 

എന്താ ഒന്നും മിണ്ടാത്തെ

മിണ്ടിയാൽ എല്ലാം തകരും
അതു കൊണ്ടാ 

എന്നാൽ മരിക്കുവോളം
ഒന്നും മിണ്ടാതിരിക്കാം

നിറവും മണവുമുള്ള
മൌനപുഷ്പങ്ങൾ
നമ്മൾ അരൂപിയായ
ദൈവത്തിനു മേൽ ചൊരിയട്ടെ
നമ്മൾ ഈ നിമിഷം
അനുഗൃഹീതരാകട്ടെ

മധുരവും സുരക്ഷിതവും
പാറാവ് വേണ്ടാത്തതുമായ
അനായാസത നമ്മൾ 
പങ്കിട്ടുകൊണ്ടേയിരിക്കുന്നു
പ്രണയത്തിനു വേണ്ടി ഈ ക്ഷണം
മരിച്ചാൽത്തന്നെയെന്ത്
നമ്മുടെ പിറവി സഫലമാകില്ലേ

സ്വപ്നങ്ങളുടെ പഞ്ഞി നിറച്ച
സാധാരണ തലയണ 
കണ്ണടച്ചു തുറക്കും മുമ്പ് ദിവ്യാനുഭൂതിയുടെ
മടിത്തട്ടായി പരിണമിച്ചു

ആകാശം മുട്ടെ പരക്കുന്ന പുലരിയുടെ തുടിപ്പിൽ പ്രതീക്ഷയുടെ തൂവൽദൂതന്മാർ തംബുരു മീട്ടി

അനശ്വരപ്രണയത്തിന്റെ 
സന്നിധി തേടുന്ന
സമയാതീതമായ അസ്തിത്വം 
പുതിയ വെളിച്ചത്തിൽ സ്നാനപ്പെട്ടു

ഏത് അരൂപിയുടെ
രൂപമാണൊ നമ്മൾ
ആ അരൂപിക്ക് മുന്നിൽ
കിഴക്കിന്റെ ഹൃദയരക്തം കൊണ്ട്
നമ്മൾ പുഷ്പാർച്ചന നടത്തട്ടെ!

നമ്മൾ പൊന്നമ്പിളിയുടെ
രജതതാരകങ്ങളുടെ
ഭൂമിയിലെ അവകാശികൾ

കറുപ്പിലും വെളുപ്പിലും
വരച്ചിട്ട ഖലീൽ ജിബ്രാൻ
ചിത്രങ്ങളിലെ രൂപങ്ങളെ പോലെ
നമ്മൾ ആദിമനഗ്നതയുടെ
ആകാശം തേടി പറക്കട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക