Image

ക്വീയർ പ്ലസ് ( കവിത : വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 04 November, 2023
ക്വീയർ പ്ലസ് ( കവിത : വേണുനമ്പ്യാർ )

ഒരു കുത്തിന് തോന്നി
തൊട്ടടുത്ത് വേറൊരു കുത്ത് വേണമെന്ന്
അങ്ങനെ വരയുണ്ടായി
വാൻഗോഗും പിക്കാസൊയുമുണ്ടായി

ഒരു മതിലിനു തോന്നി
വേറൊരു മതിൽ വേണമെന്ന്
അങ്ങനെ ഭൂമിയിലെമ്പാടും വന്മതിലുകളുണ്ടായി

ഒരു കൊടിക്ക് തോന്നി
ആകാശത്ത് മറ്റൊരു കൊടി വേണ്ടെന്ന്
അങ്ങനെ ലോകത്ത്
ഫാസിസമുണ്ടായി

ഒരു കണ്ണൂനീർത്തുള്ളിക്ക് തോന്നി
ഇനി ഭൂമിയിൽ മറ്റൊരു കണ്ണുനീർത്തുള്ളി വീഴരുതെന്ന്
അങ്ങനെ ബോധിമരച്ചുവട്ടിൽ
ഒരു ബുദ്ധനുണ്ടായി

സത്യത്തിനു തോന്നി
അജയ്യമായ മറ്റൊരു സത്യം വേണ്ടെന്ന്
അങ്ങനെ പ്രപഞ്ചത്തിൽ
പൂർണ്ണ സത്യമുണ്ടായി

ഒരാണിനു തോന്നി
കിടക്ക പങ്കിടുവാൻ ഒരാണ് വേണമെന്ന്
ഒരു പെണ്ണിനു തോന്നി
കിടക്ക പങ്കിടുവാൻ ഒരു പെണ്ണ് വേണമെന്ന്
ആണും പെണ്ണും കെട്ടവർക്ക്
ഒരു ഹിംസയായി
തോന്നി ലിംഗനിർദ്ധാരണം
അങ്ങനെ കോടതിയിൽ കേസായി
പത്രങ്ങളിൽ ചാനൽചർച്ചകളിൽ
പുകിലായി
വക്കീലിന് ഫീസായി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക