Image

പേക്രോം ( കവിത : വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 07 November, 2023
പേക്രോം ( കവിത : വേണുനമ്പ്യാർ )

1
അക്ഷരച്ചൂണ്ടയിൽ
കൊത്തിപ്പിടയാതെ
കുടുങ്ങാം 
മൌനദിവ്യാനുഭൂതി തൻ
പുത്തനാം വലയിൽ!

എനിക്കെന്റെ മൗനം
നിനക്കു നിന്റെ മൗനം
മൗനക്കടലിൽ മുങ്ങുന്നു
നമ്മുടെ,യനന്തശയനമൌനങ്ങൾ.

2
വിദ്യ കൊടുക്കേണ്ട വിത്തിന്
സദ്യ കൊടുക്കേണം വിത്തിന്
വിത്തെടുത്തിന്ന് കുത്തിയാൽ
നാളെ പട്ടിണി നിശ്ചയം.

3
ഇന്ന് നമിക്കിൽ തൊഴിക്കും
ഇന്ന് നടുകിൽ നടു പൊട്ടിക്കും
ഇന്ന് നൽകുകിൽ കൈ വെട്ടും
ഇന്ന് നമുക്ക് നാമേ പണിവതു പാര, യിഹത്തിലെന്ന പോൽ പരത്തിലും!

4
രാമൻ എന്റെ നാവിലൂടെ
രാമനാമം ജപിക്കുമ്പോൾ
രാമനാമം സത്യം
മൈക്കിലൂടെ ഞാൻ ഉരുവിട്ട് പൊട്ടിക്കുമ്പോൾ
രാമനാമം അസത്യം

5
അടുക്കളപ്പുറത്തെ 
കദളിവാഴക്കയ്യിൽ ഇരിക്കാനായി
പേരില്ലാത്ത രണ്ട് ഇണക്കാക്കകൾ 
പാറി വന്നു
ഒന്ന് മറ്റേതിന്റെ കൊക്കുരുമ്മിയിട്ട്
സാനുരാഗം ആംഗലേയത്തിൽ ചൊല്ലി:
മൈ ക്രോ മൈ ക്രോ 
തൈത്തടത്തിലെ ചതുപ്പിൽ
പതുങ്ങിയിരുന്ന പേക്രോൻ 
ജുഗൽബന്ദിക്കൊരുങ്ങി:
പേ ക്രോം! പേ ക്രോം!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക