Image

കൊഴിഞ്ഞതും കിളുർത്തതും (കുഞ്ഞിക്കഥകൾ: ദീപ ബിബീഷ് നായര്‍)

Published on 10 November, 2023
കൊഴിഞ്ഞതും കിളുർത്തതും (കുഞ്ഞിക്കഥകൾ: ദീപ ബിബീഷ് നായര്‍)

പാഠം 1
(പാലമരവും പാറുക്കുട്ടിയും)

" പാല പൂത്ത് തുടങ്ങ്യാ പിന്നെ യക്ഷികള് എപ്പഴും ഇതിന്റെ മുകളിൽ തന്നെ കാണുംന്നാ പറയണെ " ... മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ വീടിന്റെ പുറത്ത് തിണ്ണയിലിരുന്ന് മിനിച്ചേച്ചി തന്റെ അറിവിന്റെ ഭണ്ഡാരമഴിച്ചു നിരത്തുകയാണ്.. എട്ടു വയസുള്ള പാറുക്കുട്ടിയും ആറ് വയസുള്ള ചിന്നുവും ശബ്ദമടക്കിപ്പിടിച്ചിരുന്നു കേൾക്കുകയാണ്. "യക്ഷിന്ന് പറഞ്ഞാ നമ്മള് കരുതുമ്പോലൊന്നുമല്ല, പയങ്കര ശക്തിയാ, വെള്ളസാരിയൊെക്കെ ഉടുത്ത് മുടിയൊക്കെ അഴിച്ചിട്ട് , മുടീന്ന് പറഞ്ഞാ ഇങ്ങ് കാലിന്റെ മുട്ടുവരെ കാണും " മിനിച്ചേച്ചി നിർത്താതെ തുടരുകയാണ്. പകലിനെക്കാൾ ചന്ദ്രികതൂകുന്ന ആ രാത്രിയിലും പാറുവിന് ദൂരേയ്ക്ക് നോക്കിയപ്പോൾ പേടി തോന്നാതിരുന്നില്ല. ചിന്നുവാണെങ്കിൽ ഒരു കൂസലുമില്ലാതെ ഇരുന്നു കേൾക്കണുണ്ട്. 

കണ്ണെത്താ ദൂരത്തോളം തെങ്ങിൻ കൂട്ടങ്ങളും ഇടയ്ക്ക് പല തരത്തിലുമുള്ള വൃക്ഷങ്ങളുമാണ് വീടിന് ചുറ്റിലും . നാസാരന്ധ്രങ്ങളെ തുളച്ചു കൊണ്ട് പാലപ്പൂവിന്റെ മനം മടുപ്പിക്കുന്ന ഗന്ധം കാറ്റിനോടൊപ്പം ഒഴുകി വന്നു... "കണ്ടാ, കണ്ടാ..... ഞാമ്പറഞ്ഞില്ലേ.... ആ പുരയിടത്തിലെ പാലയിൽ യക്ഷി ഉണ്ടെന്ന് സത്യായില്ലേ?" മിനിച്ചേച്ചി ഏതോ വല്യ കാര്യം സത്യമായതിന്റെ നിർവൃതിയിൽ പറഞ്ഞപ്പോൾ പാറു എന്തോ പറയാനാഞ്ഞുവെങ്കിലും പേടി കാരണം ശബ്ദം തൊണ്ടയിലുടക്കി നിന്നു. "യക്ഷികൾ നമ്മുടെ പുറകെ ശബ്ദമുണ്ടാക്കാതെ വന്ന് കയ്യിലെ കൂർത്ത നഖം കൊണ്ട് കഴുത്തിന് പുറകെ കീറിയാണ് രക്തം കുടിക്കുക" ... മിനിച്ചേച്ചി തുടരുകയാണ്. പാറുക്കുട്ടി ഇതു കേട്ടിട്ട് ഉമിനീരിറക്കാൻ പോലും നന്നേ പാടുപെട്ടു. "മിനിയേ വാ.... പാതിരാത്രിയായി നമുക്ക് വീട്ടിൽ പോകാം" മാമി വന്നു ചേച്ചിയെ വിളിച്ചു. മാമി അകത്ത് പാറുവിന്റെ മുത്തശ്ശിയോടും അമ്മയോടുമൊക്കെ എന്തൊക്കെയോ നാട്ടുകാര്യങ്ങൾ പറയുകയായിരുന്നു ഇത്രയും നേരം. പാറുവിന്റെ മാമിയുടെ മകളാണ് ഈ മിനിച്ചേച്ചി. പാറുവിനെക്കാൾ നാലു വയസു മൂപ്പു മാത്രം.

പാറുവിന്റെ മുത്തശ്ശി കുറച്ച് ഓലച്ചൂട്ടെടുത്ത് കത്തിച്ചു കൊടുത്തു. അതും വീശിവീശി അവർ രണ്ടാളും യാത്രയായി. പാറുവാണേൽ
ഇരിക്കുന്നിടത്ത് എണീക്കാൻ പോലും കഴിയാത്തത്ര ഭയചകിതയായി മാറിയിരുന്നു , അറിയാതെയെങ്കിലും അവളുടെ കണ്ണുകൾ ആ പാലമരം നിൽക്കുന്നിടത്തേക്ക്‌ എത്തി. ആരോ അതിന് മുകളിലിരുന്നു തന്നെ കൈയാട്ടി വിളിക്കുന്നതായി അവൾക്ക് തോന്നി. 
"ചിന്നു ..... ഓടിയ്ക്കോ"എന്നും പറഞ്ഞ്
പാറു അകത്തേക്ക് ഓടി.
അപ്പോഴും ചിന്നു  താടിയ്ക്ക്കൈയ്യും കൊടുത്ത് യക്ഷിയെക്കുറിച്ചുള്ള ആലോചനയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക