Image

സാനുരാഗം ഉന്മാദം (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 20 November, 2023
സാനുരാഗം ഉന്മാദം (കവിത: വേണുനമ്പ്യാർ)

കടും വർണ്ണങ്ങൾ
കണ്ണിനെ കടന്നാക്രമിക്കവെ
നിറങ്ങളുടെ അഭാവം പോലെ 
അസഹ്യമായിരിക്കുന്നു
മുറിയിലെ ഇരുണ്ട നിശ്ശബ്ദത

കറുപ്പും വെളുപ്പും
ഇണ ചേർന്നുണ്ടായ
ചാര നിറം മൂന്ന് ചുവരുകൾക്ക്

നാലാം ചുവര്
മുറി വിട്ട് റെയിൽ പാളത്തിൽ
ആത്മഹത്യയ്ക്ക് 
പോയിരിക്കുന്നു

ഡോക്ടരുടെ വെളുത്ത കയ്യുറ 
ഉള്ളിൽ  ഒരു കൈപ്പത്തിയില്ലാതെ
എന്റെ തൊണ്ടക്കുഴിയിൽ
വിശ്രമിക്കുന്നു

കയ്യുറ വലിച്ചെറിഞ്ഞാലും
രക്തം പുരളാത്ത
ഒരു കൈപ്പത്തി ശേഷിക്കും

കയ്യുറ
ഒരാനവശ്യ ആഡംബരം 

കൊലപാതകത്തിനു ശേഷം
കടലിലേക്ക് വലിച്ചെറിയാം

എല്ലാം തൽക്കാലത്തേക്ക് മാത്രം
ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാം

ഒന്നിച്ചു താമസിച്ചാൽ 
വെറുത്തു പോകും
വേറിട്ടു താമസിച്ചാൽ 
സ്നേഹിച്ചു പോകും

ഇടയ്ക്കുള്ള നിശ്ശബ്ദതയുടെ
ലോകത്തിലേക്ക് മരണം
നമ്മെ സ്വാഗതം ചെയ്യുകയാണൊ

പാദങ്ങളെ ഉപേക്ഷിച്ച്
അന്തരീക്ഷത്തിൽ ഭ്രമണം
ചെയ്യുന്ന നിന്റെ പാദുകങ്ങൾ
പിറകിൽ ഒരു ജോഡി കണ്ണില്ലാതെ
തുറിച്ചു നോക്കുന്ന നിന്റെ സ്വർണ്ണ 
ഫ്രെയിമുള്ള കണ്ണട

കയ്യുറ ധരിക്കാത്ത മരണം
നഗ്നമായ കൈപ്പത്തി
ഒരു ശവപ്പെട്ടിയിൽ റോസാദലങ്ങൾക്കിടയിൽ
രണ്ട് കൈപ്പത്തികൾ

നന്ദി; വീണ്ടും ശരീരത്തെ ഉപയോഗിക്കാൻ
ഒരവസരം തരിക

സ്ഫോടനത്തിനു ശേഷമുള്ള
വിശ്രാന്തിയിലാണ്
ആസക്തികളുടെ അഗ്നിപർവ്വതം

ഓർക്കാപ്പുറത്ത് കൈപ്പത്തി
കൊങ്ങയ്ക്ക് പിടിക്കില്ലെന്നാര് കണ്ടു

എന്റെ കോശങ്ങളത്രയും
ആരൊ ചക്കിൽ ആട്ടിക്കൊണ്ടു
വന്നിരിക്കുന്നു
രോമകൂപങ്ങളൊക്കെ
അന്യോന്യം മുറിപ്പെടുത്താനുള്ള
ഏരകപ്പുല്ലുകളായി
ഉയിർത്തെഴുന്നിറ്റിരിക്കുന്നു

വേദന  ആദ്യം തീക്ഷ്ണമായ 
നിശ്ശബ്ദതയാകും
ഓർമ്മയുടെ മുൻവിധിയിലൂടെ
വേദനാജനകമാകുമ്പോഴാണ്
ചുണ്ടിന്റെ ഡാർക്ക് ചോക്ലേറ്റ് നിറം
പൊട്ടിച്ച് നിശ്ശബ്ദത നിലവിളിയാകുന്നത്
മുറിയിൽ ഒരു കടലിന്റെ ഗർജ്ജനം
മുഴങ്ങുന്നത്

എന്റെ നിലവിളി
ഭ്രാന്താശുപത്രിയുടെ ജനലഴികൾക്കിടയിലൂടെ
നിന്റെ ശവക്കല്ലറയിൽ
അലച്ചെത്തുന്നുണ്ടാകാം

അതിന് നീ പ്രവേശനം
നിഷേധിക്കുന്നുണ്ടാകാം
നീ എന്നു മുതൽക്കാണ്
എന്റെതല്ലാതായത്?
നമുക്കിടയിലെ മറ ഭ്രാന്തിളകിയ 
ഈ കപടലോകമാണൊ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക