Image

"റിറ്റോസ റിറ്റോസ" ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 22 November, 2023
"റിറ്റോസ റിറ്റോസ" ( കവിത: വേണുനമ്പ്യാർ )

രാപ്പകൽ ഭേദമന്യെ
തുറന്നു വെച്ചിരിക്കയാണ്
ഈ മധുശാല

ആർക്കും 
എപ്പോൾ വേണമെങ്കിലും 
കടന്നു വരാം
എപ്പോൾ വേണമെങ്കിലും
ഇറങ്ങിപ്പോകാം

മധുശാലയുടെ 
ദീപാലംകൃതമായ ചുവരുകളിൽ
ഒരു നിയമവും പതിച്ചു വെച്ചിട്ടില്ല

എന്നാൽ ഒരു അലിഖിത നിയമമുണ്ട്
കുടിക്കാനറിയാത്തവർക്കും
കുടിപ്പിക്കാനറിയാത്തവർക്കും
ഇവിടെ പ്രവേശനമില്ല

വൃദ്ധന്മാർക്കിവിടെ
മുലക്കുപ്പികളിലാണ് വീഞ്ഞ്
പകരുന്നത്

ചെറുപ്പക്കാർക്കിവിടെ 
ഉള്ള് പൊള്ളയായ മുളംകുറ്റികളിൽ

കുറിച്ചോളൂ
ഇത് ഒരു ലഹരി-
വർജ്ജിതമേഖലയാണേ!

ഞരമ്പിൽ നിന്നും
കരളിൽ നിന്നും
ലഹരിയുടെ ഒടുക്കത്തെ
കണവും തുടച്ചു മാറ്റിയവർക്കേ
ഇവിടെ സന്മനസ്സും സമാധാനവും കിട്ടൂ

മതത്തിന്റെ
അധികാരത്തിന്റെ മേലങ്കികൾ
തൂക്കിയിടാനുള്ള
ലോഹക്കൊളുത്തുകൾ
ഇവിടെ ഇല്ല


മധുശാലയിലെ 
പച്ചപ്പനന്തത്ത
എപ്പോഴും ഒരു മന്ത്രം ഉരുവിടും:
റിറ്റോസ റിറ്റോസ!

സന്ധ്യക്ക് സ്ഫടികഭാജനത്തിലെ
സ്വർണ്ണനക്ഷത്ര മത്സ്യങ്ങൾ
മധുശാലയ്ക്ക് ഓശാന പാടും
രജതകുമിളകളുയർത്തിക്കൊണ്ട്

തവളയുടെ വേഷം പൂണ്ട്
വന്നിരിക്കുന്ന ഒരു രാജകുമാരൻ
അഖണ്ഡപാഠം കാണാപ്പാഠമായി
ഉരുവിടും:

മൈക്രോ മാക്രോ
മാക്രോ മൈക്രോ

യേശു ഇവിടെ വച്ചാണ്
വെള്ളത്തെ വീഞ്ഞാക്കുന്നത്
ബുദ്ധൻ ഇവിടെ വച്ചാണ്
അംഗുലീമാലന് അഹിംസയുടെ
വ്യർത്ഥത ബോദ്ധ്യപ്പെടുത്തുന്നത്

മധുശാലയുടെ ഒരു കോണിൽ
റൂമിയും സംഘവും ആനന്ദശുഭശുഭ്ര
ഭ്രമണനടനം കാഴ്ച വെക്കുമ്പോൾ
മറ്റൊരു കോണിൽ ഖലീൽ ജിബ്രാൻ
ശാന്തിഗീതകങ്ങളാലപിച്ചു കൊണ്ട്
ലെബനോണിലെ ദേവതാരുക്കളുടെ
സൗരഭ്യം പരത്തുകയാണ്

ഋജുവും സരളവും 
മനോജ്ഞവും ആയ മധുശാല
സ്വന്തക്കാരായാലും
അന്യരായാലും ശരി
ഇവിടെ ഒന്നിക്കുന്നത്
മുഴുത്ത വാങ്മയരഹിതലഹരിയിൽ
കൂടിപ്പിരിയാൻ വേണ്ടി മാത്രം!

മരുഭൂമിയിലെ മലർവാടിയിലൊ
ഘോരകാന്താരത്തിന്റെ നടുവിലൊ
പുണ്യനദികളുടെ കരയിലൊ അല്ല
നിങ്ങളുടെ സ്വന്തം ഹൃദയവിപഞ്ചികയുടെ
അഗാധതന്ത്രികളിലാണ്
മറവിയുടെ ഹോമകുണ്ഠമായ
ഈ മധുശാല

ആദിമഊർജ്ജത്തിന്റെ
പാവനമായ ശക്യതയും
കരുണാപൂർണ്ണമായ പ്രസരണവും
മധുശാലയ്ക്ക് മാത്രം പറഞ്ഞതാണ്

മതങ്ങൾക്കൊ മതാധിഷ്ഠതമായ
ആശയങ്ങൾക്കൊ മതാതീതമായ
ആത്മീയത്തിന്റെ ആശയ സംഹിതകൾക്കൊ
ഇവിടെ ഒരു സാംഗത്യവുമില്ല

അവസാന ആശയത്തിന്റെയും
വേരറുത്തവനെ ഇവിടെ
അല്പമെങ്കിലും ആശയ്ക്ക് വകയുള്ളൂ

അതിരറ്റ അപാരതയുടെ
ചിരന്തനസ്മരണയുടെ
ദീപശിഖയാകട്ടെ  ഈ മധുശാല

അതെ ഇവിടെ
ഒരിക്കലും മറവിയുണ്ടാകരുത്
മറവിയുടെ അറവുശാലയാകട്ടെ
ഈ മധുശാല!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക