Image

നങ്കൂരം (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 24 November, 2023
നങ്കൂരം (കവിത: വേണുനമ്പ്യാർ)

നങ്കൂരത്തിന്റെ
പൂന്തോപ്പ്
സ്ത്രീ

പുരുഷൻ
നാവികൻ

കപ്പൽച്ചേതങ്ങളുടെ
നിത്യകാമുകൻ

മുത്തെടുക്കാൻ
ആഴത്തിൽ മുങ്ങും

മുത്തിനു വേണ്ടി
മുങ്ങിമരിക്കാനും തയ്യാർ

പക്ഷെ
തെർമോക്കോളിന്റെ കപ്പലിൽ
യാത്ര സുഗമമാവില്ല

രണ്ട് ശൂന്യതകളെ
നിറയ്ക്കാനും ചേർത്ത് പിടിക്കാനും
മൂന്നാമതൊരു
ശൂന്യത വേണ്ടി വന്നേക്കും

നാല് ചുവരുകൾക്കിടയിലെ
ഒഴിവിനെ
എങ്ങനെ നിർവ്വചിക്കും?

കാറ്റിലും കോളിലും പെട്ട
കടൽജീവിതമെന്നൊ
മരണത്തിനായുള്ള
വിരസമായ കാത്തിരിപ്പെന്നൊ

കടൽകാക്കകൾ
ചക്രവാളത്തിലെ സാന്ധ്യശോഭയിലേക്ക്
പറന്നകലുമ്പോഴും
നിന്റെ ഹൃദയത്തിലെ
ചക്രവാതച്ചുഴികളിൽ
ഞാൻ നങ്കൂരമിട്ട്
കാത്ത് നിൽക്കട്ടെ

തുറയിലെ ശൂന്യതയിൽ
ഉപേക്ഷിക്കപ്പെട്ട
ഒരു നവജാതശിശുവിന്റെ കരച്ചിൽ
ആശാകിരണമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക