Image

ഓവന്‍(കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 30 November, 2023
ഓവന്‍(കവിത: വേണുനമ്പ്യാര്‍)

ഓവത്തില്‍ പ്രവേശിക്കും മുമ്പ്
ഒരു ഓവനിലായിരുന്നു

ഓവത്തില്‍ കടന്നിട്ടെന്തായി
ഒരു ഓവ്ചാലിന്റെ വക്കിലെത്തി

അമ്മയെ അവര്‍ ഏതെങ്കിലുമൊരു കുറ്റിക്കാട്ടിലേക്ക് നിര്‍വസ്ത്രയാക്കി തട്ടിക്കൊണ്ടു പോയതായിരിക്കണം

മോചനദ്രവ്യമായി 
ഉടല്‍ കാഴ്ച വെക്കാന്‍ 
അവര്‍ അമ്മയെ നിര്‍ബ്ബദ്ധയാക്കിക്കാണും

എന്റെ സനാഥനേത്രങ്ങള്‍ക്കു മുന്നില്‍ ആര്‍ക്കും സ്വന്തമാക്കാനാകാത്ത 
ഒരു മോചനദ്രവ്യമായി ലോകം പരിലസിക്കട്ടെ!

എനിക്കും എന്നെ പോലുള്ള
അശരണര്‍ക്കും ഉറങ്ങാനുള്ള 
പരുക്കന്‍ തറയും പച്ചപ്പുല്‍പ്പടര്‍പ്പുമായി ഭൂമി പരന്നു കിടന്നു

ആകാശം മേല്‍ക്കൂരയായി
മേല്‍ക്കൂരയിലെ സ്വര്‍ണ്ണത്തുളകളിലൂടെ
ദൈവം രാതിയില്‍ പതിഞ്ഞ വെളിച്ചം പരത്തി

മരങ്ങളാണ് ഞങ്ങളുടെ മാളികയിലെ മനോഹരമായ തൂണുകള്‍
തൂണുകളെ ചുറ്റിവരിഞ്ഞ് ശരീരത്തില്‍ പുള്ളികളുള്ള
പാമ്പുകള്‍ ഇണ ചേര്‍ന്നു കിടന്നു
അവയുടെ സീല്‍ക്കാരങ്ങള്‍
അനാഥര്‍ക്കായുള്ള താരാട്ടായിരുന്നു

പുഴയുടെ വെണ്മണല്‍ത്തിട്ടില്‍
വിരല് കൊണ്ട് ഹരിശ്രീ കുറിച്ചു.  
കടല്‍ക്കരയിലിരുന്ന് മുത്തുപ്പച്ചത്തിരമാലകളെ നോക്കി അക്കങ്ങള്‍ എണ്ണാന്‍ പഠിച്ചു

ഒരിക്കലും ഗ്രഹിക്കാനാകാത്ത ഒരു ഭാഷയില്‍ കിളികള്‍ എനിക്കു വേണ്ടി
ഗാനങ്ങളാലപിച്ചു കൊണ്ടേയിരുന്നു

കിളികളെ അനുകരിക്കാനെന്നോണം
ഞാന്‍ ഒരു പുല്ലാങ്കുഴലുണ്ടാക്കി
ഊതി നോക്കി
തോല്‍വിയായിരുന്നു ഫലം

വിതയ്ക്കുവാന്‍ എനിക്ക് വിത്തൊ
വയലൊ ഇല്ല
ഒരു വേള അന്യരുടെ
വയലില്‍ നിന്നും പിഴുതെറിയപ്പെടേണ്ട ഒരു കള മാത്രമാകാം ഞാന്‍

എല്ലുമുറിയെ പണിയെടുത്താലും
വരമ്പത്ത് കൂലി കിട്ടില്ല
ഞാന്‍ ഒരനാഥക്കുട്ടിയല്ലേ. എനിക്കു വേണ്ടി ചോദിക്കാനും പറയാനും ആരുണ്ടിവിടെ? 

മൂകമായ ആകാശവും
മൂകമായ ഭൂമിയും മാത്രം

ധനികരുടെ അത്താഴവിരുന്നിനു
പങ്കിടേണ്ട ഒരപ്പമായി ഞാന്‍
ഓവനില്‍ വെന്തു കൊണ്ടിരുന്നു!

വിരുന്നിനു വിളമ്പാനുള്ള വീഞ്ഞും
ഞാന്‍ തന്നെ
സ്ഫടികക്കോപ്പകളില്‍ മോന്തുന്നവര്‍ ഓര്‍ക്കുമൊ എന്നറിയില്ല; വീഞ്ഞിന് എന്റെ രക്തത്തിന്റെ നിറമായിരിക്കും!

ഒരു തോല്‍ക്കുടത്തില്‍
ഭൂമിയുടെ നിലവറയില്‍ ഞാന്‍
കുഴിച്ചിടപ്പെട്ടിരിക്കയാണ്

________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക