Image

കാറ്റിന്റെ ചിറകിൽ (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 02 December, 2023
കാറ്റിന്റെ ചിറകിൽ (കവിത: വേണുനമ്പ്യാർ)

കിളികൾ ഇറങ്ങവെ
പാതി ജരാജീർണ്ണമായ മരം 
അനക്കമറ്റ് നിൽക്കും

ദേശാടനം കഴിഞ്ഞ് 
കിളികൾ ജാഗരൂകരായി
തിരിച്ചെത്തുമ്പോഴും 
മരം അങ്ങനെ തന്നെ -
ആകാശച്ചെരിവിലെ മുകിലുകളെ നോക്കി ആർത്തധ്യാനത്തിൽ.....!

മരത്തിന്റെ മൂകദു:ഖം
കിളികൾക്ക് അജ്ഞാതം
അവർ കവരങ്ങളിൽ പുതിയ
കൂടുകൾ പണിയുന്ന തിരക്കിലായിരുന്നു

കടൽ കടന്നു വന്ന കാറ്റിന്റെ സാന്ത്വനം ഭ്രമിക്കടിയിലെ അദൃശ്യമായ ഒരുറവയുടെ കാണാക്കാരുണ്യം 

കാറ്റ് സഹാനുഭൂതിയോടെ 
മരത്തിന്റെ ചില്ലകളെ തഴുകിക്കൊണ്ടേയിരുന്നു
ഇലകൾ സൃഷ്ടാവിന്റെ ഇംഗിതം പോലെ
ഉതിർന്നുകൊണ്ടേയിരുന്നു

ഇന്നത്തെ കൊടുംമരുഭൂമികൾ പണ്ടത്തെ സമൃദ്ധവനങ്ങളായിരുന്നിരിക്കാം

ജരാജീർണ്ണതയ്ക്കിടയിലും
മരത്തിന്റെ പ്രണവസ്മൃതികൾ
മണ്ണിന്റെ ഉർവരതയുടെ നൈരന്തര്യം കൊതിച്ചു
പിന്നീടെപ്പോഴൊ
കോശങ്ങളെ വിറങ്ങലിപ്പിക്കുന്ന
കൊടുംഭയത്തിന്റെ മൂടൽമഞ്ഞിൽ ഹരിതസ്വപ്നങ്ങളുടെ 
നിറം മാഞ്ഞു തുടങ്ങി

ഒരു ലക്ഷം വർഷം മുമ്പായിരുന്നുവത്രെ
അവസാനത്തെ............ ഹിമയുഗം!

ജീവന്റെ തുടിപ്പും ഐശ്വര്യവുമായ പച്ച
ഞരമ്പുകളിൽ സൂര്യനെ 
ആവാഹിക്കുന്ന പച്ച
ഹിമാനികൾക്കടിയിലെ
എക്കൽ പാളികൾക്കുള്ളിൽ
മറവ് ചെയ്യപ്പെട്ടു

അവസാദശിലകളിലെ
ഫോസിലുകളായി പ്രപിതാമഹന്മാർ ഇപ്പോഴും നിദ്രാടനം തുടരുന്നുണ്ടാകാം 

ആസന്നമായ വംശനാശത്തിനു
മുമ്പ് സന്തതി പരമ്പരകളെ
സുരക്ഷിതമായ ഒരിടത്തേക്ക്
പറഞ്ഞയക്കണം

മറ്റൊരു വൻകരയിലേക്ക്!

ഒരു ദിവസം മരം കാറ്റിനോട്
പറഞ്ഞു:

എനിക്ക് വയസ്സായി. ഒരു പിടി വിത്തുകളിതാ നിന്നെ ഏൽപ്പിക്കുന്നു. അടുത്ത ഹിമയുഗം വരും മുമ്പ് എന്റെ സന്തതികളെങ്കിലും രക്ഷപ്പെടട്ടെ!

ചിറകില്ലാതെ ദേശാന്തരങ്ങളിലേക്ക് പറക്കുന്ന കല കാറ്റ് വിത്തുകൾക്ക്
ഓതിക്കൊടുത്തു!

അവസാനത്തെ കിളിക്കുഞ്ഞും
ചിറകടിച്ചുയർന്ന ശേഷം 
അവസാനത്തെ 
ഇലയും ഉതിർന്ന ശേഷം 
മരം പുളകപ്രദമായ 
ഒരു ചാരിതാർത്ഥ്യത്തോടെ  
ഭൂമിയിലേക്കമർന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക