Image

ഓക്കാനം ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 05 December, 2023
ഓക്കാനം ( കവിത: വേണുനമ്പ്യാർ )

1

ഇടിയും മിന്നലും
മാനത്തിന്റെ ഓക്കാനമാണെങ്കിൽ
പച്ചപ്പുൽനാമ്പുകൾ
ഭൂമിയുടെ ഛർദ്ദിയായിരിക്കും

ഭൂമിയുടെ ഛർദ്ദില്
പട്ടികളെ പോലെ
മനുഷരും നക്കിത്തുടയ്ക്കുന്നു
പട്ടികൾക്ക് നന്ദിയുണ്ട്
മനുഷ്യർക്കതില്ല ലവലേശം

2

മനുഷ്യൻ ഓക്കാനമാകാം
ദൈവത്തിന്റെ

മതം ഛർദ്ദിയാകാം
മനുഷ്യന്റെ


3

ചുററും
വളിച്ച ഗന്ധം
പകയുടെ
വെറുപ്പിന്റെ
അജ്ഞതയുടെ
അത്യാർത്തിയുടെ
അത്യാഡംബരത്തിന്റെ

അപരൻ
ഛർദ്ദി വരാത്ത
ഒരു ഓക്കാനമാകാം
മറ്റൊരു തരത്തിൽ പറഞ്ഞാൽ
നരകത്തിന്റെ
വമനേഛ!

4

ഇന്നലെ കേമം
ഇന്ന് കെങ്കേമം
നാളെ ചക്രവാളത്തിൽ 
വീണ്ടും ഒരു കുങ്കുമ സൂര്യൻ!

5

ഇണങ്ങാൻ പറയും
വഴങ്ങാൻ പറയും
വണങ്ങാൻ പറയും
ഉണങ്ങിച്ചുരുളാൻ പറയും

ഉണങ്ങിയത്
വീണ്ടുമൊരിക്കൽ തളിർക്കുമെന്ന്
മുൻകൂറായി പറയില്ല

ചിലപ്പോഴെങ്കിലും 
സത്യം നേരിട്ട്
മുഖദാവിൽ കാണിച്ചുതരുവാൻ
സൻമനസ്സുണ്ടാകണം
എന്റെ പ്രേമഭാജനത്തിന്!
ഞാൻ കാത്തിരിക്കാം.

6

വന്നിട്ടില്ല
വന്ന ചരിത്രമില്ല
പോയിട്ടില്ല
പോയ ചരിത്രമില്ല

ജീർണ്ണിച്ച ശവക്കല്ലറയ്ക്കുള്ളിൽ
കൂർക്കംവലിച്ചുറങ്ങുകയാണ്
കേവലം ഒരപരൻ
ചിലർ പരാപരനെന്നും പറയും

മരണാനന്തരഓക്കാനത്തിന്
ഓശാന വേണോ
വ്യാഖ്യാനം വേണോ
അതൊ ചികിത്സ വേണോ?

സഞ്ജീവനിയല്ല
ഓഷ്യാനിക് അനുഭൂതിയാകട്ടെ
ഔഷധം

പത്ഥ്യത്തിന്
സർവ്വചരാചരങ്ങളെയും കൂട്ടാം!

 

Join WhatsApp News
Ragavan 2023-12-05 08:05:46
എൻറെ പൊന്നേ , മേലത്തെ ഈ ഈ കവിത വായിച്ചപ്പോൾ എൻറെ വൈറ്റിൽ ഒരു ഒരു ഉരുണ്ട് കയറ്റം. ഒരു മനം പുരട്ടൽ പിന്നെ ഒരു ഓക്കാനം പിന്നെ ഒരു ഛർദി ഇനി ഒഴിച്ചലും ഉണ്ടാകുമോ എന്നറിയില്ല.
വേണുനമ്പ്യാർ 2023-12-06 03:09:26
അജ്ഞാതസുഹൃത്തെ, കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി. താങ്കൾക്കുണ്ടായ അനിഷ്ടകരമായ അനുഭവത്തെക്കുറിച്ച് One of the unintended results of the Poem എന്നേ വിശേഷിപ്പിക്കാൻ കഴിയൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക