Image

വലക്കണ്ണികൾ ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 06 December, 2023
വലക്കണ്ണികൾ ( കവിത: വേണുനമ്പ്യാർ )

ചിലന്തി വല കെട്ടുന്നു
മുക്കുവൻ വല തുന്നുന്നു
യേശു പൂർണ്ണതയിൽ വല വീശുന്നു

പടകിലിരുന്ന് വല
തുന്നുന്നവരോട് അവൻ
പറഞ്ഞു:

കേടായ വല നിങ്ങൾ കരയിൽ
ഉപേക്ഷിക്കുവിൻ. എന്നിട്ട്
എന്റെ കൂടെ വരുവിൻ!

യേശുവിന്റെ കെട്ടുറപ്പുള്ള
വലയിൽ മഗ്ദലന കുടുങ്ങി
അവൾ പട്ടണത്തിലെ പാപിയായിരുന്നു
ആദ്യമായി അവളുടെ പാപങ്ങൾ പൊറുക്കപ്പെട്ടു 
അവളുടെ നെറ്റിയിൽ കവിളിൽ
ചുംബിക്കാൻ കൊതിച്ചിരുന്ന 
കല്ലുകൾ ശരവേഗത്തിൽ പഞ്ഞിത്തുണ്ടുകളായി
ആകാശത്തിൽ മേഘങ്ങൾക്കൊപ്പം പാറിക്കളിച്ചു

വെള്ളം യേശുവിനോട്
പറഞ്ഞു:
നിന്റെ കരുണയും ചമത്ക്കാരവും
കൊണ്ട് ഞാൻ വീഞ്ഞായി
മാറി. നി എന്നെ മുന്തിരി കളിലേക്കെത്തിച്ചു

ഞാനിന്ന് നശ്വരമായ ഒരു ചഷകത്തിൽ പതഞ്ഞുതുളുമ്പും അപാരതയുടെ ലഹരി
അമരത്വത്തിന്റെ വിരുന്നിൽ എല്ലാവരുടെയും
ഇഷ്ടപ്പെട്ട സ്നേഹഭാജനം

അപ്പം യേശുവിനോട് പറഞ്ഞു:
പകുക്കപ്പെട്ടപ്പോൾ എന്റെ സംഖ്യ
എണ്ണാവുന്നതിലുമപ്പുറമായി
വിശന്നു പൊരിയുന്ന
അയ്യായിരം വയറുകളിൽ
ഞാനെന്റെ വിശ്വരൂപം ദർശിച്ചു

പങ്കായത്തെയും വഞ്ചിക്കാരനെയും ഉപേക്ഷിച്ച് നദിയിൽ ഒറ്റയ്ക്ക് അലയുന്ന തോണി യേശുവിനോട് പറഞ്ഞു:
ജലോപരിതലേ നീ നടന്നു കാണിച്ചതും അത്ഭുതാവേശത്തിൽ ഞാൻ നദിയിൽ
മുങ്ങിപ്പോയി.

എന്റെ വഴിയിൽ വീശുന്ന
കൊടുങ്കാറ്റിനെ ഒരിളംകാറ്റായി ചുരുക്കൂ!
എനിക്കെന്റെ വഞ്ചിക്കാരനെ
തിരിച്ചു തരൂ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക