Image

തച്ചന്റെ പുത്രനെ  അറിയാന്‍ (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 07 December, 2023
തച്ചന്റെ പുത്രനെ  അറിയാന്‍ (കവിത: വേണുനമ്പ്യാര്‍)

കൊടുങ്കാറ്റുകള്‍
അവനെ അനുസരിക്കുന്നു

വഴി തെറ്റിയവര്‍ക്ക്
അവന്റെ ഹൃദയത്തില്‍
ശരണാഗതി ലഭിക്കുന്നു

അവന്റെ മുഷിഞ്ഞ കുപ്പായത്തൊങ്ങലില്‍ തൊടുന്ന മാറാരോഗികളെ വ്യാധികള്‍
ഉപദ്രവിക്കുന്നില്ല

വെറുമൊരു തച്ചന്റെ
പുത്രന് ഈ കഴിവ്
എങ്ങനെ കൈവന്നു

മലമുകളിലെ ധ്യാനം
കൊണ്ട് മാത്രം ഒരാള്‍ക്ക് ഉന്നതങ്ങളിലേക്കെത്താനാകുമൊ

രണ്ട് ആകാശങ്ങളെ
അവന്‍ ഒരു മഹാകാശമാക്കിയതെങ്ങനെ

സമഗ്രതയെ പൂര്‍ണ്ണമായി
അവന്‍ ഹൃദയത്തില്‍ സാക്ഷാത്ക്കരിച്ചിരിക്കണം

അനുനിമിഷം മരണത്തില്‍ നിന്ന് ജീവനിലേക്കും ജീവനില്‍ നിന്ന്
മരണത്തിലേക്കും ഉള്ള ഊഞ്ഞാലാട്ടം
അവന്റെ ഊര്‍ജ്ജസാഗരത്തിന്
വൈപുല്യവും ഗരിമയും മാന്ത്രികതയും
പ്രദാനം ചെയ്തിരിക്കണം

പിതാവിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തിനു പുറമെ ഉദാരപൂര്‍ണ്ണമായ ഏകാഗ്രതയായിരുന്നിരിക്കണം
അവന്റെ സര്‍ഗ്ഗാത്മകശക്തിയുടെ
മറ്റൊരു ശ്രോതസ്സ്

പുലരാന്‍ കാലത്ത് തള്ളിപ്പറഞ്ഞവനോടും
രാത്രിയുടെ മറവില്‍ ചില്ലറ
വെള്ളിക്കാശിനു വേണ്ടി ഒറ്റിയവനോടും 
അവന്റെ മനസ്സില്‍ 
കരുണയും അനുതാപവുമത്രെ
തുളുമ്പിയത്

കുരിശില്‍ തറയ്ക്കപ്പെടും മുമ്പ്
അവന്‍ ഒരു വരി കവിത പോലും
കുറിച്ചതായി പറയപ്പെടുന്നില്ല
എങ്കിലും അവന്റെ വചനങ്ങളുടെയൊക്കെ സ്ഥാനം
മഹത്തായ ഏതു കവിതയ്ക്കും മീതെയാണെന്ന് ആര്‍ക്കാണറിയാത്തത്!

അവന്റെ വചനങ്ങളുടെ സമ്മോഹനത്തില്‍ ആരുണ്ട്
ലയിക്കാത്തവരായി
ആരുണ്ട് സത്യാനുധാവനത്തില്‍
പ്രചോദിതരാകാത്തവരായി

സര്‍വ്വതും ഉപേക്ഷിച്ച് അവനെ
അനുഗമിച്ചവര്‍ക്ക് ഭൂമിയില്‍ പാരിതോഷികമായി
ലഭിച്ചത് വൈഡൂര്യങ്ങളും വെള്ളിത്തളികകളും മുത്തുകളും രത്‌നങ്ങളുമൊന്നുമല്ല -
അവര്‍ക്കുള്ള പാരിതോഷികം
സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍

കല്ലറയില്‍ സമാധാനത്തോടെ
ശയിക്കുമ്പോഴും അവരുടെ
ശവക്കച്ചയുടെ വിളുമ്പില്‍ ആ
താക്കോല്‍  ഒരു വിശുദ്ധ സ്മാരകമായി തൂങ്ങിക്കിടപ്പുണ്ടായിരുന്നുവത്രെ

_________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക