Image

വട്ടം ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 11 December, 2023
വട്ടം ( കവിത: വേണുനമ്പ്യാർ )

ഒരു വട്ടം മാത്രം
ജീവിതം

സ്നേഹശൂന്യതയുടെ
വിളംബരം പല വട്ടം

നൃശംസതയുടെ 
അട്ടഹാസം പല പല വട്ടം

ജീവന്റെ പാനപാത്രം
പളുങ്കിന്റെ;
കുമിള പോലെ സ്വപ്നം പോലെ
ഏതു നിമിഷവും വീണുടയാം
ഈ പളുങ്കുനിർമ്മിതി

പൊട്ടിത്തകർന്ന 
ചില്ലുതുണ്ടുകൾ
വീഞ്ഞ് പകരുകയില്ല

പക്ഷെ ചഷകങ്ങളെന്തിന് 
തേനീച്ചകൾക്ക്!

ഋതുക്കൾ
മുറ്റത്ത് കളിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ
വട്ടത്തിലാകും
ചരിക്കുക
കാലത്തിന്റെ വ്യഭിചാരീ സഞ്ചാരം
പുതിയ ആസക്തികളുടെ
മുളകൾ കിളിർപ്പിക്കും

ഒരു വട്ടം കൂടി.......
കേണപേക്ഷിക്കുകയൊന്നും
വേണ്ട
വസന്തം അതിന്റെ സമയത്ത്
ഒരു നൂറ് കൊട്ട
പൂവുമായി വീണ്ടും
പടിക്കലെത്തും -

തീക്ഷ്ണസുരഭിലമായ
പ്രണയലേഖനങ്ങളുടെ
പരാഗരേണുക്കളുമായി

കൈ നീട്ടിയാൽ
തൊടാവുന്നത്രയും അടുത്ത്
ഹൃദയത്തിന്റെ തേനറകൾ
പങ്കു വെച്ച ആത്മസഖിയെപ്പോലെ
വസന്തം ഇനിയും വിരിയും
വരും

ഒരു വട്ടം കൂടി
എന്ന് ജീവിതത്തോട്
യാചിച്ചു നോക്കൂ
നിഴലിൽ മറഞ്ഞു നിൽക്കുന്ന
മരണം മുഖത്ത് കാർക്കിച്ചു തുപ്പും
കറുത്ത ചോരപ്പൂക്കൾ

ശിശിരം
മരണത്തോട് 
ഒട്ടി നിൽക്കുന്ന ഋതു
പക്ഷെ ശിശിരത്തെയും
മരണം കുളിപ്പിച്ച് തറയിൽ കിടത്തും

ഋജുവായ രേഖയിൽ
സഞ്ചരിക്കൂ
നിങ്ങൾ ലക്ഷ്യത്തിൽ
വേഗം എത്തും

വട്ടത്തിൽ
കറങ്ങുക
നിങ്ങൾ എവിടെയും
എത്തില്ല
എവിടെയും എത്താതിരിക്കുക
മഹത്തായ ഒരു സഞ്ചാരപഥമാണ്

ലക്ഷ്യവേധിയല്ല
സഞ്ചാരത്തിന്റെ
സുഖസ്പന്ദനങ്ങൾ

എങ്കിലും അവ നിറവേറ്റാത്ത
ലക്ഷ്യമൊന്നും 
ആകാശത്തിനുതാഴെയില്ലതാനും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക