Image

ഇരുനൂറ്റിപ്പത്ത് (210)(ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 15 December, 2023
ഇരുനൂറ്റിപ്പത്ത് (210)(ദീപ ബിബീഷ് നായര്‍)

ഒരു കാലത്ത് ഇരുനൂറ്റിപ്പത്ത് (210) എന്ന അക്കത്തിന് എന്തായിരുന്നു വില എന്നത്  ഇരുപത് വര്‍ഷം മുന്‍പ്  ജനിച്ചവര്‍ക്ക് വരെ നന്നായിട്ടറിയാം. പത്താം ക്ലാസ് അല്ലെങ്കില്‍ എസ്. എസ്. എല്‍.സി എന്ന കടമ്പ സ്‌കൂളിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഒരു 'ബാലികേറാ മല' ആയിരുന്നു അന്ന് പലര്‍ക്കും. 

അക്ഷരങ്ങളും അക്കങ്ങളും പിണഞ്ഞു കിടക്കുന്ന കൗമാര മനസുകളുടെ പേടിസ്വപ്നമായിരുന്നു ഇരുനൂറ്റിപ്പത്ത് എന്ന അക്കം. ഇല്ലായ്മയും വല്ലായ്മയും പൊറുതിമുട്ടിക്കുമ്പോഴും മണ്ണെണ്ണ വിളക്ക് പ്രതിഷേധം പോലെ പുക വമിക്കുമ്പോഴും ചൂരല്‍ക്കഷായം അതിന്റെ കയര്‍പ്പ് അറിയിക്കുമ്പോഴും ഇരുനൂറ്റിപ്പത്ത് മാര്‍ക്ക് എന്നത് മാത്രമായിരുന്നു ലക്ഷ്യം.

വിരലിലെണ്ണാവുന്ന 'പഠിപ്പിസ്റ്റുകള്‍'  മാത്രം ഉണ്ടായിരുന്ന അക്കാലത്ത്
 'നിന്നെക്കൊണ്ടൊക്കെ എന്തിനു കൊള്ളാം , നിനക്കൊക്കെചാണകം വാരാന്‍ പൊയ്ക്കൂടേ? രാവിലെ ഓരോന്ന് കെട്ടിയൊരുങ്ങി ഇറങ്ങിക്കോളും ' ഇതൊക്കെ പതിവായി
കേള്‍ക്കുന്ന അദ്ധ്യാപകരുടെ  ചോദ്യങ്ങള്‍ മാത്രം , 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല ' എന്ന മട്ടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്. 

 മുണ്ടിന്റെ ഒരറ്റം കൈയ്യില്‍ പിടിച്ച് മറ്റേ കൈയ്യില്‍ ചൂരലുമായി ക്ലാസിന്റെ വരാന്തയിലൂടെ നടക്കുന്ന മാഷ് ഞങ്ങള്‍ പത്താം ക്ലാസുകാരെ കാണുമ്പോഴൊക്കെ പരീക്ഷയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയുമൊക്കെ പഠനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നവയായിരുന്നു. അദ്ധ്യാപകര്‍ പരീക്ഷാ പേപ്പറുമായി  ദൂരെ നിന്ന് വരുന്നത് കാണുമ്പോള്‍ തന്നെ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു തുടങ്ങുമായിരുന്നു. ഒരു വിഷയത്തിന് ഒരു മാര്‍ക്കിന്  മാത്രം തോറ്റുപോയവന്റെ/അവളുടെ സങ്കടം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. പൂജ്യത്തിനെ എട്ടായും ഒന്നിനെ ഏഴായും ഒറ്റസംഖ്യയെ ഇരട്ടസംഖ്യയാക്കിയൊക്കെ വീട്ടില്‍ കാണിക്കുമെങ്കിലും വരാന്‍ പോകുന്ന വലിയപരീഷയാണ് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷ എന്നാണ് അന്ന് കരുതിയിരുന്നത്. (അതൊരു തുടക്കം മാത്രമായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.)
ഇന്ന് കാണുന്ന ഒരു സൗകര്യങ്ങളുമില്ലാതിരുന്ന ആ കാലത്ത് ചുമതലകള്‍ പോലും വീതിക്കപ്പെട്ടിരുന്നു എന്നതോര്‍ക്കണം. മുറ്റമടിക്കലും തൊഴുത്തു വൃത്തിയാക്കലും കന്നിന് തിന്നാന്‍ വല്ലം നിറയ്ക്കക്കലും എന്നു വേണ്ട റേഷന്‍ കടകളുടെ മുന്നിലെ മണ്ണെണ്ണ ക്യൂവിലും കൗമാരപ്രായക്കാരായിരുന്നു മുന്നില്‍.
ഓട്ടവും ചാട്ടവും പാട്ടും ആട്ടവുമൊക്കെയുണ്ടെങ്കിലും വല്യ പരീക്ഷ ഒരു വല്ലാത്ത പരീക്ഷ തന്നെയായിരുന്നു അന്നു ഞങ്ങളില്‍ പലര്‍ക്കും. കിലോമീറ്ററുകളോളം നടന്ന് അല്ല ഓടിയെത്താന്‍ വള്ളിച്ചെരുപ്പുകളില്ലെങ്കിലും പഠിച്ച് പത്താം ക്ലാസ് പാസാകണമെന്ന 'ഹിമാലയന്‍ ' ആഗ്രഹവുമായി നടക്കാത്തവരായി അന്നാരുമുണ്ടായിരുന്നില്ല. ഉറക്കം നഷ്ടപ്പെടുത്തുന്ന പരീക്ഷാത്തലേന്നുകള്‍ ഉറക്കം കെടുത്തിയത് അന്നും മാതാപിതാക്കളുടേതുമായിരുന്നു. ഇന്ന് 'എ പ്ലസുകളില്‍ ' കുട്ടികള്‍ കുതിക്കുമ്പോള്‍ അന്നത്തെ റാങ്കും സിസ്റ്റിംഗ്ഷനും, ഫസ്റ്റ് ക്ലാസുമൊക്കെ ഒരു ഒന്നൊന്നര സ്വപ്നം തന്നെയായിരുന്നു ...

ദീപ ബിബീഷ് നായര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക