Image

അപ്പ ദീപോ ഭവ: ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 18 December, 2023
അപ്പ ദീപോ ഭവ:  ( കവിത: വേണുനമ്പ്യാർ )

അനുരാഗനദിക്ക് വിഘ്നം കൂടാതെ
ഒഴുകണമെന്നുണ്ടെങ്കിൽ എന്ത് ചെയ്യണം

സ്നേഹിക്കാതിരിക്കണം

സ്നേഹം തലയ്ക്കു പിടിച്ചാൽ
എന്ത് ചെയ്യണം

മാസ്മരികമായ ഒരു തരം കാന്തശക്തി പ്രസരിപ്പിച്ച് താഴെ നെഞ്ചിലേക്കിറക്കി വെക്കണം

സ്നേഹത്തിന്റെ അർത്ഥമെന്താണ്

അർത്ഥമറിഞ്ഞിട്ടു വേണൊ
സ്നേഹിച്ചു തുടങ്ങാൻ. ഭൂമിയെ
അറിഞ്ഞിട്ടു വേണൊ നടത്തം
തുടങ്ങാൻ

അങ്ങനെയൊന്നുമില്ല. എങ്കിലും
പ്രചുര പ്രചാരത്തിലുള്ള ഒരു വാക്കിന്റെ
അർത്ഥമറിയുന്നത് അതിന്റെ
പ്രയോഗസാദ്ധ്യതകളെ വിപുലീകരിക്കുവാനുപകരിക്കും

വസിക്കുന്ന ഇടം വിടാതെ ചുറ്റു വട്ടത്തേക്ക് പടരുക എന്ന മഹനീയമായ അർത്ഥം ദഹിക്കുമെങ്കിൽ തല്കാലം അതെടുക്കൂ

ഒരാൾക്കിനി പടരാതെ നോക്കാനാണ് ഭാവമെങ്കിൽ ഇഷ്ടമെങ്കിൽ അതു കൊണ്ടെന്തു നഷ്ടമാണ് ഉണ്ടാവുക

രക്തം കട്ടയാകും ഹൃദയത്തിൽ
ബ്ലോക്കുണ്ടാകും ജീവിതം കട്ടപ്പുകയാകും

സ്നേഹത്തിനു അനുയോജ്യമായ
നിറം ഏത് പൂവിലാണ് കാണപ്പെടുന്നത്

ചുവന്ന റോസാപ്പൂവിൽ. ആകർഷണം
ആസക്തി മദപരിമളം ഇവയാൽ
അനുരാഗപ്പൂന്തോപ്പിലെ മറ്റേത് പൂവിനെയും അത് വളരെ പിറകിലാക്കും

സ്വന്തം ധമനി മുറിച്ച ചോരയിൽ പ്രണയ ലേഖനമെഴുതുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ

ഇറച്ചിക്കടയിൽ നിന്നും കടം വാങ്ങിച്ച ചോരയിലായിരിക്കും പലപ്പോഴും
അനുരാഗക്കുറിപ്പ്. അത് കാമുകച്ചോര തന്നെയൊ എന്ന് പരിശോധിച്ചറിയാനുള്ള ലാബ് കാമുകിയുടെ ഹൃദയത്തിലുണ്ടൊ? ഇമോജികളുടെ ഈ പെരുമഴക്കാലത്ത് ആരുണ്ട് പ്രേമലേഖനമെഴുതാൻ മിനക്കെടുന്നവരായിട്ട്!
പ്രണയത്തിന്റെ നാമത്തിൽ ഇത്തിരി വിയർപ്പ് വിരൽത്തുമ്പിൽ
നിന്ന് മൊബൈൽ സ്ക്രീനിൽ
പതിയുവാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല

പുഴയൊഴുകുന്നു 
കടലൊഴുകുന്നു
കാലമൊഴുകുന്നു ആത്മാക്കളൊഴുകുന്നു 
പമ്പരം പോലെ ഭൂമി തിരിയുന്നു 
പനിനീർച്ചെടി പൂക്കുന്നു
വെളിച്ചം വിരിയുന്നു
ഇത്തരം വൃത്തികൾ പ്രണയത്താൽ
പ്രചോദിതമാണെങ്കിൽ പ്രസ്തുത
വിഷയികൾ നെഞ്ചിലേറ്റാൻ കൊതിക്കുന്ന ഇണകൾ ആരൊക്കെയായിരിക്കും


ഒരുവനാകട്ടെ ഒരു വസ്തുവിനാകട്ടെ
ഇണയുടെ അഭാവത്തിലും പ്രണയം
അഭ്യസിക്കാം. പ്രണയത്തിന്റെ ഉച്ചകോടിയിൽ ഇണയ്ക്ക് തന്നെ
പ്രസക്തി കാണില്ല. അവിടെ
മധുരമായ ഇണക്കത്തിനേ സാംഗത്യമുള്ളൂ

പ്രണയത്തിൽ ആരായിരിക്കണം
റോൾ മോഡൽ

മർലിൻ മൺറോയൊ ഇസഡോറാ ഡങ്കനൊന്നുമല്ല;പ്രണയത്തിൽ സ്വയം നീ തന്നെയാകണം നിന്റെ സ്വന്തം റോൾ മോഡൽ! അപ്പ ദീപോ ഭവ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക