Image

കറുക (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 21 December, 2023
കറുക (കവിത: വേണുനമ്പ്യാർ)

ആകാശത്തിന്റെ
നീലിമയിൽ എനിക്ക് പങ്കില്ല

ആകാശത്തിന്റെ
ശോണിമയിൽ എനിക്ക് പങ്കില്ല

ആകാശത്തിന്റെ
ഭസ്മിമയിൽ എനിക്ക് പങ്കില്ല

ഞാൻ ചിത്രകാരനല്ല
നിറങ്ങളുടെ ആഴമളക്കാനുള്ള
മായികവിദ്യയൊന്നും എനിക്കറിയില്ല

വെളിച്ചവും നിഴലും സൃഷ്ടിക്കുന്ന
പൊരുത്തക്കേടും ചേർച്ചയും
എന്റെ കണ്ണിൽ ഒരു ദുരൂഹത മാത്രം

ഞാൻ വഴിയോരത്തെ
പുൽക്കൊടി

നിമിഷം മതി
ഒരു കൊറ്റനാടിന്റെ ഇരയാകാൻ

നിമിഷം മതി
ഒരു കുതിരലാടത്തിനു കീഴെ
ഞെരിഞ്ഞമരാൻ

നിമിഷം മതി
ഒരു കഞ്ഞിന്റെ തളിർതാഡനമേറ്റ്
മൃതിയടയാൻ

ഞാൻ ഭൂമിയുടെ
അവശേഷിക്കുന്ന ഹരിതസ്വപ്നം

നക്ഷത്രങ്ങളുടെ കാമുകി
മഞ്ഞുതുള്ളികളുടെ പ്രിയസഖി
ഇരുളിൽ മിന്നാമിനുങ്ങെഴുതുന്ന
വാങ്മയ രഹിത കവിതകളുട  ആരാധിക

നാളെ 
എനിക്കു പോകണം
കുളത്തിൽ മുങ്ങിമരിച്ച വൃദ്ധന്റെ ബലിച്ചടങ്ങിന്

പുലർച്ചെ 
അയാളുടെ ബന്ധു വരും
എന്നെ പിഴുതെടുക്കാൻ!

Join WhatsApp News
Sudhir Panikkaveetil 2023-12-23 02:27:30
പ്രകൃതിയുടെ നിഷ്കളങ്കമായ രോദനം. സ്വാർത്ഥ താൽപര്യങ്ങൾക്കായി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അവന്റെ സുഖവും സ്വർഗ്ഗപ്രാപ്തിയും മാത്രം ലക്‌ഷ്യം. മരിച്ചവരുടെ എണ്ണം കൂടുമ്പോൾ കറുകകൾ വേരറ്റു പോകും. ഭാരതത്തിൽ ഹരിതവിപ്ലവം ആരംഭിച്ചത് 1967 -68 കാലഘട്ടത്തിലാണ്. പക്ഷെ അതിന്റെ ആവേശമൊക്കെ കെട്ടടങ്ങി. ചിങ്ങം ഒന്ന് നമ്മൾ കാർഷിക ദിനമായി ആഘോഷിക്കുന്നുണ്ടെങ്കിലും. കവികൾക്ക് പ്രകൃതിയോട് പ്രണയമാണ്. അതുകൊണ്ട് അവർ മിന്നാമിനുങ്ങുകൾ ഇത്തിരി വെട്ടം കൊണ്ട് എഴുതുന്ന കവിതകൾ കാണുന്നു. അഭിനന്ദനം ശ്രീ വേണു നമ്പ്യാർ. നവനീത് പിഷാരടിയുടെ കമന്റിനോട് ഞാനും യോജിക്കുന്നു.
വേണുനമ്പ്യാർ 2023-12-24 05:55:54
ആദരണീയനായ ശ്രീ സുധീർ പണിക്കവീട്ടിലിന്, കറുക എന്ന കവിത വായിച്ചതിനും ഹ്രസ്വമായ ഒരു ആസ്വാദനക്കുറിപ്പെഴുതിയതിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒപ്പം ക്രിസ്മസ്-നവത്സരാശംസകളും. എന്റെതു മാത്രമല്ല പല എഴുത്തുകാരുടെയും രചനകൾക്ക് അങ്ങ് എഴുതാറുള്ള കുറിപ്പുകൾ സശ്രദ്ധം വായിക്കാറുണ്ട്. ഇടയ്ക്ക് ഒരു ചെറിയ കാലയളവിലെ അങ്ങയുടെ മൗനവും ശ്രദ്ധേയമായിരുന്നു. അങ്ങ് പ്രശംസ ചൊരിയുന്നതിൽ ഉദാരമനസ്കനാണ്. രചനയുടെ പ്രതിപാദ്യവിഷയം എന്തുമാകട്ടെ, അതിനെ തനതായ രീതിയിൽ കണക്ട് ചെയ്തിട്ട് മറ്റു വായനക്കാർക്കും രചനയുടെ മർമ്മം കാണുവാൻ സഹായിക്കുന്നു. 'നന്നാകുന്നെങ്കിൽ നന്നായിക്കോട്ടെ, ഞാനായിട്ടെന്തിന് വഴി മുടക്കണം' എന്ന അങ്ങയുടെ ഉദാര പൂർണ്ണമായ നിലപാട് പലർക്കും എഴുത്തിന്റെ വഴിയിൽ മുന്നോട്ട് പോകുവാൻ സഹായകരമാണ്. എന്റെ കാര്യത്തിൽ അങ്ങ് ഒരിടത്ത് " വേണുനമ്പ്യാർക്ക് കുഞ്ചൻ നമ്പ്യാരുടെ അനുഗ്രഹം കിട്ടിക്കാണുമെന്ന് കുറിച്ചതായി ഓർക്കുന്നു. ഈ സന്ദർഭത്തിൽ ഒരു കാര്യം അങ്ങയെ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പുഴ ഡോട്ട് കോം 2023 ൽ പ്രസിദ്ധീകരിച്ച രചനകളിൽ ശ്രദ്ധേയമായവ തിരഞ്ഞെടുക്കുന്ന സന്ദർഭത്തിൽ എന്റെ ഒരു കവിതയും ഉൾപ്പെടുത്തിയിരുന്നു. അവരുടെ വിലയിരുത്തൽ ഞാൻ ചുവടെ ഉദ്ധരിക്കട്ടെ: "പുഴ.കോം രൂപീകൃതമായ കാലം മുതൽ രചനകളിലൂടെ സജീവ സാന്നിധ്യമാണ് വേണുനമ്പ്യാർ. ആക്ഷേപഹാസ്യം നിറഞ്ഞ കവിതാമാതൃകകൾ മലയാള കവിതയുടെ ചരിത്രത്തിൽ തന്നെ പൊതുവിൽ വിരളമാണ്. അതാവശ്യപ്പെടുന്ന സാമൂഹിക ബോധവും ആഴമേറിയ പദപ്രയോഗങ്ങളുമാകാം പ്രധാന കാരണം. വേണുമ്പ്യാരുടെ കവിത മൂർച്ചയേറിയതാണ്. അത് ഒരേ സമയം കുഞ്ചൻ നമ്പ്യാരിൽനിന്നും അയ്യപ്പപണിക്കരിൽ നിന്നും മറ്റും അതിന്റെ ഊർജം കണ്ടെത്തുന്നു. കാല്പനികമായ ലോകത്തിനു പകരം അവിടെ ന്യൂനോക്തിയുടെയും വക്രോക്തിയുടെയും നിയമങ്ങളാണ് കൂടുതൽ." ഒരിക്കൽ കൂടി നന്ദി അറിയിച്ചു കൊണ്ട് തൽക്കാലം നിർത്തുന്നു.
Sarasan Nambiar 2023-12-24 14:55:40
ഏതോ രസികൻ ഒരിക്കൽ പറയുകയും എഴുതുകയും ചെയ്തു അമേരിക്കൻ മലയാളി എഴുത്തുകാർ എല്ലാവരും കിഴവന്മാരാണെന്നു. അതുകൊണ്ടായിരിക്കും ആദരണീയ, അഭിവന്ദ്യ, ബഹുമാനപ്പെട്ട , (ശ്രീ, ശ്രീമതി ഒക്കെ ധാരാളമാണ് എന്നിരിക്കെ) എന്നീ പദങ്ങൾ നാട്ടിലെ എഴുത്തുകാർ നിർലോപം ഉപയോഗിക്കുന്നത്. ഇതൊരു ഫലിതമാക്കി ശ്രീ വേണു നമ്പ്യാർ ഒരു കവിത കാച്ചട്ടെ. കുഞ്ചൻ നമ്പ്യാരുടെ ഒരു കവിത ശ്രദ്ധിക്കുക എഴുപത്തിയെട്ടു വയസ്സ് തികഞ്ഞൊരു കിഴവ ബ്രാഹ്മണൻ ഇതാ പോകുന്നു ചുട്ടു പഴുത്ത കഷണ്ടി തലയിൽ ഒരു പിടി നെല്ലാൽ ,മലര് പൊരിക്കാം.
വേണുനമ്പ്യാർ 2023-12-24 15:55:24
ശ്രീ സരസൻ നമ്പ്യാരോട് സരസമായി ഞാനും യോജിക്കുന്നു. അഭിസംബോധനയുടെ കാര്യത്തിൽ ശ്രീ, ശ്രീമതി എന്നൊക്കെ ധാരാളം. എന്നാൽ ഒരു വ്യക്തിയോട് കൂടുതൽ ബഹുമാനവും ആദരവും തോന്നുന്ന സന്ദർഭങ്ങളിൽ ആദരണീയനായ എന്ന ഭാഷാ പ്രയോഗം അസ്ഥാനത്താകില്ലെന്ന് കരുതട്ടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക